തിരയുക

സങ്കീർത്തനചിന്തകൾ - 59 സങ്കീർത്തനചിന്തകൾ - 59 

ദുഷ്ടരുടെ വിനാശകനും ഭക്തരുടെ ശക്തിദുർഗ്ഗവുമായ ദൈവം

വചനവീഥി: അൻപത്തിയൊൻപതാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അൻപത്തിയൊൻപതാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദാവീദിനെ വധിക്കാൻ സാവൂൾ ചാരന്മാരെ അയച്ച അവസരത്തിൽ ദാവീദ് പാടിയത്, എന്ന തലക്കെട്ടോടെയുള്ള അൻപത്തിയൊൻപതാം സങ്കീർത്തനം, ഇതിനു മുൻപുള്ള രണ്ടു സങ്കീർത്തനങ്ങളും പോലെ "നശിപ്പിക്കരുതേ" എന്ന രാഗത്തിൽ ക്രമപ്പെടുത്തിയിട്ടുള്ളതാണ്. രണ്ടു ഭാഗങ്ങളായി തിരിക്കാവുന്ന ഒരു വിലപപ്രാർത്ഥനയും സ്തുതിഗീതവുമാണിത് (സങ്കീ. 59, 1-8; 11-15). തനിക്ക് ശത്രുക്കളിൽനിന്ന് സംരക്ഷണമേകുകയും, തന്റെ ശത്രുക്കളെ തോൽപ്പിക്കുകയും ചെയ്യുന്ന ദൈവത്തിന് സ്തുതിയർപ്പിക്കാനുള്ള സങ്കീർത്തകന്റെ തീരുമാനമറിയിക്കുന്ന വാക്യങ്ങളോടെയാണ് ഈ രണ്ടു ഭാഗങ്ങളും അവസാനിക്കുന്നത് (സങ്കീ. 59, 9-10; 16-17). ശത്രുവിന്റെ കരങ്ങൾ തന്റെ ജീവനുമേലെ പതിയിരിക്കുന്നുവെന്ന് തിരിച്ചറിയുന്ന സങ്കീർത്തകൻ, അനീതി പ്രവർത്തിക്കുന്നവരും, ദുഷ്ടരുമായ ശത്രുക്കളെ പരാജയപ്പെടുത്താനും, ഇല്ലാതാക്കാനും കഴിവുള്ള ശക്തനായ ദൈവത്തിലാണ് തന്റെ ശരണമർപ്പിക്കുന്നത്. 1 സാമുവേൽ പത്തൊൻപതാം അധ്യായത്തിന്റെ ആദ്യഭാഗത്ത് (1 സാമുവേൽ 19, 11-12) ദാവീദിനെ കൊല്ലാനായി സാവൂൾ ദൂതന്മാരെ അയക്കുന്ന സംഭവം നാം കാണുന്നുണ്ട്. സങ്കീർത്തനത്തിൽ പക്ഷെ, ദുഷ്ടനായ ഒരു വ്യക്തിക്കെതിരെ എന്നതിനേക്കാൾ, തുടർച്ചയായി തനിക്കെതിരെ അക്രമണമനോഭാവത്തോടെ വരുന്ന ദുഷ്ടരുടെ ഒരു സംഘത്തെക്കുറിച്ചാണ് ദാവീദ് എഴുതുന്നത്. എത്ര വലിയ ശത്രുക്കളെയും ഇല്ലായ്മ ചെയ്യാൻ കഴിവുള്ളവനാണ് ഇസ്രയേലിന്റെ ദൈവമെന്ന ദാവീദിന്റെ ബോധ്യം ഈ സങ്കീർത്തനവരികളിൽ വ്യക്തമാണ്.

വിശ്വസ്‌തനായ ദൈവവും രക്തദാഹികളായ ശത്രുക്കളും

സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ആദ്യഭാഗത്ത്, ശത്രുക്കളിൽനിന്ന് തനിക്ക് മോചനവും ദൈവത്തിൽ സംരക്ഷണവും അപേക്ഷിക്കുന്ന ദാവീദിനെയാണ് നാം കാണുന്നത്. തനിക്കെതിരെ നിൽക്കുന്ന ശത്രുക്കളെ ദാവീദ്, എതിർക്കുന്നവർ, ദുഷ്കർമ്മികൾ, രക്തദാഹികൾ" തുടങ്ങിയ വാക്കുകൾകൊണ്ടാണ് വിശേഷിപ്പിക്കുന്നത്. ആദ്യ രണ്ടു വാക്യങ്ങളിൽ ഇത് വ്യക്തമാണ്: "എന്റെ ദൈവമേ, ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിർക്കുന്നവനിൽനിന്ന് എന്നെ രക്ഷിക്കണമേ! ദുഷ്കർമ്മികളിൽനിന്ന് എന്നെ വിടുവിക്കേണമേ! രക്തദാഹികളിൽനിന്ന് എന്നെ കാത്തുകൊള്ളണമേ" (സങ്കീ. 59, 1-2). ദൈവത്തോടുള്ള ദാവീദിന്റെ അടുത്ത ബന്ധമാണ് "എന്റെ ദൈവമേ" എന്ന വാക്കുകളിൽ വ്യക്തമാകുന്നത്. ഇതേ സങ്കീർത്തനത്തിന്റെ മറ്റുഭാഗങ്ങളിലും ഈയൊരു അടുപ്പം നമുക്ക് കാണാം. "എന്റെ ബലമായവൻ" (സങ്കീ. 59, 9, 17), "എന്റെ ദൈവം" (സങ്കീ. 59, 10), "എന്നോട് കരുണ കാണിക്കുന്ന ദൈവം" (സങ്കീ. 59, 17) തുടങ്ങിയ വാക്കുകൾ ഈയൊരു ബന്ധമാണ് സൂചിപ്പിക്കുന്നത്. തുടർച്ചയായി തനിക്കെതിരെ വരുന്ന ശത്രുവിനും അവന്റെ ദൂതന്മാർക്കും മുന്നിൽ, തനിക്ക് ദൈവം മാത്രമാണ് അഭയമെന്ന തിരിച്ചറിവിൽനിന്നാണ്, തന്നെ മോചിപ്പിക്കാനും, രക്ഷിക്കാനും, വിടുവിക്കാനും, കാക്കാനും ദാവീദ് അപേക്ഷിക്കുന്നത്.

സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങളിൽ തന്റെ ആപേക്ഷികമായ നിരപരാധിത്വവും, നിഷ്കളങ്കതയുമാണ് ദാവീദ് ദൈവത്തിന് മുൻപിൽ വിവരിക്കുന്നത്. തന്റെ ജീവനുവേണ്ടി പതിയിരിക്കുന്ന ശത്രുക്കൾ, തനിക്കെതിരെ സംഘംചേരുകയും ഓടിയടുക്കുകയും ചെയ്യുന്നത്, തന്റെ അതിക്രമമമോ പാപമോ, തെറ്റുകളോ നിമിത്തമല്ലെന്ന് ദാവീദ് അപലപിക്കുന്നു. സാവൂളിൽനിന്നും, അവന്റെ ദൂതന്മാരിൽനിന്നും ദാവീദിന് ഓടിയകലേണ്ടിവന്നത് അവന്റെ പാപങ്ങളോ വീഴ്കകളോ നിമിത്തമല്ല. താൻ നിഷ്കളങ്കനോ പരിശുദ്ധനോ ആണെന്ന വാദത്തേക്കാൾ, ശത്രുവിന്റെ ഇപ്പോഴത്തെ ആക്രമണത്തിന് തക്ക തെറ്റുകൾ താൻ ചെയ്തിട്ടില്ലെന്ന ബോധ്യത്തോടെയാണ് തുടർന്നുവരുന്ന വാക്യങ്ങളിൽ ദാവീദ് ദൈവത്തോട് സഹായമപേക്ഷിക്കുന്നത്: "ഉണർന്നെഴുന്നേറ്റ് എന്റെ സഹായത്തിനു വരണമേ! അങ്ങുതന്നെ കാണണമേ! സൈന്യങ്ങളുടെ ദൈവമായ കർത്താവെ, അങ്ങ് ഇസ്രയേലിന്റെ ദൈവമാണ്, ജനതകളെ ശിക്ഷിക്കാൻ അങ്ങ് ഉണരണമേ!, വഞ്ചനയോടെ തിന്മ നിരൂപിക്കുന്നവരിൽ ഒരുവനെയും വെറുതെ വിടരുതേ! (സങ്കീ. 59, 4b-5). ദൈവം ഉണർന്നെണീറ്റ് തനിക്കുവേണ്ടി പോരാടുന്നില്ലെങ്കിൽ ശത്രുക്കൾ തന്നെ പിടിച്ചേക്കുമെന്നും, തന്റെ ജീവൻ തന്നെ അപകടത്തിലായേക്കുമെന്നും ദാവീദ് ഭയക്കുന്നു. ഉടമ്പടിയുടെ ദൈവമായ കർത്താവിനോട്, ഇസ്രയേലിന്റെ ദൈവത്തോടാണ് അവൻ അപേക്ഷിക്കുന്നത്. ശത്രുക്കൾക്കെതിരെ ദൈവം പ്രവർത്തിക്കുന്നത്, ലോകത്തിന് മുഴുവൻ ഒരു പാഠമായി മാറേണ്ടതുണ്ട് എന്ന ഒരർത്ഥത്തോടെയാണ് "ജനതകളെ ശിക്ഷിക്കാൻ" എന്ന പ്രയോഗത്തെ നമുക്ക് കാണാനാകുക.

ദുഷ്ടരായ ശത്രുക്കൾ, തങ്ങളുടെ തെറ്റുകളും അനീതിയും തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല, തെരുവോരങ്ങളിൽ അലഞ്ഞുനടക്കുന്ന നായ്ക്കൂട്ടംപോലെ ഇര തേടി നടക്കുകയും, അസഭ്യവാക്കുകൾ ചൊരിയുകയും ചെയ്യുന്നുവെന്ന് ദാവീദ് എഴുതുന്നു. വാളുപോലെ മൂർച്ചയേറിയ അധരങ്ങളാണവരുടേത്. "ആരുണ്ട് കേൾക്കാൻ എന്ന് അവർ വിചാരിക്കുന്നു" (സങ്കീ. 59, 7b), എന്ന വാക്കുകളിൽ ശത്രുക്കളുടെ ദൈവനിഷേധം കൂടി വ്യക്തമാകുന്നുണ്ട്. എന്നാൽ, "കർത്താവെ, അങ്ങ് അവരെ പരിഹസിക്കുന്നു; അവിടുന്ന് സകല ജനതകളെയും പുശ്ചിക്കുന്നു" (സങ്കീ. 59, 8) എന്ന എട്ടാം വാക്യത്തിൽ ദൈവം എല്ലാമറിയുന്നവനാണെന്ന് സങ്കീർത്തകൻ ഓർമ്മിപ്പിക്കുന്നു. ആരുമറിയാതെ രഹസ്യത്തിൽ നിഷ്കളങ്കർക്കെതിരെ ചെന്നായ്ക്കളെപ്പോലെ ദുഷ്ടർ ഓലിയിടുമ്പോൾ, ദൈവം തന്റെ നിഷ്കളങ്കരെ സംരക്ഷിച്ചു ചേർത്തുപിടിക്കുമെന്നൊരു ചിന്തയാണ് ദാവീദ് ഇവിടെ പങ്കുവയ്ക്കുന്നത്. "എന്റെ ബലമായവനേ, ഞാൻ അങ്ങേക്ക് സ്തുതി പാടും; ദൈവമേ, അങ്ങ് എനിക്ക് കോട്ടയാണ്. എന്റെ ദൈവം കനിഞ്ഞ് എന്നെ സന്ദർശിക്കും; എന്റെ ശത്രുക്കളുടെ പരാജയം കാണാൻ അവിടുന്ന് എനിക്കിടയാക്കും" (സങ്കീ. 59, 9-10) എന്ന സ്തുതിയുടെയും ദൈവസംരക്ഷണത്തെക്കുറിച്ചുള്ള ബോധ്യത്തിന്റെയും വാക്കുകളോടെയാണ് സങ്കീർത്തനത്തിന്റെ ഒന്നാം ഭാഗം അവസാനിക്കുന്നത്.

പ്രതികാരചിന്തകളും ദൈവനീതിയും

സങ്കീർത്തനത്തിന്റെ പതിനൊന്ന് മുതലുള്ള വാക്യങ്ങളിൽ ശത്രുക്കൾക്കെതിരായ ദാവീദിന്റെ പ്രാർത്ഥനയുടെ തുടർച്ചയാണ് നാം കാണുന്നത്. ശത്രുക്കൾക്കെതിരെയുള്ള കർത്താവിന്റെ പ്രവൃത്തികൾ, ദൈവജനത്തിന് നന്മയായി ഭവിക്കണമെന്ന് ദാവീദ് ആഗ്രഹിക്കുന്നു. ദാവീദിന്റെ ശത്രുക്കളെ കർത്താവ് ഇല്ലാതാക്കിയാൽ, ഒരുപക്ഷെ ജനം ദൈവത്തെ പിന്നീട് ഓർത്തേക്കില്ലെന്നും, എന്നാൽ ദുഷ്ടരെ ദൈവം ചിതറിച്ച് ക്ഷയിപ്പിച്ച് കളയുമെങ്കിൽ അവർ ദൈവികനീതി തിരിച്ചറിയുമെന്നും ദാവീദ് കരുതുന്നു. തന്നെ തേടിവരുന്ന സാവൂളിന്റെയും അനുചരന്മാരുടെയും വാക്കുകളിലെ ധാർഷ്ട്യം ദാവീദ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ്, "അവരുടെ വായിലെ പാപം നിമിത്തം, അധരങ്ങളിലെ വാക്കുകൾ മൂലം, അഹങ്കാരികളായ അവർ കെണിയിൽ കുടുങ്ങട്ടെ! അവർ ചൊരിയുന്ന ശാപവും നുണയും മൂലം, ക്രോധത്തോടെ അവരെ സംഹരിക്കണമേ! അവരെ ഉന്മൂലനം ചെയ്യണമേ!" (സങ്കീ. 59, 12-13) എന്ന് ദാവീദ് ദൈവത്തോട് അപേക്ഷിക്കുന്നത്. ഒരൽപം മുൻപ്, ശത്രുക്കളെ ഇല്ലാതാക്കരുതെന്ന് അപേക്ഷിച്ച ദാവീദ് ഇപ്പോൾ അവരെ ഇല്ലാതാക്കണമെന്ന് രണ്ടു വട്ടമാണ് ആവർത്തിക്കുന്നത്. ചിന്തകളിലെ വൈരുദ്ധ്യമല്ല, നിഷ്കളങ്കർക്കെതിരെ കരമുയർത്തുന്ന ശത്രുക്കളെ ദൈവം ഇല്ലാതാക്കണമേയെന്ന ദാവീദിന്റെ ആഗ്രഹമാണ് ഇവിടെ വെളിവാകുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. ഇത് ഭൂമിയുടെ അതിരുകളോളം യാക്കോബിന്റെ ദൈവം വാഴുന്നുവെന്ന് മനുഷ്യർ അറിയാൻ വേണ്ടിയുള്ള ദാവീദിന്റെ ഉദ്ദേശം കൂടി വ്യക്തമാക്കുന്നുണ്ട് (സങ്കീ. 59, 13b).

സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗവും, ആദ്യഭാഗം പോലെ, നിരന്തരമായി മനുഷ്യർക്കുനേരെ ആക്രമണം അഴിച്ചുവിടുന്ന ശത്രുക്കളുടെ ക്രൂരതയും, നിഷ്കളങ്കജീവിതങ്ങളെ ഇരകളാക്കി തൃപ്തിയടയുന്ന അവരുടെ വന്യമനോഭാവവും ആവർത്തിച്ചു വർണ്ണിക്കുന്നുണ്ട്. എന്നാൽ തന്റെ കഷ്ടതയുടെ കാലത്ത് ദൈവമായിരുന്നു തനിക്ക് കോട്ടയും അഭയവുമായി നിന്നിരുന്നത് എന്ന സത്യം വിളിച്ചുപറഞ്ഞ്, താൻ ദൈവകാരുണ്യം ഉച്ചത്തിൽ പ്രകീർത്തിക്കുമെന്ന് ദാവീദ് ഒൻപതും പത്തും വാക്യങ്ങളിലെന്നപോലെ പതിനാറും പതിനേഴും വാക്യങ്ങളിലും ആവർത്തിക്കുന്നു (സങ്കീ. 59, 16-17). ഇസ്രയേലിന്റെ കർത്താവ് തന്റെ ജനത്തിന്റെ ബലവും, അവരുടെ ശക്തിദുർഗ്ഗവും, അവരോട് കാരുണ്യം കാണിക്കുന്ന ദൈവവുമാണ്.

സങ്കീർത്തനം ജീവിതത്തിൽ

നിഷ്കളങ്കരായ മനുഷ്യർ ജീവിതത്തിൽ നേരിടേണ്ടിവരുന്ന ദുഷ്ടരുടെ അതിക്രമങ്ങളുടെയും, ശത്രുക്കളുടെ പരിഹാസങ്ങളുടെയും മുന്നിൽ, ദൈവത്തിലുള്ള ശരണം ഏറ്റുപറഞ്ഞ്, അവനിൽ അഭയം തേടാൻ ദൈവജനത്തെ ഉദ്ബോധിപ്പിക്കുന്ന മറ്റു നിരവധി സങ്കീർത്തനങ്ങലെന്നപോലെ, നമ്മുടെ ജീവിതത്തിലെയും എല്ലാ ദുഃഖദുരിതങ്ങളുടെയും നാമനുഭവിക്കുന്ന അതിക്രമങ്ങളുടെയും മുന്നിൽ കാരുണ്യവാനായ ദൈവത്തിൽ ഉറപ്പുള്ള കോട്ടയും, തന്നെ വിളിച്ചപേക്ഷിക്കുന്ന ഭക്തരെ ഒരിക്കലും കൈവിടാത്ത അവന്റെ ശക്തമായ സംരക്ഷണത്തിനു കീഴിൽ ആശ്വാസവും കണ്ടെത്താൻ അൻപത്തിയൊൻപതാം സങ്കീർത്തനത്തിലൂടെ ദാവീദ് നമ്മെയും ആഹ്വാനം ചെയ്യുന്നു. നായ്ക്കളെപ്പോലെ ശത്രുക്കൾ നമ്മെ ആക്രമിക്കാൻ പാഞ്ഞടുക്കുമ്പോഴും, കാരുണ്യവാനും ബലവാനുമായ ദൈവത്തിന് ദാവീദിനൊപ്പം നമുക്കും സ്തുതികളാലപിക്കാം. നമ്മുടെ ശക്തിദുർഗ്ഗമായി, കരുണയോടെ നമ്മെ പരിപാലിക്കുന്ന ദൈവമായി, അവൻ എന്നും നമ്മോടൊപ്പമുണ്ടാകട്ടെ. യാക്കോബിന്റെ, ഇസ്രയേലിന്റെ ദൈവം ഭൂമിയുടെ അതിരുകളോളം രാജാവായി വാഴട്ടെ. നന്മതിന്മകളും ഹൃദയവിചാരങ്ങളും അറിയുന്ന ദൈവം നമ്മെ നീതിയോടെ വിധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 February 2024, 15:46