അമ്പതിനായിരത്തോളം ഉക്രൈൻ കുട്ടികൾക്ക് ശൈത്യകാലാവസ്ത്രങ്ങളെത്തിച്ച് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് ന്യൂസ്
റഷ്യ-ഉക്രൈൻ സംഘർഷവും ഉക്രൈനുനേരെയുള്ള ആക്രമണങ്ങളും തുടരുമ്പോൾ, ഉക്രൈനിലെ കുട്ടികൾക്ക് കൈത്താങ്ങായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യൂണിസെഫ്. തെക്കുകിഴക്കൻ ഉക്രൈനിൽ ഏതാണ്ട് അമ്പതിനായിരത്തോളം കുട്ടികൾക്ക് യൂണിസെഫ് ശൈത്യകാലത്തെ അതിജീവിക്കാനായുള്ള പ്രത്യേകാവസ്ത്രങ്ങൾ എത്തിച്ചു. ഇവരിൽ ഏതാണ്ട് ഇരുപതിനായിരത്തോളം കുട്ടികൾ ഹർകിവ്സ്കാ പ്രദേശത്തുനിന്നുള്ളവരാണ്.
ഉക്രൈനിലെ അതിശക്തമായ തണുപ്പ് കാലം തുടരുമ്പോൾ, യൂണിസെഫ്, അമേരിക്കൻ ഐക്യനാടുകളുടെ സഹായനിധിയുടെ, മാനവിക സഹായത്തിനായുള്ള വിഭാഗത്തിന്റെ സഹായത്തോടെ കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രത്യേകമായി സഹായമെത്തിച്ചുകൊണ്ടിരിക്കുകയാണ്.
യൂണിസെഫ് കഴിഞ്ഞ കുറച്ചുനാളുകളിൽ ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം ശൈത്യകാലാവസ്ത്രങ്ങളും ഒരു ലക്ഷത്തോളം പുതപ്പുകളും നൂറോളം ജനറേറ്ററുകളും ഉക്രൈനിൽ വിതരണം ചെയ്തതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ആശുപത്രികളിലും സ്കൂളുകളിലും, ചൂട്, ജലവിതരണസൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് യൂണിസെഫ് അറിയിച്ചു. ജലവിതരണം ഉറപ്പാക്കാനായി യൂണിസെഫ്, ജനറേറ്ററുകൾ ഉൾപ്പെടെയുള്ള ജലസൗക്യര്യം ഒരുക്കിയിരുന്നു. ദ്നീപ്രൊപെത്രോവ്സ്ക്ക, ദൊണെത്സ്ക്ക, ഹർകിവ്സ്കാ തുടങ്ങി കൂടുതൽ സൗകര്യങ്ങൾ ആവശ്യമുള്ള ഇടങ്ങളിലായാണ് സഹായസഹകരണങ്ങൾ നൽകിവരുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: