നിരവധി ആളുകളുടെ ജീവനെടുത്ത് നൈജീരിയയിൽ ബോക്കോ ഹറാം ഇസ്ലാമിക് സ്റ്റേറ്റ് പോരാട്ടം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നൈജീരിയയിൽ കാമറൂൺ, നൈജീരിയ അതിർത്തിക്കടുത്ത് ചാഡ് തടാകത്തിനരികിൽ കഴിഞ്ഞ ദിവസമുണ്ടായ അതിരൂക്ഷമായ പോരാട്ടത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടതായി ഫീദെസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ബോക്കോ ഹറാം ബുദുമാ വിഭാഗത്തിന്റെ തലവൻ അബൂ ഹുറയ്റയുടെ ക്യാമ്പിനുനേരെ ഏഴ് തോണികളിലെത്തിയ ഇസ്ലാമിക സ്റ്റേറ്റിന്റെ പടിഞ്ഞാറൻ ആഫ്രിക്കൻ പ്രവിശ്യയിലെ ആളുകൾ ആക്രമണം നടത്തിയതോടെയാണ് ഏതാണ്ട് ഒരു മണിക്കൂർ നീണ്ടുനിന്ന പോരാട്ടം ആരംഭിച്ചത്. കുക്കാവയിലുള്ള കാണ്ഡഹാർ, കഡുന റുവ ദ്വീപുകളിലാണ് ആക്രമണം നടന്നത്.
ഇരുവിഭാഗങ്ങളിലും നിരവധി ആളുകൾ കൊല്ലപ്പെട്ടതായി ഫീദെസ് വാർത്താ ഏജൻസി അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തകരാണ് കൊല്ലപ്പെട്ടവരിൽ അധികവും. ആക്രമണം അഴിച്ചുവിട്ട ഇസ്ലാമിക് സ്റ്റേറ്റ് പോരാളികൾ എത്തിയ എഴു തോണികളിൽ രണ്ടെണ്ണം മാത്രമാണ് തിരികെപ്പോയത്.
2015-ലാണ് ഇസ്ലാമിക സ്റ്റേറ്റിന്റെ പടിഞ്ഞാറൻ ആഫ്രിക്കൻ പ്രവിശ്യ ജന്മമെടുത്തത്. ബോക്കോ ഹറാമിന്റെ നേതാവ് അബൂബക്കർ ഷെകാവു ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിക്കുകയും, ബോക്കോ ഹറാമെന്ന പേര് മാറ്റി, ഇസ്ലാമിക സ്റ്റേറ്റിന്റെ പടിഞ്ഞാറൻ ആഫ്രിക്കൻ പ്രവിശ്യ എന്ന പേര് സ്വീകരിക്കുകയുമാണ് ചെയ്‌തത്. പിന്നീടുണ്ടായ വിവിധ പ്രശ്‌നങ്ങളാൽ ഷെകാവു സംഘടനയുടെ നേതൃത്വത്തിൽ നിന്ന് പുറത്താക്കപ്പെടുകയും അദ്ദേഹം തന്നോട് ചേർന്ന് നിന്നവർക്കൊപ്പം ബോക്കോ ഹറാം പുനരുജ്ജീവിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇരുസംഘങ്ങളുമായുണ്ടായ പോരാട്ടത്തിനിടെ 2021-ൽ ഷെകാവു സ്ഫോടകവസ്തുക്കൾ നിറച്ച വസ്ത്രമുപയോഗിച്ച് ആത്മഹത്യ ചെയ്തിരുന്നു.
സിറിയയിലും ഇറാഖിലുമുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് നൈജീരിയയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ബോർണോയിൽ നാല് ഖലീഫാത്തുകൾ സൃഷ്ടിച്ചിരുന്നു. ചാഡ് തടാകത്തിന് അടുത്തുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ഉറപ്പാക്കുകയായിരുന്നു ഇതുവഴി അവർ ലക്ഷ്യമിട്ടത്.
നാളുകളായി ചാഡ് തടാകതീരം, ഇസ്ലാമിക് സ്‌റ്റേറ്റും ബോക്കോ ഹറാമും തമ്മിലുള്ള പോരാട്ടത്തിന്റെ ഇടമായി മാറിയിരുന്നു. ഇതുവഴി നൈജീരിയയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും, കാമറോണിന്റെ തെക്കൻ പ്രദേശങ്ങളിലും ഇരുകൂട്ടരും തമ്മിലുള്ള സംഘർഷങ്ങളുടെ ദുർഫലങ്ങൾ എത്തിയിരുന്നു.
ജനുവരി 13-ന് നാൽപ്പത്തിയേഴാമത് പ്ലീനറി അസംബ്ലിയുടെ അവസാനത്തിൽ, കാമറൂൺ മെത്രാൻ സമിതി, ബോക്കോ ഹറാമിന്റെ പ്രവൃത്തികളെ അപലപിച്ചിരുന്നു. മേഖലയിൽ തീവ്രവാദപ്രവർത്തകരുടെ അതിക്രമങ്ങൾ മൂലം മൂന്ന് ലക്ഷത്തിലധികം കാമറൂൺ പൗരന്മാർക്ക് സ്വഭവനങ്ങൾ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: