ഗാസയിൽ കുട്ടികൾ പട്ടിണിമൂലം മരണപ്പെടുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഇസ്രായേൽ - പലസ്തീൻ സംഘർഷം അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി കുട്ടികൾ പട്ടിണി മൂലം മരണപ്പെടുന്നുവെന്നും, അതിനാൽ എത്രയും വേഗം വെടിനിർത്തൽ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും, അന്താരാഷ്ട്ര മാനുഷിക നിയമത്തെ മാനിക്കണമെന്നും കുട്ടികളെ സംരക്ഷിക്കുക സംഘടന ഇരുരാജ്യങ്ങളുടെയും നേതൃത്വത്തോട് ആവശ്യപ്പെട്ടു.
പോഷകാഹാരക്കുറവ് ഏറ്റവും കൂടുതൽ രൂക്ഷമാകുന്നതിനാലും, ഗാസയിലേക്കുള്ള സഹായമെത്തിക്കുന്നതിലുള്ള തടസങ്ങൾ തുടരുന്നതിനാലും നിരവധി കുട്ടികളുടെ ആരോഗ്യം നശിക്കുകയും, അവരിൽ പലരും മരണപ്പെടുകയും ചെയ്യുന്നു. വാർത്താവിനിമയ സംവിധാനങ്ങളുടെ തകർച്ചയും, യാഥാർഥ്യം പുറത്തു എത്തിക്കുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. അഞ്ചു മാസമായി തുടരുന്ന യുദ്ധത്തിൽ ഇതിനോടകം 12500 ലധികം കുട്ടികൾ മരണപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.
1999 ലെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അംഗീകരിച്ച സായുധ സംഘട്ടനത്തിലെ കുട്ടികളെ സംബന്ധിച്ച പ്രമേയം അനുസരിച്ച്, മാനുഷിക സഹായം നിഷേധിക്കുന്നത് കുട്ടികൾക്കെതിരായ ഗുരുതരമായ ലംഘനമാണ്. പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ ഈ അവകാശങ്ങളുടെയെല്ലാം ലംഘനമാണ് ഇപ്പോൾ ഗാസയിൽ നടക്കുന്നത്. മാനുഷിക സഹായത്തിന് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പ്രവേശനത്തിനായി ഇരു രാജ്യങ്ങളുടെ സഹകരണവും സംഘടന അഭ്യർത്ഥിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: