തിരയുക

തട്ടിക്കൊണ്ടുപോയ കുടിയേറ്റക്കാരുടെ അവസ്ഥയെക്കുറിച്ച് മെക്സിക്കോയുടെ പ്രതിരോധ മന്ത്രി മാധ്യമങ്ങളോട് വിശദീകരിക്കുന്നു. തട്ടിക്കൊണ്ടുപോയ കുടിയേറ്റക്കാരുടെ അവസ്ഥയെക്കുറിച്ച് മെക്സിക്കോയുടെ പ്രതിരോധ മന്ത്രി മാധ്യമങ്ങളോട് വിശദീകരിക്കുന്നു. 

മെക്സിക്കോയിൽ തട്ടിക്കൊണ്ടുപോയ കുടിയേറ്റക്കാരെ മോചിപ്പിച്ചു

മെക്സിക്കോയിൽ വാരാന്ത്യത്തിൽ ബസ് റാഞ്ചി തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ 31 കുടിയേറ്റക്കാരെ മെക്സിക്ക൯ അധികൃതർ രക്ഷപ്പെടുത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

തമൗലിപാസ് സംസ്ഥാനത്തെ അതിർത്തി നഗരങ്ങളായ റെയ്നോസയ്ക്കും മാറ്റാമോറോസിനും ഇടയിലുള്ള ഹൈവേയിൽ ശനിയാഴ്ചയാണ് ആയുധധാരികൾ കുടിയേറ്റക്കാരുടെ ഒരു ബസ്സ് തട്ടികൊണ്ടു പോയത്.  മുപ്പത്തിയാറ് പേരെ ബലമായി പുറത്തിറക്കിയ ശേഷം അവരിൽ മുപ്പത്തൊന്ന് പേരെ തോക്ക് ചൂണ്ടി കാത്തുകിടന്ന അഞ്ച് കാറുകളിലേക്ക് വലിച്ചിഴച്ചു.

വെനിസ്വേല, കൊളംബിയ, ഹോണ്ടുറാസ്, ഇക്വഡോർ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. മെക്സിക്കൻ സർക്കാർ 650 പോലീസുകാരും സൈനികരും നാഷണൽ ഗാർഡും ഉൾപ്പെടുത്തി വിപുലമായ തിരച്ചിലും, രക്ഷാപ്രവർത്തനവും ആരംഭിച്ചു. ഡ്രോണുകൾ, തിരച്ചിലിൽ പ്രാവീണ്യം നേടിയ നായ്ക്കൾ, സെല്ലുലാർ ഫോണുകളിലൂടെയുള്ള ആശയവിനിമയ വിദഗ്ധർ തുടങ്ങിയവരും മറ്റു നിരീക്ഷണ ഉപകരണങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ ശക്തമാക്കിയത്.

കുടിയേറ്റക്കാരെ എങ്ങനെയാണ് രക്ഷപ്പെടുത്തിയതെന്ന് പറഞ്ഞില്ല, എങ്കിലും, ഇത്തരമൊരു സമഗ്രമായ ഒരന്വേഷണത്തിന്റെ അതിവേഗതയുടെ മുന്നിൽ തട്ടിക്കൊണ്ടുപോയവർ ഓടിരക്ഷപ്പെട്ടതായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പരവശരായ ബന്ധുക്കളിൽ നിന്ന് മോചനദ്രവ്യം തട്ടിയെടുക്കാനുള്ള അവരുടെ പദ്ധതിയാണ് പരാജയപ്പെട്ടത്.

തിങ്കളാഴ്ച മറ്റാമൊറോസിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസ് തോക്കുധാരികൾ തടഞ്ഞുനിർത്തി അഞ്ച് പേരെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് നാഷണൽ ഗാർഡ് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഗൾഫ് മയക്കുമരുന്ന് സംഘത്തിന്റെ രണ്ട് എതിരാളി വിഭാഗങ്ങൾ ഇപ്പോൾ ഈ പ്രശ്നബാധിത മേഖലയിലുടനീളം കളം പിടിക്കാനുള്ള യുദ്ധത്തിലാണ്. 2019 ൽ ഈ മേഖലയിൽ ഒരു ബസിൽ നിന്ന് 22 പേരെ പിടികൂടിയിരുന്നു. പിന്നീടൊരിക്കലും അവരെ കണ്ടുകിട്ടിയില്ല. ഒമ്പത് വർഷം മുമ്പ്, സെറ്റാസ് മയക്കുമരുന്ന് സംഘത്തിനുവേണ്ടി പ്രവർത്തിക്കാൻ വിസമ്മതിച്ചതിന് എഴുപത്തിരണ്ട് മധ്യ, തെക്കേ അമേരിക്കൻ കുടിയേറ്റക്കാർ കൂട്ടക്കൊല ചെയ്യപ്പെട്ടിട്ടുണ്ട്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 January 2024, 14:01