തെക്കുകിഴക്കൻ ആഫ്രിക്കയിൽ മരണം വിതച്ച് കോളറ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തെക്കുകിഴക്കൻ ആഫ്രിക്കയിലെ പതിമൂന്ന് രാജ്യങ്ങളിലായി 2023 ആരംഭം മുതൽ 2024 ജനുവരി 15 വരെയുള്ള കണക്കുകൾ പ്രകാരം മൂവായിരത്തിലധികം ആളുകൾ കോളറ മൂലം മരണമടഞ്ഞുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. 2023 ആരംഭം മുതൽ ഇതുവരെ ഈ രാജ്യങ്ങളിൽ രണ്ടു ലക്ഷത്തിലധികം പേർക്ക് കോളറ പിടിപെട്ടതായും യൂണിസെഫ് അറിയിച്ചു.
സാംബിയയിൽ മാത്രം 2023 ഒക്ടോബർ മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഒൻപതിനായിരത്തി അഞ്ഞൂറിലധികം കോളറ ബാധകളാണ്. ഈ കാലയളവിൽ രാജ്യത്ത് 347 പേരാണ് കോളറ മൂലം മരണമടഞ്ഞത്. രോഗബാധിതരിൽ അൻപത്തിരണ്ട് ശതമാനവും പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ്. ലുസാക്ക ജില്ലയിലാണ് ഏറ്റവുമധികം കോളറ രോഗബാധിതരുള്ളത്.
സിംബാവേയിലെ പത്തു പ്രവിശ്യകളിലായി, കഴിഞ്ഞ ഫെബ്രുവരി മുതലുള്ള കണക്കുകൾ പ്രകാരം പതിനെണ്ണായിരം കോളറ രോഗികളാണ് ചികിത്സ തേടിയത്. ഇവരിൽ 71 പേർ കോളറ മൂലം മരണമടഞ്ഞു. മറ്റു 300 പേരുടെ മരണം കോളറ മൂലമെന്ന് സംശയിക്കുന്നു. സിംബാവേയിലെ കോളറ രോഗബാധിതരിൽ ആറിലൊന്ന് പേർ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളാണ്.
തെക്കുകിഴക്കൻ ആഫ്രിക്കയിലെ കുട്ടികളുടെ ആരോഗ്യരംഗത്ത് കോളറ പ്രധാനപ്പെട്ട ഭീഷണികളിൽ ഒന്നായി തുടരുകയാണെന്നും എന്നാൽ ഇവിടുത്തെ ആരോഗ്യപ്രതിസന്ധിയുടെ മുന്നിൽ സർക്കാരുകൾ ഫലപ്രദമായ നടപടികൾ എടുക്കുന്നുണ്ടെന്നും യൂണിസെഫ് പ്രാദേശിക ഡയറക്ടർ എത്ലേവ കാദില്ലി പ്രസ്താവിച്ചു. അതേസമയം, ആരോഗ്യരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോളറയുടെ മൂലകാരണങ്ങൾ കണ്ടെത്തി അവ ഇല്ലാതാക്കണമെന്നും കൂടുതൽ ശുദ്ധജലസൗകര്യങ്ങൾ ലഭ്യമാക്കണമെന്നും എത്ലേവ കൂട്ടിച്ചേർത്തു.
സിംബാവെയിൽ മാത്രം കുട്ടികൾ ഉൾപ്പെടെ ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകൾക്ക് യൂണിസെഫും മറ്റു സംഘടനകളും ചേർന്ന് ശുദ്ധജലം എത്തിച്ചതായും, കോളറ ചികിത്സയ്ക്കായി അൻപതിലധികം കേന്ദ്രങ്ങൾ തുറന്നതായും യൂണിസെഫ് അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: