ക്രൈസ്തവ-യഹൂദ ഐക്യ സംരംഭങ്ങളിൽ യഹൂദ റബ്ബിമാർ സംതൃപ്തി അറിയിക്കുന്നു !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പരസ്പരധാരണ സംജാതമാക്കുന്നതിന് കത്തോലിക്കാസഭ നടത്തിയ പരിശ്രമങ്ങൾ കത്തോലിക്കായഹൂദസമൂഹങ്ങളിൽ മാറ്റങ്ങൾ വരുത്തിയെന്ന് യഹൂദമതനേതാക്കൾ സന്തുഷ്ടിപ്രകടിപ്പിക്കുന്നു.
ക്രൈസ്തവ-യഹൂദ മതങ്ങൾ തമ്മിലുള്ള സംഭാഷണത്തെക്കുറിച്ചു പഠിക്കുന്ന ഏതാനും യഹൂദമത പണ്ഡിതരായ റബ്ബിമാർ ഫ്രാൻസീസ് പാപ്പായ്ക്ക് എഴുതിയ ഒരു കത്തിലാണ് ഈ സംതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത്. യെഹോഷുവ ആഹ്റെൻസ്, യിറ്റ്സ് ഗ്രീൻബെർഗ്, ഡേവിഡ് മെയെർ കർമ ബെൻ ജൊഹനാൻ, മൽക്ക ത്സെയിഗെർ സിംകോവിച്ച് എന്നീ റബ്ബിമാരാണ് ഈ കത്തിൽ ഒപ്പുവച്ചിട്ടുള്ളത്.
ഒരുകാലത്ത് ശത്രുത വാണിരുന്നിടത്ത് ഇപ്പോൾ സൗഹൃദവും തീരാപ്പകയുടെ സ്ഥാനത്ത് സഹാനുഭൂതിയുമാണ് വാഴുന്നതെന്ന് ഈ റബ്ബിമാർ പറയുന്നു. വലിയ സഹനത്തിൻറെതായ ഈ സമയത്ത് പാപ്പാ ലോകമെമ്പാടുമുള്ള, വിശിഷ്യ ഇസ്രായേലിലെ, യഹദരുടെ നേർക്ക് കരങ്ങൾ നീട്ടുന്നു എന്ന വസ്തുത തങ്ങൾക്ക് ഏറെ സാന്ത്വനദായകമാണെന്ന് യഹൂദവിരുദ്ധതയ്ക്കെതിരായ പാപ്പായുടെ നിലപാടുകൾ അനുസ്മരിച്ചുകൊണ്ട് അവർ വെളിപ്പെടുത്തുന്നു.
2023 നവമ്പറിലും ഈ റബ്ബിമാർ പാപ്പായ്ക്ക് ഒരു കത്തയച്ചിരുന്നു. അതിന് പാപ്പാ ഇക്കഴിഞ്ഞ രണ്ടാം തീയതി മറുപടി അയയ്ക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: