വെനസ്വേലയിൽ ഖനി തകർന്ന് 23 ഖനിത്തൊഴിലാളികൾ മരിച്ചു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഫെബ്രുവരി 20 ചൊവ്വാഴ്ച ബൊളിവാർ സംസ്ഥാനത്തെ അങ്കോസ്തുര പട്ടണത്തിന് സമീപമാണ് സംഭവം നടന്നത്. ഖനിയുടെ വിദൂര സ്ഥാനം രക്ഷാപ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കി, ദുരന്തത്തിന്റെ മുഴുവൻ വ്യാപ്തിയും ഇപ്പോഴും പുറത്തുവരുന്നുണ്ട്. ആഴം കുറഞ്ഞ ജലാശയങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മേൽ ഒരു ഉയർന്ന മതിൽ ഇടിഞ്ഞ് വീഴുന്ന ഭയാനകമായ നിമിഷത്തെ ഒരു വീഡിയോയിൽ പകർത്തിയത് കാണാം. ദുരന്തം നടക്കുമ്പോൾ ഇരുന്നൂറോളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം.
ബൊളിവർ സംസ്ഥാന ഗവർണർ ഏഞ്ചൽ മാർക്കാനോ തുടക്കത്തിൽ പതിനാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട് ചെയ്തെങ്കിലും മുപ്പത് പേരുടെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്ന് അങ്കോസ്തുര മേയർ യോർഗി ആർസിനിഗ സൂചിപ്പിച്ചു. ശ്വാസം മുട്ടുന്ന ചെളിക്കടിയിൽ ഡസൻ കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായി പ്രദേശവാസികൾ ഭയപ്പെടുന്നതിനാൽ ആശങ്ക വർദ്ധിക്കുന്നു.
രക്ഷാപ്രവർത്തനത്തെ സഹായിക്കാ൯ വിമാനങ്ങളും ഹെലികോപ്റ്ററുകളും അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരിഭ്രാന്തരായ ബന്ധുക്കൾ പരാഗ്വയിലെ ജനവാസ കേന്ദ്രത്തിൽ ഒത്തുകൂടി. എന്നിരുന്നാലും, ഖനി വിദൂരത്തിലായതിനാൽ പ്രാഥമികമായി ബോട്ട് വഴിയാണ് പ്രവേശിക്കാ൯ സാധിക്കുകയുള്ളു. അതിനാൽ സ്ഥലത്തെത്തുകയെന്നത് വെല്ലുവിളിയാണ്. തകർച്ചയുടെ പശ്ചാത്തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: