ഉറച്ച വിശ്വാസത്തോടെ ദൈവത്തോട് പ്രാർത്ഥിക്കുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് സിറ്റി
ഗായകസംഘനേതാവിന് താന്ത്രീനാദത്തോടെ ദാവീദിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള അറുപത്തിയൊന്നാം സങ്കീർത്തനം ദൈവസന്നിധിയിൽ അഭയം കണ്ടെത്താനും, അവിടെ നിത്യം വസിക്കാനും ആഗ്രഹിക്കുന്ന ഒരു വിശ്വാസിയുടെ പ്രാർത്ഥനയാണ്. ജീവിതത്തിലെ തകർച്ചയുടെയും ദൈവത്തിൽനിന്നുള്ള അകൽച്ചയുടെയും അനുഭവത്താൽ വേദനയനുഭവിക്കുന്ന ഒരു മനുഷ്യന്റെ വിലാപം എന്ന ശൈലിയിലാണ് ഈ സങ്കീർത്തനം എഴുതപ്പെട്ടിരിക്കുന്നത്. ദൈവത്തിനരികിൽ സുരക്ഷിതമായ ഇടം കണ്ടെത്താമെന്നും, അവനു സ്വീകാര്യമായ ജീവിതം നയിച്ചാൽ, അവന്റെ പ്രീതി നേടാമെന്നുമുള്ള ബോധ്യമാണ് സങ്കീർത്തകനെ നയിക്കുന്നത്. വിവിധ കാലങ്ങളിലായി രചിക്കപ്പെട്ട ഒരു ഗീതമെന്ന തോന്നലുളവാക്കുന്ന വിധത്തിലാണ് ഈ കീർത്തനം എഴുതപ്പെട്ടിരിക്കുന്നതെന്ന് നമുക്ക് കാണാം. ഭൂമിയുടെ അതിർത്തിയിൽനിന്ന് ദൈവത്തോട് വിളിച്ചപേക്ഷിക്കുന്ന സങ്കീർത്തകൻ പ്രവാസകാലവും, രാജാവിനുവേണ്ടിയുള്ള പ്രാർത്ഥനയിൽ രാജാക്കന്മാരുടെ കാലവും, ദൈവകൂടാരവും, നേർച്ചകളും പരാമർശിക്കപ്പെടുന്നിടത്ത് പ്രവാസശേഷമുള്ള കാലവുമൊക്കെ കടന്നുവരുന്നത് നമുക്ക് കാണാനാകും. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്തവനാണ് ഇസ്രയേലിന്റെ ദൈവം എന്ന ബോധ്യത്തോടെ, ഹൃദയം ആകുലതകളാൽ നിറഞ്ഞ ഒരു വിശ്വാസി നടത്തുന്ന പ്രാർത്ഥനയാണ് ഈ സങ്കീർത്തനം.
പ്രാർത്ഥനയും വിശ്വാസവും
രണ്ടു ഭാഗങ്ങളായി തിരിക്കാവുന്ന അറുപത്തിയൊന്നാം സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ നാലുവരെയുള്ള ആദ്യപകുതിയിൽ പ്രാർത്ഥനയും വിശ്വാസവുമാണ് പ്രധാനവിഷയമായി നമുക്ക് കാണാനാകുന്നത്. ജീവിതത്തിന്റെ നിർണ്ണായകമായ ഒരു നിമിഷത്തിൽ, ദൈവത്തിൽനിന്നും, അവന്റെ കൂടാരത്തിൽനിന്നും താൻ അകലെയാണെന്ന തിരിച്ചറിവിൽനിന്നുകൊണ്ട് ദൈവത്തോട് സഹായത്തിനായി വിളിച്ചപേക്ഷിക്കുന്ന സങ്കീർത്തകനെയാണ് ഒന്നും രണ്ടും വാക്യങ്ങളിൽ നാം കാണുക: "ദൈവമേ, എന്റെ നിലവിളി കേൾക്കണമേ! എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ! ഹൃദയം തകർന്ന ഞാൻ ഭൂമിയുടെ അതിർത്തിയിൽനിന്ന് അവിടുത്തോട് വിളിച്ചപേക്ഷിക്കുന്നു; എനിക്ക് അപ്രാപ്യമായ പാറയിൽ എന്നെ കയറ്റിനിർത്തേണമേ!" (സങ്കീ. 61, 1-2). ദൈവത്തിന്റെ സാന്നിദ്ധ്യമുള്ള ജെറുസലേമിൽനിന്ന് അകലെയാണ് സങ്കീർത്തകൻ. സീയോൻമലയിൽനിന്നുള്ള അകലം അവന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്നുണ്ട്. കടമയുടെ പേരിൽ ഉരുവിടപ്പെടുന്ന പ്രാർത്ഥനകൾ പോലെയല്ല, സങ്കീർത്തകൻ പ്രാർത്ഥിക്കുന്നത്. ദൈവം തന്റെ നിലവിളി കേട്ടാൽ മാത്രം പോരാ, തന്റെ പ്രാർത്ഥനകൾ ചെവിക്കൊള്ളണമെന്ന പിടിവാശിയോടെയാണ് അവൻ പ്രാർത്ഥിക്കുന്നത്. താൻ കടന്നുപോകുന്ന അനുഭവങ്ങളുടെ കാഠിന്യത്താലാകാം സങ്കീർത്തകൻ ഇത്ര നിർബന്ധബുദ്ധിയോടെ ദൈവത്തോട് തന്റെ പ്രാർത്ഥനകൾ ശ്രവിക്കണമേയെന്ന് അപേക്ഷിക്കുന്നത്. ദാവീദ് തന്റെ ജീവിതകാലത്ത് ജെറുസലേമിൽനിന്ന് ഏറെ അകലങ്ങളിലേക്ക് പോയിട്ടില്ല, എന്നാൽ, ഇവിടെ, ഭൂമിയുടെ അതിർത്തിയിൽനിന്ന് താൻ പ്രാർത്ഥിക്കുന്നുവെന്ന് ദാവീദ് എഴുതുമ്പോൾ, ജെറുസലേമിൽനിന്നുള്ള ഭൗമശാസ്ത്രപരമായ അകലം മാത്രമാകണമെന്നില്ല ഇതിലൂടെ അർത്ഥമാക്കുന്നത്. അതവൻ അനുഭവിക്കുന്ന നിരാശയും ഹൃദയവേദനയും, ദൈവത്തിൽനിന്നുള്ള ആദ്ധ്യാത്മികമായ അകൽച്ചയുമൊക്കെ അർത്ഥമാക്കുന്നുണ്ടാകാം. തന്റെ കരുത്തിനും കഴിവുകൾക്കും, തന്റേതായ പരിമിതികൾക്കുമപ്പുറം ദൈവമെന്ന ശിലയിലാണ് ദാവീദ് അഭയം കണ്ടെത്തിയിരുന്നത്. മനുഷികമായി അപ്രാപ്യമായ പാറയിലേക്ക്, ദൈവമാണ് മനുഷ്യനെ നയിക്കുന്നത്. ദൈവം തന്നെയാണ് വിശ്വാസിയുടെ അഭയശിലയും ഉറപ്പുള്ള സംരക്ഷണവും.
സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങളിൽ, തന്റെ ജീവിതാനുഭവങ്ങളുടെയും ഇസ്രായേൽ ജനത്തിന്റെ ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ, ദൈവത്തിലുള്ള തൻറെ വിശ്വാസം ഏറ്റുപറയുന്ന സങ്കീർത്തകനെയാണ് നാം കാണുന്നത്: "അങ്ങാണ് എന്റെ രക്ഷാകേന്ദ്രം; ശത്രുക്കൾക്കെതിരെയുള്ള സുശക്തഗോപുരം. ഞാൻ അങ്ങയുടെ കൂടാരത്തിൽ എന്നേക്കും വസിക്കട്ടെ! അങ്ങയുടെ ചിറകിന്കീഴിൽ ഞാൻ സുരക്ഷിതനായിരിക്കട്ടെ!" (സങ്കീ. 61, 3-4). ദൈവത്തിൽനിന്ന് അകലെയായിരുന്ന സങ്കീർത്തകൻ ഇപ്പോൾ ദൈവകൂടാരത്തിന് സമീപത്താണ്. ദൈവസന്നിധി സുശക്തവും സുരക്ഷിതവും രക്ഷാകരവുമായ ഇടമാണെന്ന് ദാവീദ് ഏറ്റുപറയുന്നു. ദാവീദിന്റെ വ്യക്തിപരമായ അനുഭവങ്ങൾ നൽകിയ ബോധ്യമാണ് ഈ സങ്കീർത്തനവാക്യങ്ങളിൽ അവൻ എഴുതിച്ചേർക്കുന്നത്. പുറപ്പാട് പുസ്തകം 33-ആം അദ്ധ്യായത്തിലും (പുറപ്പാട് 33, 7-11), സംഖ്യയുടെ പുസ്തകം പതിനൊന്നാം അദ്ധ്യായത്തിലും (സംഖ്യ 11, 16-17) കർത്താവ് ഇറങ്ങിവന്ന് മോശയോട് സംസാരിക്കുന്ന സമാഗമകൂടാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഈയൊരു സാഹചര്യത്തെ മനസ്സിലാക്കാൻ സഹായകമായേക്കാം. ദൈവത്തിന്റെ സാന്നിദ്ധ്യമുള്ള കൂടാരവും, അവന്റെ സംരക്ഷണത്തിന്റെ ചിറകിൻകീഴുമൊക്കെ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. ജെറുസലേം ദേവാലയം ഒരു ഇസ്രായേൽക്കാരന് നൽക്കിയിരുന്ന സുരക്ഷിതത്വബോധം ഇവിടെ നമുക്ക് കാണാം.
അനുഗ്രഹദായകനായ ദൈവത്തോട് രാജാവിനുവേണ്ടിയുള്ള പ്രാർത്ഥന
സങ്കീർത്തനത്തിന്റെ അഞ്ചുമുതലുള്ള വാക്യങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാം ഭാഗത്ത്, സങ്കീർത്തകന് ദൈവത്തിലുള്ള വിശ്വാസവും, തന്റെ പ്രാർത്ഥനകൾ സ്വീകരിച്ച്, തന്നെ അനുഗ്രഹിച്ച ദൈവത്തോടുള്ള അവന്റെ നന്ദിയുമാണ് നമുക്ക് വായിക്കാനാകുന്നത്: "ദൈവമേ, അങ്ങ് എന്റെ നേർച്ചകൾ സ്വീകരിച്ചു; അങ്ങയുടെ നാമത്തെ ഭയപ്പെടുന്നവർക്കുള്ള അവകാശം എനിക്കു നൽകി" (സങ്കീ. 61, 5). ദൈവത്തിന്റേതായിരിക്കാനും, ദൈവജനത്തെ നയിക്കാനുമുള്ള ദാവീദിന്റെ ഹൃദയാഭിലാഷത്തെ കർത്താവ് സ്വീകരിക്കുകയും, അവന് ജനത്തിനുമേൽ അവകാശം നൽകുകയും ചെയ്തു. തന്റെ ദാസനായ ദാവീദിലുള്ള ദൈവത്തിന്റെ സംപ്രീതിയാണ് ഇവിടെ നാം വായിച്ചറിയുന്നത്. ദൈവത്തോട് ചേർന്ന് നിൽക്കുകയും, അവനെ ഭയപ്പെടുകയും, അവന്റെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്ന മനുഷ്യരാണ് ദൈവത്തിന് കൂടുതൽ സ്വീകാര്യരായവർ.
രാജാവിനുവേണ്ടിയുള്ള ജനത്തിന്റെ പ്രാർത്ഥന, സങ്കീർത്തനത്തിന്റെ അവസാനഭാഗത്ത് ദാവീദ് എഴുതിച്ചേർക്കുന്നുണ്ട്: "രാജാവിനു ദീർഘായുസ്സ് നൽകണമേ! അവന്റെ സംവത്സരങ്ങൾ തലമുറകളോളം നിലനിൽക്കട്ടെ! ദൈവസന്നിധിയിൽ അവൻ എന്നേക്കും സിംഹാസനസ്ഥനായിരിക്കട്ടെ! അവിടുത്തെ കാരുണ്യവും വിശ്വസ്തതയും അവനെ കാത്തുസൂക്ഷിക്കട്ടെ!" (സങ്കീ. 61, 6-7). തന്റെ ദീർഘായുസ്സും, അനുഗ്രഹപൂർണ്ണമായ ജീവിതവുമൊക്കെ സ്വന്തം സന്തോഷത്തിനെന്നതിനേക്കാൾ ദൈവജനത്തിന്റെ ഉന്നമനത്തിനായാണ് ദാവീദ് ആഗ്രഹിച്ചിരുന്നത്. സാവൂളിന്റെതിൽനിന്ന് വ്യത്യസ്തമായി ദാവീദിന്റെ രാജ്യം തലമുറകളോളം നിലനിൽക്കുന്നത് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. രാജാവിന് ദൈവം നൽകിയ അനുഗ്രഹങ്ങളെയോർത്ത് ദൈവത്തിന് കൃതജ്ഞതയർപ്പിക്കുന്നത് ഇരുപത്തിയൊന്നാം സങ്കീർത്തനത്തിലും (സങ്കീ. 21, 5) നാം വായിക്കുന്നുണ്ട്. ദൈവത്തിന്റെ കാരുണ്യവും വിശ്വസ്തതയുമാണ് രാജാവിന് അനുഗ്രഹമായി മാറുന്നതും, അവനെ സംരക്ഷിച്ചുപിടിക്കുന്നതും. "അങ്ങയുടെ പ്രകാശവും സത്യവും അയക്കണമേ! അവ എന്നെ നയിക്കട്ടെ" (സങ്കീ. 43, 3) എന്ന് പ്രാർത്ഥിക്കുന്ന സങ്കീർത്തകനെ നാൽപ്പത്തിമൂന്നാം സങ്കീർത്തനത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്.
ദൈവസന്നിധിയിൽനിന്നുള്ള അകൽച്ചയും,അത് ദാവീദിന്റെയും ഏതൊരു വിശ്വാസിയുടെയും ഹൃദയത്തിൽ ഉളവാക്കുന്ന വ്യഥയും നിരാശയും വ്യക്തമാക്കുന്ന തീവ്രമായ നിലവിളിയുടെയും പ്രാർത്ഥനയുടെയും വാക്കുകളോടെ ആരംഭിച്ച അറുപത്തിയൊന്നാം സങ്കീർത്തനം, തന്റെ ഭക്തരോട് വിശ്വസ്തനായ, അവരെ തന്റെ ചിറകിൻകീഴിൽ സംരക്ഷിച്ചു പരിപാലിക്കുകയും, അവരുടെ നേർച്ചകാഴ്ചകളിൽ സംപ്രീതനാവുകയും ചെയ്യുന്ന ദൈവത്തോടുള്ള കൃതജ്ഞതയുടെയും സ്നേഹത്തിന്റെയും വാക്കുകളോടെയാണ് ദാവീദ് അവസാനിപ്പിക്കുന്നത്. "അപ്പോൾ, ഞാൻ അവിടുത്തെ നാമത്തെ എന്നേക്കും പടിപ്പുകഴ്ത്തും, അങ്ങനെ ഞാൻ എന്റെ നേർച്ച ദിനം തോറും നിറവേറ്റും" (സങ്കീ. 61, 8) എന്ന എട്ടാം വാക്യം വ്യക്തമാക്കുന്നതും ഇതുതന്നെയാണ്. നിരന്തരം ദൈവത്തിന് നന്ദി പറയാൻ ഓരോ വിശ്വസിക്കുമുള്ള കടമകൂടിയാണ് ദാവീദ് ഈ വാക്കുകളിൽക്കൂടി ഓർമ്മിപ്പിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
അറുപത്തിയൊന്നാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ദൈവവുമായുള്ള നമ്മുടെ വ്യക്തിബന്ധങ്ങൾ വിശകലനം ചെയ്യാൻ സങ്കീർത്തനവാക്യങ്ങൾ നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്. നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമായി, നമ്മുടെ തകരാത്ത അഭയശിലയായി, മാറേണ്ട ദൈവത്തിൽനിന്ന് എന്തുമാത്രം അകലെയാണ് നമ്മുടെ ജീവിതങ്ങളെന്ന ഒരു ചോദ്യം നമ്മുടെ ഉള്ളിൽ എപ്പോഴും കൊണ്ടുനടക്കേണ്ടതുണ്ട്. നമ്മോട് വിശ്വസ്തനായ, അനുദിനം തന്റെ കരുതലിന്റെ തണലിൽ നമ്മെ സംരക്ഷിക്കുന്ന നീതിമാനായ ദൈവത്തിലേക്ക് കണ്ണുകളുയർത്താനും, സങ്കീർത്തകനെപ്പോലെ നമ്മുടെ ആകുലതകളും വേദനകളും അവനുമുൻപിൽ നിർത്തിവയ്ക്കാനും, അവനിൽനിന്ന് ആശ്വാസം കണ്ടെത്താനും നമുക്ക് സാധിക്കണം. തന്നോട് ചേർന്ന് നിൽക്കുന്ന, തന്റെ ഹിതമനുസരിച്ച് ജീവിക്കുന്ന മനുഷ്യമക്കളെ കൈവിടാത്ത, സ്നേഹത്താൽ പ്രേരിതമായി, നിർമ്മലമായി അർപ്പിക്കപ്പെടുന്ന ബലികൾ കനിവോടെ സ്വീകരിക്കുന്ന ദൈവത്തിന്റെ കാരുണ്യവും വിശ്വസ്തതയും നമ്മെയും കാത്തുസൂക്ഷിക്കട്ടെ. ജീവിതാന്ത്യത്തോളം അനുദിനം ദൈവസ്തുതികൾ പാടാനും, അവനു കൃതജ്ഞതയോടെ ബലികളർപ്പിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: