തിരയുക

 കോംഗോയിലെ  അഭയാർഥികേന്ദ്രങ്ങൾ കോംഗോയിലെ അഭയാർഥികേന്ദ്രങ്ങൾ   (ANSA)

കോംഗോയിൽ സ്ഥിതി അതിദയനീയം

കോംഗോ സൈന്യവും M23 സായുധ സംഘവും തമ്മിലുള്ള തീവ്രമായ പോരാട്ടം നടക്കുന്ന കോംഗോയിലെ സാകെ നഗരത്തിൽ നിന്നും നിവാസികളെ ഒഴിപ്പിച്ചുവെങ്കിലും, കൊല്ലപ്പെടുന്നവരുടെയും, പരിക്കേൽക്കുന്നവരുടെയും എണ്ണം വർധിക്കുന്നതു ആശങ്കാജനകമെന്നു സാകെയിലെ ഇടവകവികാരി ഫാ. ഫൗസ്റ്റീൻ എംബാര വെളിപ്പെടുത്തി

സ്റ്റാനിസ്ളാസ് കംബാഷി എസ്.ജെ, ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കോംഗോ സൈന്യവും M23 സായുധ സംഘവും തമ്മിലുള്ള തീവ്രമായ പോരാട്ടം നടക്കുന്ന കോംഗോയിലെ സാകെ നഗരത്തിൽ നിന്നും നിവാസികളെ ഒഴിപ്പിച്ചുവെങ്കിലും, കൊല്ലപ്പെടുന്നവരുടെയും, പരിക്കേൽക്കുന്നവരുടെയും എണ്ണം  വർധിക്കുന്നതും ആശങ്കാജനകമെന്നു സാകെയിലെ ഇടവകവികാരി ഫാ. ഫൗസ്റ്റീൻ എംബാര വെളിപ്പെടുത്തി. തുടർച്ചായി പതിക്കുന്ന ബോംബുകൾ ജനങ്ങളിൽ ഏറെ ഭീതി പരത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോർത്ത് കിവുവിൻ്റെ തലസ്ഥാനമായ ഗോമയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്റർ അകലെയുള്ള നഗരമായ സാകെ M23 സായുധ അക്രമിസംഘത്തിന്റെ കൈവശമാണ്. 2 കിലോമീറ്റർ വടക്ക്, കിമോക്ക, പടിഞ്ഞാറ്, കിവുലി കുന്നിലാണ് അക്രമികൾ സ്ഥിതി ചെയ്യുന്നത്. സാക്കയിൽ നിന്നും കുടിയൊഴുപ്പിക്കപ്പെട്ട ഏകദേശം 60,000 ഓളം ആളുകൾ വിവിധ കത്തോലിക്കാ ഇടവകകൾ ഒരുക്കിയിരിക്കുന്ന അഭയാർഥികേന്ദ്രങ്ങളിലാണ് അന്തിയുറങ്ങുന്നത്. കാരിത്താസ് സംഘടനയും, ആഗോള ഭക്ഷ്യസംഘടനയും ചേർന്നുകൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുവെങ്കിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ഫാ. ഫൗസ്റ്റീൻ എംബാര പറഞ്ഞു.

സുരക്ഷാ സാഹചര്യം സംബന്ധിച്ച്, ഈ ആക്രമണകാരികളെ പ്രവർത്തനരഹിതമാക്കാൻ കോംഗോ സർക്കാർ പ്രത്യാക്രമണം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, ഇനിയും ഏറെ കടമ്പകൾ കടക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്താനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. സമാധാനത്തിനായി എല്ലാവരുടെയും പ്രാർത്ഥനകളും ഫാ. ഫൗസ്റ്റീൻ അഭ്യർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2024, 11:49