ഗാസയിൽ ഒരു കോടിയോളം കുട്ടികൾ കടുത്ത ഭക്ഷ്യഅരക്ഷിതാവസ്ഥയിൽ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ദീർഘനാളുകളായി തുടരുന്ന പാലസ്തീന-ഇസ്രായേൽ യുദ്ധം, ഗാസാ പ്രദേശത്തുള്ള കുട്ടികളുടെ ജീവിതത്തിന് കടുത്ത ഭീഷണിയുയർത്തുന്നുവെന്ന് യൂണിസെഫ് ആവർത്തിച്ച് വ്യക്തമാക്കി. ഏതാണ്ട് ഒരു കോടിയോളം കുട്ടികളാണ് ഈ പ്രദേശങ്ങളിൽ കടുത്ത ഭക്ഷ്യഅരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്നത്. നിലവിലെ പ്രതിസന്ധി പൊതു ആരോഗ്യരംഗത്തും ഒരു ദുരന്തത്തിന് കാരണമായേക്കാമെന്ന് ഐക്യരാഷ്ട്രസഭയായുടെ ശിശുക്ഷേമനിധി അറിയിച്ചു.
ഗാസാ പ്രദേശത്തുള്ള ജനങ്ങളിലേക്ക് എത്തിച്ചേരാൻ സുരക്ഷിതവും അനിയന്ത്രിതവുമായ യാത്രസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു. നിലവിലെ സ്ഥിതിയിൽ ഗാസാ പ്രദേശത്തേക്കുള്ള പ്രവേശനം നിയന്ത്രിതമായി തുടരുന്ന അവസരത്തിലാണ് ശിശുക്ഷേമനിധി ഇങ്ങനെ ആവശ്യപ്പെട്ടത്. ഗാസാ മുനമ്പിൽ പലയിടങ്ങളിലും പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
ഈ പ്രദേശത്ത് മുതിർന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്നും, കുട്ടികൾക്ക് ഭക്ഷണം ഉറപ്പാക്കാനായി മുതിർന്നവർ തങ്ങളുടെ ഭക്ഷണം ഉപേക്ഷിക്കേണ്ടിവരുന്നതിനാൽ ഏതാണ്ട് 95 ശതമാനം മുതിർന്നവർക്കും പരിമിതമായ ഭക്ഷണമേ ലഭ്യമാകുന്നുള്ളൂ എന്നും യൂണിസെഫ് വ്യക്തമാക്കി. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയാണ് ഗാസാ പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾ കടന്നുപോകുന്ന വിഷമസ്ഥിതിയെക്കുറിച്ച് യൂണിസെഫ് എഴുതിയത്.
യുദ്ധതന്ത്രത്തിന്റെ ഭാഗമായി സാധാരണ ജനത്തെ പട്ടിണിയിലാക്കുന്നതിനെതിരെ ഫെബ്രുവരി 14-ന് പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലൂടെ, സേവ് ദി ചിൽഡ്രൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്രസംഘടനകൾ ശബ്ദമുയർത്തിയിരുന്നു. കുട്ടികൾ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയിൽ, ഗാസാ പ്രദേശത്ത് ഉടൻ വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും, കുട്ടികളുൾപ്പെടെയുള്ള സാധാരണ ജനത്തിന് അടിയന്തിരമായി മാനവികസഹായമെത്തിക്കണമെന്നും സേവ് ദി ചിൽഡ്രൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: