തിരയുക

സങ്കീർത്തനചിന്തകൾ - 56 സങ്കീർത്തനചിന്തകൾ - 56 

പീഡിതന്റെ ശരണമായ ദൈവം

വചനവീഥി: അൻപത്തിയാറാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അൻപത്തിയാറാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗത്തിൽവച്ച് ഫിലിസ്ത്യർ തന്നെ പിടികൂടിയപ്പോൾ ദാവീദ് ആലപിച്ച ഗീതമാണിതെന്നും വിദൂരതയിലെ മിണ്ടാപ്രാവ് എന്ന രാഗത്തിൽ ആണ് ഇത് എഴുതപ്പെട്ടത് എന്നും അൻപത്തിയാറാം സങ്കീർത്തനത്തിന്റെ തലക്കെട്ട് വ്യക്തമാക്കുന്നു. സാവൂളിൽനിന്ന് ഒളിച്ചോടി, ദാവീദ് ഗത്തിലെ രാജാവായ അക്കീഷിന്റെ അടുത്തെത്തുന്ന സംഭവം ഒന്ന് സാമുവേൽ ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നുണ്ട് (1 സാമുവേൽ 10-15). ദുരിതങ്ങളുടെയും ദുഃഖത്തിന്റെയും ആഴക്കടലിൽ ആണ്ടുപോയ മനുഷ്യർക്ക് ഉറപ്പുള്ള ഏക ആശ്രയം ദൈവമാണെന്ന് ഓർമ്മിപ്പിക്കുന്ന ദാവീദിന്റെ കീർത്തനമാണ് അൻപത്തിയാറാം സങ്കീർത്തനം.  തന്നിൽ അഭയം തേടുന്നവരുടെ കണ്ണീരൊപ്പുകയും അവർക്ക് സംരക്ഷണമേകുകയും ചെയ്യുന്ന കാരുണ്യവാനാണ് ഇസ്രയേലിന്റെ ദൈവം. "എന്റെ കണ്ണീർക്കണങ്ങൾ അങ്ങ് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട് അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ" എന്ന സങ്കീർത്തനവാക്യങ്ങൾ വിശുദ്ധഗ്രന്ഥത്തിൽ ദൈവം മനുഷ്യന് നൽകുന്ന കരുതൽ ഏറെ മനോഹരമായി വർണ്ണിക്കുന്ന വാക്കുകളാണ്. ദൈവത്തിൽ അഭയം തേടുകയും അവന്റെ അനുഗ്രഹങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന വിശ്വാസിക്ക്,  ദൈവസ്നേഹവും കരുണയും ലോകത്തോട് പ്രകീർത്തിക്കാനും ദൈവത്തിന് കൃതജ്ഞതയുടെ ബലികൾ അർപ്പിക്കാനും കടമയുണ്ട് എന്നുകൂടി സങ്കീർത്തകൻ ഇവിടെ ഓർമ്മിപ്പിക്കുന്നുണ്ട്. ശാരീരികമായും മാനസികമായും തളർന്നിരിക്കുമ്പോഴും ദൈവത്തിലുള്ള വിശ്വാസം ദാവീദ് കൈവെടിയുന്നില്ല എന്നത് ഓരോ വിശ്വസിക്കുമുള്ള ഒരോർമ്മപ്പെടുത്തലായി നിൽക്കുന്നതും നമുക്ക് കാണാം.

ശത്രുക്കളുടെ പീഡനവും ദൈവത്തിലുള്ള വിശ്വാസവും

തന്റെ ജീവിതത്തെ ചവിട്ടിമെതിക്കുന്ന മനുഷ്യരുടെയും,  തന്നെ പീഡിപ്പിക്കുന്ന ശത്രുക്കളുടെയും മുന്നിൽ ദൈവത്തോട് തന്റെ മേൽ കരുണയായിരിക്കണമേയെന്ന പ്രാർത്ഥനയോടെയാണ് ദാവീദ് സങ്കീർത്തനം ആരംഭിക്കുന്നത്. ദിവസം മുഴുവൻ ശത്രുക്കൾ തന്നെ ചവിട്ടി മെതിക്കുന്നുവെന്ന് അവൻ കർത്താവിനോട് പരാതി പറയുന്നു. അഹങ്കാരത്തോടെയാണ് അവർ തന്നോട് യുദ്ധം ചെയ്യുന്നത്. ഫിലിസ്ത്യരും സാവൂളിന്റെ സേവകരും തനിക്ക് പിന്നാലെയുണ്ടെന്ന ദാവീദിന്റെ ഭയമാണ് ഈ വാക്യങ്ങളിൽ വെളിവാകുന്നത്. മനുഷ്യരുടെ അതിക്രമങ്ങൾക്കും ശക്തിക്കും അവ തന്നിൽ ഉളവാക്കുന്ന ഭയത്തിനും മുന്നിൽ ദൈവത്തിന്റെ കരുണയിലും ശക്തിയിലും ദാവീദ് അഭയം തേടുന്നു.  "ഭയമുണ്ടാകുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കും. ആരുടെ വചനത്തെ ഞാൻ പ്രകീർത്തിക്കുന്നുവോ, ആ ദൈവത്തിൽ നിർഭയനായി ഞാൻ ആശ്രയിക്കുന്നു;  മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?" (സങ്കീ. 56, 3-4) എന്ന സങ്കീർത്തനവാക്യങ്ങൾ ഇതാണ് വെളിവാക്കുന്നത്. ഇസ്രയേലിനുവേണ്ടി അതിശക്തർക്കെതിരെ പോരാടിയ ദാവീദ് ഭയത്തിനിരയായിരിക്കുന്നു. എന്നാൽ ദൈവത്തിലുള്ള തന്റെ വിശ്വാസം ഏറ്റുപറയുന്നതിലൂടെ അവൻ തന്റെ ജീവിതം തന്നെ ദൈവത്തിൽ അർപ്പിക്കുകയാണ്. വെളിവാക്കപ്പെട്ട വചനത്തെ അവൻ പ്രകീർത്തിക്കുന്നു. പീഡനങ്ങളുടെയും പ്രതികൂലസാഹചര്യങ്ങളുടെയും മുന്നിൽ ദൈവവിശ്വാസം ഏറ്റുപറയുന്നതിൽ മടി കാണിക്കരുതെന്ന ഒരു സന്ദേശവും ഈ സങ്കീർത്തനവാക്യങ്ങളിൽ നമുക്ക് കാണാം. ദൈവം തുണയായി കൂടെയുണ്ടെങ്കിൽ മനുഷ്യരെ ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് സങ്കീർത്തനം ഉറപ്പുനൽകുന്നു.

ശത്രുക്കൾക്കെതിരായ പ്രാർത്ഥന

സങ്കീർത്തനത്തിന്റെ അഞ്ചുമുതലുള്ള വാക്യങ്ങളിൽ ശത്രുക്കൾ മൂലം താൻ അകപ്പെട്ടിരിക്കുന്ന വിഷമാവസ്ഥ ദൈവത്തിന് മുൻപിൽ അവതരിപ്പിക്കുന്ന ദാവീദിനെയാണ് നാം കാണുക. "ദിവസം മുഴുവനും അവർ എന്നെ ദ്രോഹിക്കാൻ നോക്കുന്നു; അവരുടെ ചിന്തകളത്രയും എങ്ങനെ എന്നെ ഉപദ്രവിക്കാമെന്നാണ്.. അവർ കൂട്ടം കൂടി പതിയിരിക്കുന്നു; അവർ എന്റെ പ്രാണനുവേണ്ടി പതിയിരുന്ന് എന്റെ കാലടികളെ നിരീക്ഷിക്കുന്നു" (സങ്കീ. 56, 5-6). അതിശക്തമായ ആക്രമണോത്സുകതയോടെയാണ് ശത്രുക്കൾ അവനെതിരെ തിരിഞ്ഞിരിക്കുന്നത്. അവന്റെ ഒരു തെറ്റായ കാൽവയ്പ്പിനായാണ് അവർ കാത്തിരിക്കുന്നത്. അവന്റെ പ്രാണനെടുക്കാൻ തക്കവിധം അവർ അവനെതിരായി തിരിഞ്ഞിരിക്കുന്നു. ഇത്തരമൊരു പ്രതിസന്ധിയിൽ ദാവീദ് തന്റെ ശത്രുക്കൾക്കെതിരായി ദൈവത്തോട് പ്രാർത്ഥിക്കുന്നു: "അവരുടെ അകൃത്യത്തിന് തക്ക പ്രതിഫലം നൽകണമേ! ദൈവമേ, ക്രോധത്തോടെ ജനതകളെ തകർക്കണമേ!" (സങ്കീ. 56, 7).  ദൈവത്തിന്റെ നീതിക്കനുസരിച്ചുള്ള പ്രതികാരമാണ് തന്റെ ശത്രുക്കൾക്കെതിരായി ദാവീദ് പ്രാർത്ഥിക്കുന്നത്.

ദാവീദിനോടുള്ള ദൈവത്തിന്റെ കരുതൽ

സങ്കീർത്തനത്തിന്റെ എട്ടും ഒൻപതും വാക്യങ്ങളിൽ ദൈവത്തിന് തന്നോടുള്ള സ്നേഹവും കരുതലും ഏറെ മനോഹരമായി ദാവീദ് വർണ്ണിക്കുന്നുണ്ട്. "അവിടുന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്; എന്റെ കണ്ണീർക്കണങ്ങൾ അങ്ങ് കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ. ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശത്രുക്കൾ പിന്തിരിയും; ദൈവം എന്റെ പക്ഷത്താണെന്നു ഞാനറിയുന്നു" (sankee. 56, 8-9). സാവൂളിൽനിന്ന് രക്ഷപ്പെട്ടോടിയ ദാവീദ് തന്റെ ഏകാന്തതയിലും ദുരിതങ്ങൾക്കിടയിലും ദൈവത്തിന്റെ കാരുണ്യം മറക്കുന്നില്ല. ദൈവം തന്നെ കരുതുന്നുണ്ടെന്ന ചിന്ത അവനിൽ ആശ്വാസം നിറയ്‌ക്കുന്നുണ്ട്. ദൈവം തന്റെ ഭക്തന്റെ കണ്ണീർക്കങ്ങൾ അമൂല്യമായി കണക്കാക്കുകയും  അവനനുഭവിക്കുന്ന ദുരിതങ്ങളുടെ കണക്കു സൂക്ഷിക്കുകയും ചെയ്യുന്നു. കുപ്പിയിൽ ശേഖരിക്കപ്പെടുന്ന കണ്ണീർക്കങ്ങൾ എന്നത്,  പഴയനിയമത്തിൽ മറ്റെങ്ങുമില്ലാത്ത ഒരു ചിന്തയാണ്. അവന്റെ സഹനങ്ങൾ ദൈവത്തിന്റെ ദൃഷ്ടിയിൽ മറഞ്ഞിരിക്കുന്നില്ല. ദുരവസ്ഥകളിലും ദുരിതങ്ങളിലും ദൈവം മനുഷ്യനെ കൈവിടുന്നില്ല. ദൈവം തന്റെ പക്ഷത്താണെന്ന ബോധ്യമാണ് ദാവീദിന് ധൈര്യമേകുന്നത്. ശത്രു എത്രമാത്രം ശക്തനുമായിക്കൊള്ളട്ടെ,  തന്റെ വിശ്വാസിയുടെ പ്രാർത്ഥനകൾ ശ്രവിക്കുന്ന, അവനായി മുന്നോട്ടിറങ്ങുന്ന ഒരു ദൈവം ഒപ്പമുണ്ടെങ്കിൽ നാമെന്തിന് ഭയപ്പെടണമെന്ന ഒരു ചോദ്യം ഈ വാക്യങ്ങൾ നമുക്ക് മുന്നിൽ ഉയർത്തുന്നുണ്ട്.

ദൈവവിശ്വാസം പ്രഘോഷിക്കപ്പെടണം

സങ്കീർത്തനത്തിന്റെ പത്തും പതിനൊന്നും വാക്യങ്ങൾ മൂന്നും നാലും വാക്യങ്ങളുടെ ഏതാണ്ടൊരു ആവർത്തനമാണ്. ദൈവത്തിലും അവന്റെ വചനത്തിലുമുള്ള വിശ്വാസം സങ്കീർത്തകൻ ഒരിക്കൽക്കൂടി ഏറ്റുപറയുന്നതാണ് ഇവിടെ നാം കാണുന്നത്. ദൈവം തന്നോടൊപ്പമുണ്ടെങ്കിൽ, തന്റെ ശത്രുക്കളായ മറ്റു മനുഷ്യർക്ക് തന്നോട് എന്ത് ചെയ്യാൻ സാധിക്കും എന്ന ഒരു വെല്ലുവിളിയാണ് ദാവീദ് നടത്തുന്നത് (സങ്കീ. 56, 10-11). തന്റെ കഷ്ടതയിൽ തനിക്ക് അഭയമേകിയ ദൈവത്തോട് താനേറ്റ നേർച്ചകൾ നിറവേറ്റുമെന്നും,  തന്റെ ദൈവത്തിനായി കൃതജ്ഞതയുടെ ബലി അർപ്പിക്കുമെന്നും വാഗ്ദാനം ചെയ്യുന്ന ദാവീദിനെയാണ് പന്ത്രണ്ടാം വാക്യത്തിൽ നാം കാണുക. ദൈവമേകുന്ന അനുഗ്രഹങ്ങൾക്കും,  ജീവിതത്തിൽ ഒരുവൻ അനുഭവിക്കുന്ന ദൈവസാന്നിധ്യത്തിനും നന്ദിയോടെ ജീവിക്കാൻ ഈ സങ്കീർത്തനവാക്യങ്ങൾ ആഹ്വാനം ചെയ്യുന്നുണ്ട്.

"ഞാൻ ദൈവസന്നിധിയിൽ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന് അവിടുന്ന് എന്റെ ജീവനെ മരണത്തിൽനിന്നും, എന്റെ പാദങ്ങളെ വീഴ്‌ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു" (സങ്കീ. 56, 13) എന്ന വാക്കുകളോടെയാണ് ദാവീദ് സങ്കീർത്തനം അവസാനിപ്പിക്കുന്നത്. സാവൂളിൽനിന്ന് രക്ഷപെടാനായുള്ള ദാവീദിന്റെ പലായനത്തിൽ ദൈവമാണ് ദാവീദിന് രക്ഷയേകുന്നത്. ദാവീദിന്റെ പ്രാണനെടുക്കാനായി ശത്രുക്കൾ അവന്റെ കാലടികളെ നിരീക്ഷിച്ചിരുന്ന ഒരു സാഹചര്യത്തിൽ വീഴ്‌ചയിലകപ്പെടാതെ അവനെ കാത്തത് ദൈവമാണെന്ന ബോധ്യം ദാവീദിനുണ്ട്. താനേകുന്ന ജീവന്റെ പ്രകാശത്തിൽ സഞ്ചരിക്കാനായാണ് ദൈവം തന്റെ വിശ്വാസിയുടെ ജീവനെ കാക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

ദൈവത്തിൽ ചരിക്കുവാനാഗ്രഹിക്കുന്ന,  നന്മയുടെ പാതയിൽ മുന്നേറുന്ന വിശ്വാസികളായ മനുഷ്യർക്കെതിരെ,  കെണിയൊരുക്കി കാത്തിരിക്കുന്ന ശത്രുവിൽനിന്ന് ദൂരെയകന്ന് ജീവിതവും ജീവനും ദൈവത്തിന്റെ കരുണയിലർപ്പിച്ച് ജീവിക്കുവാൻ ആഹ്വാനം ചെയ്യുന്ന മനോഹരമായ ഒരു ഗീതമാണ് അൻപത്തിയാറാം സങ്കീർത്തനം. ദൈവത്തോട് ചേർന്ന് നിൽക്കുന്ന മനുഷ്യർ ദൈവത്തിന് പ്രിയങ്കരരാണെന്ന്,  അവരുടെ കണ്ണീരും സഹനവും അവൻ മറന്നുപോകുന്നില്ലെന്ന് ദാവീദ് തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ നമുക്ക് ഉറപ്പുനൽകുന്നുണ്ട്.  എത്രയേറെ ശക്തമായ പ്രതികൂലസാഹചര്യങ്ങളിലും ദൈവത്തിലുള്ള വിശ്വാസം കൈവെടിയാതിരിക്കാൻ,  നിഷ്കളങ്കതയോടെയും, ശരണത്തോടെയും ദൈവത്തിന്റെ പാതയിൽ, ജീവന്റെ പ്രകാശത്തിൽ സഞ്ചരിക്കാൻ നമുക്കും ശ്രമിക്കാം. ജീവിതം ദൈവത്തിനുള്ള കൃതജ്ഞതയുടെ ബലിയായി മാറ്റാം. ഏതൊരു അവസ്ഥകളിലും സാഹചര്യങ്ങളിലും,  എല്ലായിടങ്ങളിലും ദൈവനാമത്തെ മഹത്വപ്പെടുത്തുകയും ദൈവനീതിയിൽ അഭയം തേടുകയും ചെയ്യാം. അടിയുറച്ച വിശ്വാസത്തോടെ ദൈവസാന്നിധ്യത്തിൽ, നന്ദി നിറഞ്ഞ ഹൃദയത്തോടെ ജീവിക്കാം. എല്ലാ വിപത്തുകളിലും നിന്ന് ദൈവകരങ്ങൾ നമ്മെ സംരക്ഷിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2024, 16:07