തിരയുക

സിറിയ-തുർക്കി-ഭൂകമ്പബാധിത പ്രദേശങ്ങൾ. സിറിയ-തുർക്കി-ഭൂകമ്പബാധിത പ്രദേശങ്ങൾ.  (AFP or licensors)

സിറിയയിലും തുർക്കിയിലും സംഭവിച്ച ഭൂകമ്പത്തിന് ഒരു വർഷം: കാരിത്താസിന്റെ സഹായം തുടരുന്നു

തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് ഒരു വർഷത്തിനുശേഷം, കാരിത്താസ്, അതിന്റെ പ്രാദേശിക പങ്കാളികൾക്കൊപ്പം, ബാധിത സമൂഹങ്ങൾക്ക് നിർണായക പിന്തുണ നൽകുന്നത് തുടരുന്നു.

സി. റൂബിനി ചിന്നപ്പൻ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

സിറിയയിലും തുർക്കിയിലും സംഭവിച്ച ഭൂകമ്പത്തിന് ഒരു വർഷം തികയുമ്പോൾ കാരിത്താസ് തുർക്കി, കാരിത്താസ് അനറ്റോലിയ, കാരിത്താസ് ഇസ്താംബുൾ, ഇസ്മിർ എന്നിവയുമായി സഹകരിച്ച് 6,280 ഭക്ഷണങ്ങളും 4,422 ഭക്ഷണപ്പൊതികളും 5,201 ശുചിത്വ വസ്തുക്കളും വിതരണം ചെയ്തുകൊണ്ട് അടിയന്തര പ്രതികരണ ശ്രമങ്ങളിൽ സജീവമായി പ്രവർത്തനം തുടരുന്നു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ജീവിതസാഹചര്യങ്ങൾ അവർ മെച്ചപ്പെടുത്തി. സ്കൂൾ സാമഗ്രികൾ വിതരണം ചെയ്തു. തകർന്ന സൗകര്യങ്ങളും തുടർന്നുള്ള വെള്ളപ്പൊക്കവും പോലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളെ അവരുടെ ജീവിതം പുനർനിർമ്മിക്കാൻ സഹായിക്കുന്നതിൽ കാരിത്താസ് തുർക്കി പ്രതിജ്ഞാബദ്ധമാണ്.

തുടരുന്ന വെല്ലുവിളികൾക്കിടയിലും കാരിത്താസ് സിറിയയുടെ പ്രതിരോധം

പതുമൂന്ന് വർഷത്തെ സംഘർഷം മൂലം ഇതിനകം പതിനഞ്ച് ദശലക്ഷത്തിലധികം ആളുകൾക്ക് മാനുഷിക സഹായം ആവശ്യമുള്ള സിറിയയിൽ, കാരിത്താസ് സിറിയ അതിന്റെ അചഞ്ചലമായ പിന്തുണ തുടരുന്നു. ഭൂകമ്പത്തെത്തുടർന്ന്, കാരിത്താസ് സിറിയ 71 കേന്ദ്രങ്ങളിലൂടെ സഹായങ്ങൾ വിതരണം ചെയ്തു. ഭക്ഷണപ്പൊതികൾ, ശുചിത്വ കിറ്റുകൾ, കുടിവെള്ള പാക്കേജുകൾ, മെത്തകൾ, പുതപ്പുകൾ എന്നിവ നൽകി. സ്കൂളുകളും ഷെൽട്ടറുകളും പുനരധിവസിപ്പിക്കുന്നതിലും കുടുംബങ്ങൾക്ക് പ്രതിമാസ വൗച്ചറുകൾ വാഗ്ദാനം ചെയ്യുന്നതിലും 500-ലധികം ശസ്ത്രക്രിയകൾ ഉൾപ്പെടെ നിർണായകമായ വൈദ്യ സഹായം എത്തിക്കുന്നതിലും സംഘടന സജീവമായി ഏർപ്പെട്ടിരിക്കുന്നു. സാമ്പത്തിക വെല്ലുവിളികളും ഉപരോധത്തിന്റെ ആഘാതവും അഭിമുഖീകരിക്കുമ്പോഴും കാരിത്താസ് സിറിയ അതിന്റെ ദൗത്യവുമായി മുന്നോട്ട് പോകുന്നത് തുടരുന്നുവെന്ന് കാരിത്താസ് ഇറ്റലി റിപ്പോർട്ട് അറിയിച്ചു.

അന്തർദേശിയ കാരിത്താസ് തുടർച്ചയായ പിന്തുണയുടെ ആവശ്യകത ഊന്നിപ്പറയുന്നു. ഭൂകമ്പത്തിന്റെ വാർഷികത്തിൽ കാരിത്താസ് സിറിയയുടെയും കാരിത്താസ് തുർക്കിയുടെയും നിർണായക പ്രവർത്തനങ്ങൾ അന്തർദേശിയ കാരിത്താസ് സെക്രട്ടറി ജനറൽ അലിസ്റ്റർ ഡട്ടൺ എടുത്തുപറഞ്ഞു. സിറിയ ഉൾപ്പെടെയുള്ള മധ്യ കിഴക്ക൯ മേഖലയിലെ ഗാസയിലെ സംഘർഷത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ അവഗണിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ അന്താരാഷ്ട്ര ശ്രദ്ധ കുറയുന്നുണ്ടെങ്കിലും, ദുരിതബാധിതരായ ജനങ്ങൾ അഭിമുഖീകരിക്കുന്ന ബഹുമുഖ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ കാരിത്താസ് സിറിയയുടെയും കാരിത്താസ് തുർക്കിയുടെയും ശ്രദ്ധേയമായ ശ്രമങ്ങൾക്ക്  അന്തർദേശിയ കാരിത്താസ്  നിരന്തരമായ പിന്തുണയും അംഗീകാരവും വാഗ്ദാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2024, 14:32