തിരയുക

ഗാസയിലെ അഭയാർത്ഥികേന്ദ്രം ഗാസയിലെ അഭയാർത്ഥികേന്ദ്രം   (ANSA)

ഗാസാ മുനമ്പിൽ കുട്ടികളുടെ ജീവൻ അപകടത്തിൽ

ഇസ്രായേൽ - പലസ്തീൻ യുദ്ധം മൂലം ഏറെ ദുരിതം അനുഭവിക്കുന്ന ഗാസാമുനമ്പിൽ പോഷകാഹാരക്കുറവുമൂലം കുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇസ്രായേൽ - പലസ്തീൻ യുദ്ധം മൂലം ഏറെ ദുരിതം അനുഭവിക്കുന്ന ഗാസാമുനമ്പിൽ പോഷകാഹാരക്കുറവുമൂലം കുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.പരിമിതമായ ഭക്ഷണലഭ്യതമൂലം 64 ശതമാനം കുടുംബങ്ങൾ ഒരു നേരം മാത്രമാണ് ആഹാരം കഴിക്കുന്നത്. ഇതുമൂലം പൊതു ആരോഗ്യവും ഭീഷണിയിലാണ്. തെക്കൻ ഗാസ മുനമ്പിൽ, ഏറ്റവും കൂടുതൽ സഹായം ലഭ്യമായിട്ടുള്ള റാഫയിൽ, 2 വയസ്സിന് താഴെയുള്ള കുട്ടികളിൽ 5% കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നാണ് യൂണിസെഫ് സംഘടന എടുത്തു പറയുന്നത്.

ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അതിൻ്റെ 20-ാം ആഴ്‌ചയിലേക്ക് കടക്കുമ്പോൾ, ഭക്ഷണവും, വെള്ളവും ലഭിക്കാനില്ലാത്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. തൻമൂലം രോഗപ്രതിരോധശക്തി കുറയുകയും, വിവിധരോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. അടിയന്തിര പരിചരണം ലഭിക്കാത്തതിനാൽ മരണനിരക്കും ഏറെ കൂടുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

“വിശപ്പും രോഗവും ഒരു മാരക സംയോജനമാണ്, വിശക്കുന്നവരും ദുർബലരും ആഴത്തിൽ മുറിവേറ്റവരുമായ കുട്ടികൾക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്", ഈ ഒരു സ്ഥിതിയാണ് ഗാസാമുനമ്പിൽ ഇന്ന് സംജാതമായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.സുരക്ഷിതമായി അവശ്യ പരിചരണവും ചികിത്സയും നല്കുന്നതിനായി ഉടനടിയുള്ള വെടിനിർത്തലിനും യൂണിസെഫ് സംഘടന ആഹ്വാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2024, 11:10