റഷ്യൻ അധിനിവേശത്തിനുശേഷം ഡൊണെറ്റ്സ്ക് മേഖലയിൽ നിന്ന് 164,000 കുട്ടികളെ ഒഴിപ്പിച്ചു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
രണ്ട് വർഷം മുമ്പ് ആരംഭിച്ച റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിൽ നിന്ന് 164,000 ലധികം യുക്രേനിയൻ കുട്ടികളെ രാജ്യത്തിന്റെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അംഗ പരിമിതരായ 42,000 പേരുൾപ്പെടെ ഈ മേഖലയിൽ നിന്ന് ഒഴിപ്പിച്ച മൊത്തം പൗരന്മാരുടെ എണ്ണം 1.3 ദശലക്ഷം കവിഞ്ഞു. ഈ ശ്രമങ്ങൾക്കിടയിലും, 70,000 ത്തിലധികം പേർ നിലവിൽ യുദ്ധമുൻനിരകൾക്ക് സമീപമുള്ളയിടങ്ങളിലാണ് വസിക്കുന്നത്. ഡൊണെസ്ക് മേഖലയിലെ യുക്രേനിയൻ നിയന്ത്രണത്തിലുള്ള ഭാഗത്തെ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. സംഘർഷം വർദ്ധിക്കുന്നതിന് മുമ്പുള്ള 1.9 ദശലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോൾ അവിടെ ഏകദേശം 523,600 നിവാസികളാണുള്ളത്.
കിഴക്ക൯ യുക്രെയ്നിൽ റഷ്യ൯ ആക്രമണം രൂക്ഷം
കിഴക്കൻ യുക്രെയ്നിൽ പ്രത്യേകിച്ച് അവ്ദിവ്ക റഷ്യയുടെ കൈകളിൽ നിപതിച്ചതിനുശേഷം, മോസ്കോയുടെ ഏറ്റവും കൂടുതൽ റെയ്ഡുകൾ നടക്കുന്ന പ്രദേശങ്ങളിലൊന്നായി അത് തുടരുകയാണ്. കൂടാതെ, വടക്കുകിഴക്കൻ ഖാർകിവ് മേഖലയിൽ ഇന്നലെ റഷ്യൻ ബോംബാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ മുന്നണിയിൽ, പ്രത്യേകിച്ച് ഖേർസൺ പ്രദേശത്ത് ഡിനിപ്രോ നദിയുടെ ഇടത് തീരത്തുള്ള പാലത്തിനടുത്ത് ക്രിങ്കിയുടെ നിയന്ത്രണത്തിനായി കടുത്ത സായുധ പോരാട്ടമാണ് നടക്കുന്നത്.
റഷ്യ൯ വ്യോമാക്രമണത്തെ പ്രതിരോധിക്കുമെന്ന് യുക്രെയ്൯ പ്രസിഡന്റ്; യൂറോപ്യ൯ യൂണിയ൯ 13-ആം റൗണ്ട് ഉപരോധം ഏർപ്പെടുത്തി
റഷ്യൻ വ്യോമ, മിസൈൽ ആക്രമണങ്ങളിൽ നിന്ന് യുക്രെയ്൯ ആകാശവും മുൻനിര സ്ഥാനങ്ങളും സംരക്ഷിക്കുന്നതിനാണ് പ്രസിഡണ്ട് വ്ലോഡിമിർ സെലെൻസ്കി ഈ വർഷം മുൻഗണന നൽകിയിട്ടുള്ളത്. അതേസമയം, നയതന്ത്ര രംഗത്ത്, യുക്രെയ്നിനെതിരായ ആക്രമണത്തിന് റഷ്യയുടെ മേൽ പതിമൂന്നാമത്തെ ഉപരോധമേർപ്പെടുത്താൻ യൂറോപ്യൻ യൂണിയന്റെ നയതന്ത്രജ്ഞന്മാർ പച്ചക്കൊടി കാട്ടി. ആവശ്യമുള്ളിടത്തോളം കാലം യുക്രെയിനിനൊപ്പം നിൽക്കാനുള്ള പ്രതിജ്ഞാബദ്ധത അമേരിക്ക ആവർത്തിച്ചപ്പോൾ, റിയോ ഡി ജനീറോയിൽ നടന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് യുക്രെയ്നിനെ സൈനികമായി പിന്തുണച്ചതിന് പാശ്ചാത്യ രാജ്യങ്ങളെ വിമർശിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: