നൈജീരിയയിൽ സാമ്പത്തിക പരിഷ്കരണം ദാരിദ്ര്യം വർധിപ്പിക്കുന്നു
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
നൈജീരിയൻ മെത്രാൻ സമിതിയുടെ നിരീക്ഷണപ്രകാരം നൈജീരിയയിൽ നടത്തുന്ന പുതിയ സാമ്പത്തികപരിഷ്‌കരണം ധാരാളം ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.ദേശീയ ചരിത്രത്തിൽ മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത അരക്ഷിതാവസ്ഥയാണ് ഇത് വഴിയായി സംജാതമാകുവാൻ പോകുന്നതെന്നും സമിതി വിലയിരുത്തുന്നു. ഇന്ധന സബ്‌സിഡി നിർത്തലാക്കുകയും, വിദേശനാണ്യ വിപണി ഏകീകരിക്കുകയും ചെയ്തതോടെ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിൽ ഉണ്ടായ വർധനയും, നാണയത്തിന്റെ മൂല്യത്തിൽ ഉണ്ടായ ഇടിവും ആളുകളെ പട്ടിണിയിലേക്ക് പോലും നയിക്കുന്ന സാഹചര്യമാണ് നൈജീരിയയിൽ ഇപ്പോൾ ഉള്ളത്.
പരിഷ്കാരങ്ങളുടെ പ്രതികൂല പ്രത്യാഘാതങ്ങൾ താൽക്കാലികമായിരിക്കുമെന്നും, ദീർഘകാലാടിസ്ഥാനത്തിൽ, പരിഷ്കാരങ്ങൾ ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിലൂടെ നല്ല ഫലങ്ങൾ ഉണ്ടാക്കുമെന്നും സർക്കാർ ആവർത്തിക്കുന്നുവെങ്കിലും ധാരാളം ആളുകൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീഴുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ആളുകളെ ബാധിക്കുന്ന സുരക്ഷാവീഴ്ചകളും മെത്രാൻ സമിതി ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ സേനയ്‌ക്കായി പ്രതിമാസം പണം അനുവദിച്ചിട്ടും രാജ്യത്തുടനീളം മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകലുകളും, കൂട്ടക്കൊലകളും, മോഷണങ്ങളുമൊക്കെ വർധിച്ചിട്ടുണ്ടെന്ന് സമിതി അടിവരയിടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: