ഇസ്രായേൽ പാലസ്തീന സംഘർഷം: ബന്ദികളെ ഉടൻ വിട്ടയക്കണമെന്ന് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗാസ പ്രദേശത്ത് ഇനിയും ബന്ദികളായി കഴിയുന്നവരെ ഉടൻ വിട്ടയക്കണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ കഴിഞ്ഞ ദിവസം എക്സ് സാമൂഹ്യമാധ്യമത്തിൽ (ട്വിറ്റർ) കുറിച്ച സന്ദേശത്തിലൂടെയാണ് ബന്ദികളുടെ മോചനത്തിനായി മുന്നോട്ട് വന്നത്.
ഗാസയിൽ ബന്ദികളായി തുടരേണ്ടിവരുന്ന ആളുകളുടെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം കഠിനമായ വേദനയുടെ നൂറ് ദിനങ്ങളാണ് കടന്നുപോയതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി അധ്യക്ഷ ട്വിറ്ററിൽ കുറിച്ചു.
എല്ലാ ബന്ദികളും, പ്രത്യേകിച്ച് ഇനിയും ബന്ദികളായി കഴിയേണ്ടിവരുന്ന രണ്ട് ഇസ്രായേലി കുട്ടികൾ, വിട്ടയക്കപ്പെടണമെന്ന് കാതറിൻ റസ്സൽ എഴുതി. ഗാസയിലുള്ള എല്ലാ കുട്ടികളും സംരക്ഷിക്കപ്പെടണമെന്നും അക്രമങ്ങൾക്ക് അറുതി വരുത്തണമെന്നും യൂണിസെഫ് അധ്യക്ഷ കൂട്ടിച്ചേർത്തു.
പാലസ്തീന-ഇസ്രായേൽ സംഘർഷങ്ങൾ ആരംഭിച്ചതിന്റെ നൂറ് ദിവസങ്ങൾ പൂർത്തിയായ ജനുവരി 16-നാണ് ശ്രീമതി റസ്സൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: