യൂറോപ്പിലും മദ്ധ്യേഷ്യയിലും ലക്ഷക്കണക്കിന് കുട്ടികൾ ശിശുസംരക്ഷണകേന്ദ്രങ്ങളിൽ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യൂറോപ്യൻ രാജ്യങ്ങളിലും മദ്ധ്യേഷ്യയിലും നിന്നുള്ള അഞ്ചുലക്ഷത്തോളം കുട്ടികൾ ശിശുസംരക്ഷണകേന്ദ്രങ്ങളിലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യൂണിസെഫ് ജനുവരി 18 വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. ആഗോളശരാശരിയുടെ ഏതാണ്ട് ഇരട്ടിയോളമാണ് ഈ നിരക്കെന്ന് യൂണിസെഫ് വ്യക്തമാക്കി. ആഗോളതലത്തിൽ ഒരു ലക്ഷം കുട്ടികളിൽ 105 പേർ ശിശുസംരക്ഷണകേന്ദ്രങ്ങളിലാണെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലും മദ്ധ്യേഷ്യയിലും ഒരു ലക്ഷത്തിൽ 232 കുട്ടികളും ഇതുപോലെയുള്ള കേന്ദ്രങ്ങളിലാണ് വളരുന്നതെന്ന് ശിശുക്ഷേമനിധി വിശദീകരിച്ചു.
2017-ലെ കണക്കുകൾ പ്രകാരം ഇറ്റലിയിൽ ഒരു ലക്ഷം കുട്ടികളിൽ 130 പേർ ശിശുസംരക്ഷണകേന്ദ്രങ്ങളിലാണ് വളരുന്നത്. അതേസമയം വളർത്തുകുടുംബങ്ങൾക്ക് ഏൽപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണം ലക്ഷത്തിൽ 144 എന്ന തോതിലായിരുന്നു.
പടിഞ്ഞാറൻ യൂറോപ്പിലാണ് ഏറ്റവും കൂടുതൽ ശതമാനം കുട്ടികൾ ശിശുസംരക്ഷണകേന്ദ്രങ്ങളിലുള്ളത്. ഒരു ലക്ഷത്തിൽ ഏതാണ്ട് 294 കുട്ടികൾ ഇതുപോലെയുള്ള ഇടങ്ങളിലാണ് വളരുന്നത്. ഇവരിൽ നല്ലൊരു ശതമാനവും ഭിന്നശേഷിക്കാരായ കുട്ടികളാണ്. 2015 മുതൽ 2021 വരെയുള്ള കണക്കുകൾ പ്രകാരം, ശിശുസംരക്ഷണകേന്ദ്രങ്ങളിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ശതമാനത്തിൽ വർദ്ധനവുണ്ടായതായും യൂണിസെഫ് വ്യക്തമാക്കി.
ജനുവരി 18-ന് യൂണിസെഫ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിലാണ് യൂറോപ്പിലും മദ്ധ്യേഷ്യയിലും നിന്നുള്ള ഏതാണ്ട് അഞ്ചുലക്ഷത്തോളം കുട്ടികൾ ശിശുസംരക്ഷണകേന്ദ്രങ്ങളിലാണ് വളരുന്നതെന്ന് അറിയിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികൾ സമൂഹത്തിൽ പിന്നോക്കം പോയെന്നും, ഈയൊരു ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും യൂറോപ്പിലേക്കും മദ്ധ്യേഷ്യയിലേക്കുമുള്ള യൂണിസെഫിന്റെ പ്രാദേശികവിഭാഗം ഡയറക്ടർ റെജീന ദേ ദൊമിനിച്ചിസ് പ്രസ്‌താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: