സാമ്പത്തികസ്ഥാപനങ്ങൾ യുദ്ധമേഖലയിൽ നിക്ഷേപം നടത്തരുത്: മൂല്യാധിഷ്ഠിത ബാങ്കുകൾ
ഇലാറിയ സൊളയിനി, അവ്വെനീരെ - മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകമെമ്പാടുമുള്ള ധനകാര്യസ്ഥാപനങ്ങൾ ഇന്ന് ഏതാണ്ട് ഒരു ട്രില്യൺ (959 ബില്യൺ) അമേരിക്കൻ ഡോളറിന്റെ മൂല്യമാണ് ആയുധനിർമ്മാണത്തിനും ഇതുമായി ബന്ധപ്പെട്ട വ്യവസായരംഗത്തും നിക്ഷേപിച്ചിട്ടുള്ളതെന്ന് മൂല്യാധിഷ്ടിതബാങ്കുകൾ വ്യക്തമാക്കി. എന്നാൽ ഇത്തരം ദുഷിച്ച പ്രവണതകൾ അവസാനിപ്പിക്കണമെന്നും, സമാധാനത്തിനായി നിക്ഷേപകർ മുന്നോട്ട് വരണമെന്നും എഴുപത് മൂല്യാധിഷ്ടിതബാങ്കുകൾ കഴിഞ്ഞ ദിവസം സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതിരോധവുമായി ബന്ധപ്പെട്ട വ്യവസായത്തിലെ പകുതിയിലേറെയും നിക്ഷേപം അമേരിക്കൻ ഐക്യനാടുകളിൽനിന്നാണ് വരുന്നതെന്ന് സംഘടന അറിയിച്ചു. യൂറോപ്യൻ നിക്ഷേപകരുടെ സംഭാവന ഏതാണ്ട് 80 ബില്യൺ ഡോളറിനടുത്താണ്. യൂറോപ്പിലെ 15 ബാങ്കുകൾ ആയുധനിർമ്മാണകമ്പനികളിൽ ഏതാണ്ട് 88 ബില്യൺ യൂറോയ്ക്ക് തുല്യമായ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
മൂല്യാധിഷ്ഠിത ധനസ്ഥാപനം, മൂല്യങ്ങളിൽ അധിഷ്ഠിതമായ പണവ്യാപാരം എന്നീ സംഘടനകളുടെ നിർദ്ദേശപ്രകാരം, ബെർലിൻ ആസ്ഥാനമായ മെരിയൻ റിസേർച്ച് എന്ന സ്ഥാപനം "സമാധാനത്തിന്റെ സാമ്പത്തികത, യുദ്ധത്തിന്റെ സാമ്പത്തികത" എന്ന പേരിൽ തയ്യാറാക്കി പുറത്തുവിട്ട റിപ്പോർട്ടിലാണ് ആധുനികകാലത്ത് ലോകസാമ്പത്തികസ്ഥാപനങ്ങൾ യുദ്ധരംഗത്ത് നടത്തുന്ന നിക്ഷേപങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഫെബ്രുവരി 26 മുതൽ 29 വരെ ഇറ്റലിയിലെ പാദുവ, മിലാൻ നഗരങ്ങളിലായി നടത്തിയ, മൂല്യങ്ങളിൽ അധിഷ്ഠിതമായ ബാങ്കിങ് (Global Alliance for Banking on Values) എന്ന പേരിലുള്ള സംഘടനയുടെ പതിനാറാമത് സമ്മേളനത്തിലാണ് റിപ്പോർട്ട് അവതരിപ്പിക്കപ്പെട്ടത്.
2023-ൽ പ്രതിരോധരംഗത്തുള്ള ചിലവുകൾ 9 ശതമാനം വർദ്ദിച്ചുവെന്നും, ഏതാണ്ട് 2,2 ട്രില്യൺ ഡോളറോളം ഇതെത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കി. ഇതിൽ ഏതാണ്ട് പകുതിയോളം നിക്ഷേപം നടത്തിയത് ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയ സാമ്പത്തികസ്ഥാപനങ്ങളാണ്. 2022-ൽ ഉക്രൈനിലും 2023-ൽ പാലസ്തീനയിലും പൊട്ടിപ്പുറപ്പെട്ട യുദ്ധങ്ങളെത്തുടർന്ന് ആയുധനിർമ്മാണരംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ ഷെയർമൂല്യം വലിയ തോതിൽ വർദ്ധിച്ചതായി റിപ്പോർട്ട് അറിയിച്ചു.
സാമൂഹികവും പാരിസ്ഥിതികവുമായ മെച്ചപ്പെട്ട വളർച്ചയ്ക്ക് വേണ്ട മുൻവ്യവസ്ഥയാണ് സമാധാനമെന്നും, അതുകൊണ്ടുതന്നെ, സമാധാനസ്ഥാപനത്തിന് എതിരായ ആയുധവ്യവസായരംഗത്ത് നിക്ഷേപം നടത്തുന്നത് സുസ്ഥിരമായ ഒരു ധനകാര്യസ്ഥിതിക്ക് എതിരാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. ഇതുകൊണ്ടാണ്, മൂല്യാധിഷ്ഠിതബാങ്കിങ് രംഗത്തുള്ളവർ ആയുധനിർമ്മാണ, പ്രതിരോധമേഖലയിൽ നിക്ഷേപങ്ങൾ നടത്താത്തതെന്നും റിപ്പോർട്ട് വിശദീകരിച്ചു. യുദ്ധത്തിൽനിന്നല്ല, സമാധാനത്തിൽനിന്ന് ലാഭം കൊയ്യാനുള്ള സമയമാണിതെന്ന് റിപ്പോർട്ടിലൂടെ മൂല്യാധിഷ്ഠിതധനകാര്യരംഗത്തുള്ളവർ ഓർമ്മിപ്പിച്ചു.
ഇറ്റലിയിലെ പത്രങ്ങളിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന അവ്വെനീരെയാണ് ഫെബ്രുവരി 28 ബുധനാഴ്ച ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: