തിരയുക

സങ്കീർത്തനചിന്തകൾ - 62 സങ്കീർത്തനചിന്തകൾ - 62 

നശ്വരമായ ഈ ഭൂമിയും ദൈവമെന്ന അഭയകേന്ദ്രവും

വചനവീഥി: അറുപത്തിരണ്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അറുപത്തിരണ്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗായകസംഘനേതാവിന് യദുഥൂൻ രാഗത്തിൽ ദാവീദിന്റെ സങ്കീർത്തനം എന്ന തലക്കെട്ടോടെയുള്ള അറുപത്തിരണ്ടാം സങ്കീർത്തനം, നശ്വരമായ ഈ ലോകത്തിൽ, മനുഷ്യന് അവന്റെ പ്രവൃത്തിക്കൊത്ത് പ്രതിഫലം നൽകുന്ന ദൈവത്തിൽ ആശ്രയിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രബോധനകീർത്തനമാണ്. ഈ ലോകത്തിന്റേതായ ചതികളെയും, മനുഷ്യരുടെ അനീതിയെയും വ്യക്തമായി അറിയാവുന്ന സങ്കീർത്തകൻ, ദൈവത്തിന്റെ ശക്തിയിലും കാരുണ്യത്തിലുമാണ് അഭയവും ആശ്വാസവും കണ്ടെത്തുന്നത്. രക്ഷിക്കപ്പെട്ടതിന്റെയും ദൈവികസംരക്ഷണം അനുഭവിച്ചതിന്റെയും വെളിച്ചത്തിൽ, ദൈവത്തിൽ ശരണം വയ്ക്കുന്നതിന്റെ പ്രാധാന്യവും അർത്ഥയുക്‌തിയും മറ്റുള്ളവരെ ഉദ്ബോധിപ്പിക്കാൻ സങ്കീർത്തകന് സാധിക്കും. നശ്വരമായ ഈ ലോകത്ത്, കപടതയോടെ പെരുമാറുന്ന മനുഷ്യർക്കിടയിൽ അഭയം കണ്ടെത്താൻ ശ്രമിക്കുന്നത് വിവേകപൂർണ്ണമായ പ്രവൃത്തിയല്ല. തന്റെ ഭക്തന്റെ പ്രാർത്ഥനകൾ കൈക്കൊള്ളുന്ന, കാരുണ്യവാനും ശക്തനുമായ ദൈവത്തിലാണ് ഒരു വിശ്വാസി അഭയം തേടേണ്ടത്. ദൈവത്തോട് ചേർന്ന് ജീവിക്കുന്ന മനുഷ്യരിൽ പ്രത്യാശ വളർത്താൻ ഏറെ സഹായിക്കുന്ന ഒരു ഗീതമാണ് ഈ സങ്കീർത്തനം. തന്റെ ഭക്തന്റെ പ്രാർത്ഥനകൾ ചെവിക്കൊള്ളുന്ന, അജയ്യനും കാരുണ്യവാനുമാണ് ദൈവം.

ഭക്തന്റെ അഭയമായ ദൈവം

അറുപത്തിരണ്ടാം സങ്കീർത്തനത്തിലെ പ്രധാനപ്പെട്ട ഒരു വിഷയം ദൈവത്തിലുള്ള ആശ്രയവും പ്രത്യാശയുമാണ്. സമാധാനപരമായി ജീവിക്കുന്ന മനുഷ്യരിൽ പ്രത്യാശ ഉളവാക്കുന്ന സന്ദേശമാണ് സങ്കീർത്തനം നൽകുന്നത്. സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങൾ ഈ രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണ്: "ദൈവത്തിൽ മാത്രമാണ് എനിക്ക് ആശ്വാസം; അവിടുന്നാണ് എനിക്കു രക്ഷ നൽകുന്നത്. അവിടുന്ന് മാത്രമാണ് എന്റെ അഭയശിലയും കോട്ടയും; ഞാൻ കുലുങ്ങി വീഴുകയില്ല" (സങ്കീ. 62, 1-2). പതിനെട്ട് (18, 2), മുപ്പത്തിയൊന്ന് (31, 2-3), നാൽപ്പത്തിരണ്ട് (42, 9) തുടങ്ങിയ സങ്കീർത്തനങ്ങളിലും അഭയശിലയായ ദൈവത്തെക്കുറിച്ച് സങ്കീർത്തനകർത്താവ് പ്രതിപാദിക്കുന്നുണ്ട്. ദൈവം തന്റെ ഭക്തന്റെ ഉറപ്പുള്ള അഭയമാണെന്ന്, സ്വന്തം ജീവിതാനുഭവത്തിൽനിന്നാണ് ദാവീദ് എഴുതിവയ്ക്കുക. ബുദ്ധിമുട്ടുകളുടെയും പ്രയാസങ്ങളുടെയും ഇടയിലായിരിക്കുന്ന മനുഷ്യർക്ക് പ്രത്യാശ നൽകുന്ന ഒരു ചിന്ത കൂടിയാണ് ഇത്. തന്റെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ ദൈവത്തിൽ മാത്രമാണ് ദാവീദ് അഭയം തേടുന്നത്.

സങ്കീർത്തനത്തിന്റെ ആദ്യരണ്ടുവാക്യങ്ങളിൽ കാണുന്ന ദൈവാശ്രയബോധമെന്ന ചിന്ത അഞ്ചുമുതൽ ഏഴുവരെയുള്ള വാക്യങ്ങളിലും ദാവീദ് ആവർത്തിക്കുന്നുണ്ട്: "ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം, അവിടുന്നാണ് എനിക്ക് പ്രത്യാശ നൽകുന്നത്. അവിടുന്ന് മാത്രമാണ് എന്റെ അഭയശിലയും കോട്ടയും. എനിക്ക് കുലുക്കം തട്ടുകയില്ല. എന്റെ മോചനവും മഹിമയും ദൈവത്തിലാണ്, എന്റെ രക്ഷശിലയും അഭയവും ദൈവമാണ്" (സങ്കീ. 62, 5-7). രണ്ടാം വട്ടവും ദൈവത്തിലുള്ള തന്റെ ആശ്രയബോധവും, ദൈവസന്നിധിയിൽ താൻ അനുഭവിക്കുന്ന സുരക്ഷിതത്വവും ഉറപ്പും ദാവീദ് ഏറ്റുപറയുന്നത്, ദൈവത്തിൽ അവൻ എന്തുമാത്രം ശരണമർപ്പിക്കുന്നുണ്ട് എന്നതിന്റെ തെളിവുകൂടിയാണ്. ഒന്നും രണ്ടും വാക്യങ്ങളിലെന്നപോലെ, ഇവിടെയും "ദൈവം മാത്രമാണ്" എന്ന പ്രയോഗം, ദാവീദിന്റെ വിശ്വാസത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഇത് ഒരു വിശ്വാസി തന്റെ തന്നെ ആത്മാവിനോട് നടത്തുന്ന ഒരു ഉദ്‌ബോധനം കൂടിയായി വേണം നാം കാണുവാൻ. ഒരു ഭക്തന് രക്ഷയും പ്രത്യാശയും നൽകുന്നതും, അവന്റെ ജീവന്റെ ഉറപ്പുള്ള അഭയവും ദൈവമായിരിക്കണമെന്ന് സങ്കീർത്തനവരികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. മൂന്ന് വട്ടമാണ് (സങ്കീ. 62, 2; 6; 7) ഈയൊരു ചെറിയ സങ്കീർത്തനത്തിൽ ദൈവത്തെ തന്റെ അഭയശിലയും കോട്ടയുമായി ദാവീദ് അംഗീകരിച്ച് ഏറ്റുപറയുന്നത്. മറ്റാരിലും അഭയം തേടാതിരിക്കാനുള്ള ദാവീദിന്റെ തീരുമാനവും ഇവിടെ വ്യക്തമാണ്.

ശത്രുക്കളുടെ അന്യായത്തെ അപലപിക്കുന്ന ദാവീദ്

അറുപത്തിരണ്ടാം സങ്കീർത്തനത്തിൽ തന്റെ ദൈവാശ്രയബോധം വിളിച്ചുപറയുകയും, അതേക്കുറിച്ച് മറ്റുള്ളവരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന ദാവീദ് അതിനിടയിൽ, അനീതിപ്രവർത്തിക്കുന്ന ശത്രുക്കൾക്കെതിരെ ശക്തമായി ശബ്ദമുയർത്തുന്നുണ്ട്. സങ്കീർത്തനത്തിന്റെ മൂന്നും നാലും വാക്യങ്ങളിലാണ് ഇത് നാം കാണുന്നത്: "ചരിഞ്ഞ മതിലും ആടുന്ന വേലിയും പോലുള്ള ഒരുവനെ തകർക്കാൻ നിങ്ങൾ എത്രനാൾ ഒരുമ്പെടും? അവന്റെ ഔന്ന്യത്യത്തിൽനിന്ന് അവനെ തള്ളിയിടാൻ മാത്രമാണ് അവർ ആലോചിക്കുന്നത്. അവർ വ്യാജത്തിൽ ആനന്ദിക്കുന്നു, അധരങ്ങൾ കൊണ്ട് അനുഗ്രഹിക്കുന്നു, ഹൃദയം കൊണ്ട് ശപിക്കുന്നു" (സങ്കീ. 62, 3-4). ഇത് ശത്രുക്കൾക്കെതിരെയും ശത്രുക്കളോടുമുള്ള പരാതിയാണ്. ദൈവത്തിൽ അഭയം തേടുന്ന, എന്നാൽ, ജീവിതപ്രതിസന്ധികളിൽ തളർന്നിരിക്കുന്ന ഒരുവനെതിരെ ആക്രമണം അഴിച്ചുവിടുന്നവർക്കെതിരെയാണ് സങ്കീർത്തകൻ ശബ്ദമുയർത്തുന്നത്. ദാവീദ് സ്വജീവിതത്തെ ആധാരമാക്കി എഴുതിയതാകാം ഈ വാക്യങ്ങളെന്ന് കരുതുന്നവരുണ്ട്. ശത്രുക്കൾ തനിക്കെതിരെ നടത്തിയ അതിക്രമങ്ങളും, ചമച്ച നുണപ്രചാരണങ്ങളും അവനു മുൻപിലുണ്ട്. ദൈവഭക്തനെതിരെ ശബ്ദമുയർത്തുന്ന അവർ നുണയന്മാരാണ്. എല്ലാവരുടെയും മുന്നിൽ ഒരുവനെക്കുറിച്ച് നന്മ പറയുകയും, രഹസ്യത്തിൽ അവനെക്കുറിച്ച് ദൂഷണവും തിന്മയും പറഞ്ഞുപരത്തുന്ന, അവനെതിരെ പ്രവർത്തിക്കുന്ന ഇരട്ടത്താപ്പുള്ള മനുഷ്യരാണവർ. ഇത്തരം മനുഷ്യർ ദൈവത്തിന് മുന്നിൽ സ്വീകാര്യരാകില്ല.

ദൈവാശ്രയബോധത്തോടെ ജീവിക്കാൻ ആഹ്വാനം

നിഷ്കളങ്കരായ മനുഷ്യരെപ്പോലും ചതിക്കുകയും അവർക്കെതിരെ ദൂഷണം പറയുകയും ചെയ്യുന്ന കപടരും ദുഷ്ടരുമായ മനുഷ്യരുള്ള ഈ ലോകത്തിൽ, ശരണം തേടാനും, അഭയമർപ്പിക്കാനും ഏക ആശ്രയമായി മുന്നിലുള്ളത് ദൈവമാണെന്ന് എട്ടാം വാക്യത്തിലൂടെ ദാവീദ് ഓർമ്മിപ്പിക്കുന്നു: "ജനമേ, എന്നും ദൈവത്തിൽ ശരണം വയ്ക്കുവിൻ, അവിടുത്തെ മുൻപിൽ നിങ്ങളുടെ ഹൃദയം തുറക്കുവിൻ. അവിടുന്നാണ് നമ്മുടെ സങ്കേതം" (സങ്കീ. 62, 8). രക്ഷിക്കപ്പെട്ടതിന്റെ അനുഭവത്തിൽ നിന്നുകൊണ്ടാണ് ദാവീദ് മറ്റുള്ളവർക്ക് ഈയൊരു ഉദ്‌ബോധനം നൽകുന്നത്. ശരണത്തോടെ ദൈവത്തിന് മുൻപിൽ ആയിരുന്നപ്പോൾ, പാപാവസ്ഥയിൽ ദൈവത്തിന് മുൻപിൽ ഹൃദയം തുറന്ന് അനുതപിച്ചപ്പോൾ, അപകടകരമായ ജീവിതാവസ്ഥകളിൽ ദൈവത്തോട് നിലവിളിച്ചപേക്ഷിച്ചപ്പോൾ, കരുണയോടെ തന്റെ ഭക്തനെ കരം പിടിച്ചുയർത്തി, അവന് അഭയവും രക്ഷയും വിജയവും നൽകിയവനാണ് ഇസ്രയേലിന്റെ ദൈവം. താൻ ദൈവത്തിൽ കണ്ടെത്തിയ ആശ്വാസത്തിന്റെ അനുഭവം ജീവിക്കാനാണ് ദാവീദ് ദൈവജനത്തെ ആഹ്വാനം ചെയ്യുന്നത്. തന്നിൽ അഭയം തേടിയ തന്റെ ദാസനോട് കാട്ടിയ കരുണ, തന്റെ ഭക്തർക്കേവർക്കും ദൈവം വാഗ്ദാനം ചെയ്യുന്നുണ്ട്. വിശ്വാസത്തോടെ തന്നെ സമീപിക്കുന്നവർക്ക് സുരക്ഷിതമായ കോട്ടയും, ഇളക്കം തട്ടാത്ത അഭയശിലയുമാണ് കർത്താവ്. ശത്രുക്കളാലും, അനീതി നിറഞ്ഞ ദുഷ്ടരാലും വേട്ടയാടപ്പെട്ട നീതിമാന് തണലും താങ്ങുമായി നിന്ന ദൈവം, തുറന്ന കരങ്ങളോടെ, നമ്മെയും കാത്തിരിപ്പുണ്ടെന്ന് സങ്കീർത്തനം ഉറപ്പുനൽകുന്നു.

മനുഷ്യന്റെ നിസ്സാരതയും ദൈവവും

സങ്കീർത്തനത്തിന്റെ ഒൻപതും പത്തും വാക്യങ്ങൾ, മനുഷ്യന്റെ നിസ്സാരതയെക്കുറിച്ചും, തിന്മയിൽനിന്ന് അകന്നുനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഓർമ്മിപ്പിക്കുന്നത്: “മർത്യൻ ഒരു നിശ്വാസം മാത്രം, വലിയവനും ചെറിയവനും ഒന്നുപോലെ മിഥ്യയാണ്; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ മുഴുവൻ ചേർന്നാലും ശ്വാസത്തെക്കാൾ ലഘുവാണ്. ചൂഷണത്തിൽ ആശ്രയിക്കരുത്, കവർച്ചയിൽ വ്യർത്ഥമായി ആശ വയ്ക്കരുത്. സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സ് വയ്ക്കരുത്" (സങ്കീ. 62, 9-10). ദൈവത്തിന് മുൻപിൽ നിസ്സാരനായ മനുഷ്യനിൽ ശരണം വയ്ക്കുന്നതിലെ അർത്ഥശൂന്യത ഈ വരികളിൽ ദാവീദ് മനോഹരമായി വർണ്ണിക്കുന്നു. ഭൂമിയിൽ എത്ര വലിയവനെന്നും, ധനികനെന്നും, ശക്തനെന്നും കരുതുന്നവർ ദൈവത്തിന്റെ മഹത്വത്തിനും, ധന്യതയ്ക്കും, ശക്തിക്കും മുൻപിൽ നിസ്സാരരാണ്. മറ്റുള്ളവർക്ക് അവകാശപ്പെട്ടത് കവർന്നെടുക്കുന്ന, അതുവഴി സമ്പത്ത് ഏറ്റുകയും, അതിൽ ആനന്ദിക്കുകയും ചെയ്യുന്നവർ ദൈവത്തിനും അവന്റെ രാജ്യത്തിനും മുൻപിൽ എത്ര ചെറിയവരായിരിക്കുമെന്ന് സങ്കീർത്തനവരികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. മാനുഷികവും ലൗകികവുമായ സമ്പത്തിലോ അധികാരത്തിലോ അല്ല, സർവ്വശക്തനും തന്റെ ജനത്തിന്റെ അഭയവുമായ ദൈവത്തിലാണ് മനുഷ്യർ ശരണം തേടേണ്ടത്.

ദൈവത്തിന്റെ ശക്തിയും കരുണയും അനുസ്മരിക്കുന്ന വാക്കുകളോടെയാണ് ദാവീദ് സങ്കീർത്തനം അവസാനിപ്പിക്കുന്നത്: "ദൈവം ഒരു പ്രാവശ്യം അരുളിചെയ്‌തു; രണ്ടു പ്രാവശ്യം ഞാൻ അത് കേട്ടു; ശക്തി ദൈവത്തിന്റേതാണ്. കർത്താവേ, കാരുണ്യവും അങ്ങയുടേതാണ്. അവിടുന്ന് മനുഷ്യന് പ്രവൃത്തിക്കൊത്തു പ്രതിഫലം നൽകുന്നു!" (സങ്കീ. 62, 11-12). ദൈവവചനങ്ങൾ ദാവീദിന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞതിനാലാണ് അവൻ ദൈവത്തിൽ കൂടുതലായി ശരണപ്പെടുന്നത്. കാരുണ്യവും ശക്തിയും ദൈവത്തിന്റേതായതിനാൽ അവൻ ലോകശക്തികളിലും മനുഷ്യരിലും അഭയമോ രക്ഷയോ തേടുന്നില്ല. ദൈവത്തിൽ ആശ്രയിക്കുന്ന, നന്മയിൽ ജീവിക്കുന്ന മനുഷ്യരെ ലോകം തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്യാത്തപ്പോഴും, എല്ലാം അറിയുന്ന, നീതിമാനും എന്നാൽ കാരുണ്യവാനുമായ ദൈവം അവർക്ക് ഉചിതമായ പ്രതിഫലം നൽകുന്നു.

സങ്കീർത്തനം ജീവിതത്തിൽ

അറുപത്തിരണ്ടാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, മനുഷ്യരിലും ഈ ലോകത്തിലുമെന്നതിനേക്കാൾ, കാരുണ്യവാനും, തന്റെ ഭക്തരുടെ തകരാത്ത അഭയശിലയുമായ ദൈവത്തിൽ അഭയം തേടാൻ ദാവീദ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. നീതിമാന്മാരും നിഷ്കളങ്കരുമായ മനുഷ്യർക്കെതിരെയുള്ള ദുഷ്ടരുടെ പ്രവൃത്തികളെ ദൈവം കാണുന്നുണ്ടെന്ന ചിന്ത, നന്മയിൽ തുടരാനും, തിന്മയിൽനിന്ന് അകന്നു നിൽക്കാനും നമ്മെ ആഹ്വാനം ചെയുന്നു. ലൗകിക സമ്പത്തിലും അധികാരത്തിലും ശക്തിയിലും നേട്ടങ്ങളിലും കണ്ണുവയ്ക്കാതെ, ദൈവത്തോടോത്തുള്ള, നീതിയിലും നന്മയിലുമുള്ള ഒരു ജീവിതത്തിൽ മനസ്സുറപ്പിച്ച് ജീവിക്കാൻ, ലോകത്തിന്റെ നിസ്സാരതയെ മറക്കാതിരിക്കാൻ നാം പരിശ്രമിക്കണമെന്ന് ദാവീദ് ഈ സങ്കീർത്തനവരികളിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു. ദാവീദിനും, ഇസ്രായേൽജനതയ്ക്കും, വിശ്വാസിസമൂഹത്തിന് മുഴുവനും കരുത്തും താങ്ങുമായി നിന്ന കർത്താവായ ദൈവത്തിൽ കൂടുതലായി ആശ്രയം വയ്ക്കാനും അവനിൽ ആനന്ദിക്കാനും ആശ്വസിക്കാനും നമുക്കും പരിശ്രമിക്കാം. കർത്താവിന്റെ കാരുണ്യം നമ്മുടേമേലുമുണ്ടാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 February 2024, 14:58