രണ്ടുവർഷം നീണ്ട റഷ്യ-ഉക്രൈൻ യുദ്ധം കവർന്നത് മൂന്നര ബില്യൺ ഡോളർ: യുനെസ്കോ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെയും, തുടർന്ന് ഉക്രൈൻ നേരിടേണ്ടിവന്ന അധിനിവേശത്തിന്റെയും ഭാഗമായി ഉക്രൈനിലെ സാംസ്‌കാരിക, ടൂറിസം മേഖലകളിൽ മൂന്നര ബില്യൺ ഡോളറിന്റെ (ഏതാണ്ട് മുപ്പത്തൊന്നായിരം കോടിയിലധികം രൂപ) നഷ്ടം ഉണ്ടായെന്ന് യുനെസ്കോ സംഘടന. ഈ വിഷയവുമായി ബന്ധപ്പെടുത്തി യുനെസ്കോ ഫെബ്രുവരി 14 ബുധനാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. നിലവിലെ നാശനഷ്ടങ്ങൾക്ക് അടുത്ത പത്തുവർഷങ്ങളിൽ പരിഹാരം കണ്ടെത്താനായി ഒൻപത് ബില്യൺ ഡോളറിന്റെ ചിലവ് വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
യുനെസ്കോയുടെ കണക്കുകൾ പ്രകാരം യുദ്ധത്തിന്റെ ആദ്യവർഷം ഏതാണ്ട് രണ്ടര ബില്യൺ ഡോളറിന്റെ നാശനഷ്ടമായിരുന്നു കണക്കാക്കിയിരുന്നത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് ഏതാണ്ട് നാൽപത് ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തപ്പെട്ടതെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രെ അസൂളായ് പ്രസ്താവിച്ചു. ലോകബാങ്ക്, ഉക്രൈൻ ഗവണ്മെന്റ്, യൂറോപ്യൻ കമ്മീഷൻ, ഐക്യരാഷ്ട്രസംഘടന എന്നിവയോട് ചേർന്ന് നടത്തിയ അന്വേഷണമാണ് രാജ്യം നേരിട്ട നാശനഷ്ടങ്ങൾ വിലയിരുത്തിയത്.
രാജ്യത്ത് ഏതാണ്ട് നാലായിരത്തിഎണ്ണൂറോളം (4779) സാംസ്‌കാരിക, ടൂറിസം ആസ്തികൾ നശിപ്പിക്കപ്പെട്ടതായാണ് ഉക്രൈൻ അധികാരികൾ വ്യക്തമാക്കിയത്. സാംസ്കാരികപൈതൃകമുള്ള ഇടങ്ങളും കെട്ടിടങ്ങളും, കലാസൃഷ്ടികളും ഉൾപ്പെടെയുള്ളവയ്ക്ക് നേരിട്ട നഷ്ടങ്ങളാണ് പ്രധാനമായും കണക്കാക്കപ്പെട്ടത്. ഖാർകിവ് മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് കണക്കാക്കപ്പെട്ട നാശനഷ്ടങ്ങളുടെ 25 ശതമാനവും ഇവിടെയാണ്. ഡോണെറ്സ്ക് പ്രദേശത്താണ് നശിപ്പിക്കപ്പെട്ട സാംസ്കാരികസാമ്പത്തിന്റെ 14 ശതമാനവും.
2022 ഫെബ്രുവരി മുതലുള്ള ഏകദേശ കണക്കുകൾ പ്രകാരം രാജ്യത്ത് സാംസ്‌കാരിക, ടൂറിസം മേഖലയ്ക്ക് ഏതാണ്ട് ഇരുപത് ബില്യൺ (19,6) ഡോളറിന്റെ വരുമാനമാണ് നഷ്ടമായത്. പുനരുദ്ധാനനടപടികൾക്കായി 2024 മുതൽ 2033 വരെയുള്ള കാലയളവിൽ കുറഞ്ഞത് 9 ബില്യൺ ഡോളർ വേണ്ടിവരുമെന്നാണ് യുനെസ്കോ കണക്കാക്കുന്നത്. നിലവിൽ ഉക്രൈൻ പ്രതിസന്ധിയിൽ സഹായമായി യുനെസ്കോ, വിവിധ സംഘടനകളിൽനിന്നും, രാജ്യങ്ങളിൽനിന്നും, സ്വകാര്യമേഖലയിൽനിന്നുമായി ഏതാണ്ട് 66 മില്യൺ ഡോളർ സംഭരിച്ചിട്ടുണ്ട്. ജപ്പാന്റെ മാത്രം സംഭാവന 26 മില്യനാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: