റാഫായിൽനിന്നുള്ള ഒരു ദൃശ്യം റാഫായിൽനിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

യു.എൻ.സുരക്ഷാകൗൺസിലിന്റെ വെടിനിറുത്തൽ പ്രമേയം പരാജയപ്പെട്ടു: ഗാസായിൽ ആശ്വാസമകലെ

പാലസ്തീന-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഗാസായിൽ വെടിനിറുത്തലിനായി ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച പ്രമേയം പരാജയപ്പെട്ടതോടെ പ്രദേശത്തെ കുട്ടികളുടെയും കുടുംബങ്ങളുടെയും ദുരിതത്തിന് ആശ്വാസം ഇനിയും അകലെയാണെന്ന് സേവ് ദി ചിൽഡ്രൻ സംഘടന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസായിൽ വെടിനിറുത്തലിനായുള്ള ഐക്യരാഷ്ടസഭയുടെ സുരക്ഷാ കൗൺസിലിന്റെ പ്രമേയം പരാജയപ്പെട്ടതോടെ, അവിടെയുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസത്തിനുള്ള സാദ്ധ്യതകൾ ഇനിയും അകലുകയാണെന്ന് കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സേവ് ദി ചിൽഡ്രൻ സംഘടന അറിയിച്ചു. ഇസ്രായേൽ റാഫാ പ്രദേശത്തേക്ക് നുഴഞ്ഞുകയറ്റം നടത്തുന്നത് ഗാസാ മുനമ്പിൽ കൂടുതൽ കുട്ടികളുടെ മരണത്തിന് കാരണമാകുമെന്ന് സംഘടന ഓർമ്മിപ്പിച്ചു.

ഗാസാ മുനമ്പിലെ കുട്ടികളുടെ ജീവന് സംരക്ഷകണമൊരുക്കുന്നതിൽ അന്താരാഷ്ട്രസമൂഹം പരാജയപ്പെടുന്നതിന്റെ അവസാനത്തെ ഉദാഹരണമാണിതെന്ന് സേവ് ദി ചിൽഡ്രൻ ഫെബ്രുവരി 20-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. റാഫാ പ്രദേശത്ത് ഉണ്ടാകുന്ന സംഘർഷങ്ങൾ കുട്ടികളുടെ ജീവന് കൂടുതൽ ഭീഷണി ഉയർത്തുമെന്നും, സംഘർഷങ്ങൾക്ക് ഉത്തരവാദികളാകുന്നവർ ഇത് പ്രത്യേകം പരിഗണിക്കണമെന്നും സംഘടന പത്രക്കുറിപ്പിൽ എഴുതി.

സുരക്ഷാകൗൺസിൽ പ്രമേയം പരാജയപ്പെട്ടതോടെ ഗാസാ പ്രദേശത്ത് താമസിക്കുന്ന ഏതാണ്ട് പത്തുലക്ഷം കുട്ടികളുടെ ജീവനാണ് ഭീഷണിയിൽ തുടരുന്നത്. സംഘർഷങ്ങളും, പട്ടിണിയും രോഗങ്ങളും മൂലം ഇവിടെ ആളുകൾ ദുരിതമനുഭവിക്കുകയാണ്.

ഗാസയിൽ മരണമടഞ്ഞ കുട്ടികളുടെ എണ്ണം പന്തീരായിരത്തി നാനൂറ് കടന്ന അവസരത്തിലാണ് യു എൻ സുരക്ഷാ കൗൺസിലിന്റെ വെടിനിറുത്തൽ പ്രമേയം പരാജയപ്പെട്ടുവെന്ന വാർത്ത പുറത്തുവരുന്നത്. ഗാസായിൽ സുരക്ഷിതയിടമെന്ന് ഇതുവരെ കരുതപ്പെട്ടിരുന്ന റാഫാ പ്രദേശം തങ്ങളുടെ അടുത്ത ലക്ഷ്യമായി ഇസ്രായേൽ പ്രഖ്യാപിച്ചതോടെ പ്രദേശത്ത് സംഘർഷം കൂടുതൽ വർദ്ധിച്ചു. ഇവിടെ ആറുലക്ഷത്തിലധികം കുട്ടികളുൾപ്പെടെ ഏതാണ്ട് പതിമൂന്ന് ലക്ഷം പലസ്തീൻകാരാണ് നിലവിൽ അഭയം തേടിയിരിക്കുന്നത്. ഗാസായിൽ നിലവിൽ സുരക്ഷിതമായ ഇടങ്ങൾ ഇല്ലെന്ന് സേവ് ദി ചിൽഡ്രൻ പ്രസ്‌താവിച്ചു.

നാലു മാസങ്ങൾ കഴിഞ്ഞും തുടരുന്ന കടുത്ത സംഘർഷങ്ങൾ, അന്താരാഷ്ട്രസമൂഹത്തിന്റെ പരാജയമാണെന്ന് അധിനിവേശ പാലസ്തീൻ പ്രദേശങ്ങളുടെ ചുമതലയുള്ള സേവ് ദി ചിൽഡ്രൻ ഡയറക്ടർ ജേസൺ ലീ അഭിപ്രായപ്പെട്ടു. യുദ്ധം കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളെ സംരക്ഷിക്കേണ്ട മുതിർന്നവരിൽനിന്ന് ലഭിക്കുന്ന അവഗണനമൂലം കുട്ടികൾ നിരാശരാണെന്നും, സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ സംവിധാനത്തിന്റെ പരാജയം നമുക്ക് മുന്നിലുണ്ടനെനും സേവ് ദി ചിൽഡ്രൻ വക്താവ് പറഞ്ഞു.

പ്രദേശത്ത് സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും, കുട്ടികൾക്കെതിരായ കടുത്ത സായുധ ആക്രമണങ്ങൾ ചെയ്യുന്നവരുടെ ലിസ്റ്റിൽ ചേർക്കപ്പെടണമെന്ന് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.

ഒക്ടോബർ 7-ന് ഇസ്രായേലിന് നേരെ നടന്ന അക്രമത്തിൽ 33 കുട്ടികൾ എങ്കിലും കൊല്ലപ്പെട്ടതായാണ്  കണക്കാക്കപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 February 2024, 15:41