ഉക്രൈനുനേരെ വീണ്ടും ആക്രമണം: രണ്ടു കുട്ടികൾ കൂടി കൊല്ലപ്പെട്ടുവെന്ന് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ ദിവസങ്ങളിൽ ഉക്രൈന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളിൽ രണ്ടു കുട്ടികൾകൂടി കൊല്ലപ്പെട്ടെന്നും പതിനഞ്ചുപേർക്ക് പരിക്കേറ്റെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. യൂണിസെഫ് ഉക്രൈൻ പ്രതിനിധി മുനീർ മമ്മദ്‌സാദേ ജനുവരി 3 ബുധനാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കവച്ചത്. ഉക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം മാത്രം ഏതാണ്ട് 1800 കുട്ടികൾ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, എന്നാൽ ഇതിലേറെ കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ടായിരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ആറു ദിവസങ്ങളിൽ ദ്നിപ്രോ, ലിയോപോളി, ഖാർകിവ്, കിയെവ്, ഒഡെസ തുടങ്ങിയ പ്രദേശങ്ങൾക്കുനേരെ നിരവധി മരണങ്ങൾക്ക് കാരണമായ വിവിധ ആക്രമണങ്ങൾ നടന്നുവെന്നും, നിരവധി കെട്ടിടങ്ങൾ തകർക്കപ്പെട്ടുവെന്നും യൂണിസെഫ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച 8 സ്കൂളുകളും, 10 ആരോഗ്യപരിപാലനകേന്ദ്രങ്ങളും തകർക്കപ്പെട്ടതായി പത്രക്കുറിപ്പ് വിശദീകരിച്ചു.
ഉക്രൈനുനേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽനിന്ന് രക്ഷ നേടാനായി, കുട്ടികൾ, കടുത്ത തണുപ്പിലും, ഭൂഗർഭഅറകളിലും, ഭക്ഷ്യവിതരണകെട്ടിടങ്ങളിലും, റയിൽവേ സ്റ്റേഷനുകളിലും അഭയം തേടാൻ നിർബന്ധിതരാകുകയാണെന്ന് യൂണിസെഫ് അറിയിച്ചു. പലപ്പോഴും -20 ഡിഗ്രി സെൽഷ്യസ് വരെ താപനില ഈ ദിവസങ്ങളിൽ താഴാറുണ്ട്. വീടുകൾ തകർക്കപ്പെട്ടതോ, വൈദ്യുതിയും, കുടിവെള്ളവും ഇല്ലാത്ത നിലയിൽ കഴിയേണ്ടിവരുന്നവരുമായ പല കുട്ടികളുടെയും നില വളരെ മോശമാണെന്നും ശിശുക്ഷേമനിധി ഓർമ്മപ്പെടുത്തി.
വരുന്ന ഫെബ്രുവരി മാസത്തോടെ, യുദ്ധം ആരംഭിച്ചിട്ട് രണ്ടു വർഷങ്ങൾ പൂർത്തിയാകുകയാണ്. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ലക്ഷക്കണക്കിന് കുട്ടികൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ അവരുടെ സുരക്ഷിതത്വം വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
യുദ്ധപ്രദേശങ്ങളിൽ നിലനിൽക്കേണ്ട നിയമങ്ങൾ പാലിക്കപ്പെടണമെന്നും, കുട്ടികളും, പൊതുമേഖലാസ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: