സിംബാബ്‌വെയിലും ദാരിദ്ര്യം വർധിക്കുന്നു
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ജനങ്ങളുടെ ജീവിതത്തിനു ഭീഷണിയുയർത്തുന്നതും, ദാരിദ്ര്യം വർധിപ്പിക്കുന്നതുമായ സർക്കാർ നയങ്ങൾക്കെതിരെ സിംബാബ്‌വെ മെത്രാൻ സമിതി ആശങ്ക പ്രകടിപ്പിച്ചു. സാധാരണ പൗരന്മാർ ഒരു നേരത്തെ ഭക്ഷണം കഴിക്കുവാൻ പോലും പാടുപെടുന്ന അവസ്ഥയിൽ നികുതി വർധിപ്പിക്കുവാനുള്ള സർക്കാർ തീരുമാനം കുടുംബങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണെന്ന് സമിതി വിലയിരുത്തി.
ജനാധിപത്യത്തിൽ നിന്നും ഏകകക്ഷി രാഷ്ട്രീയത്തിലേക്കുള്ള മാറ്റം ഭീതി ജനിപ്പിക്കുന്നതാണെന്നു മെത്രാന്മാർ പറഞ്ഞു. അടിസ്ഥാന ഉല്പന്നങ്ങൾക്കു പോലും വിലയേറിയ സാഹചര്യത്തിൽ ജീവൻ നിലനിർത്താൻ പോലും സാധിക്കാത്ത സ്ഥിതിയാണ് കൈവന്നിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മോശമായ രാഷ്ട്രീയത്തിൻ്റെയും വിനാശകരമായ സാമ്പത്തിക വ്യവസ്ഥയുടെയും ഫലമായി ധാരാളം ആളുകൾ നിരാശയിലേക്ക് വഴുതി വീഴുന്ന ജനത രാഷ്ട്രത്തിന്റെ നോവാണെന്നും, നിരാശയുടെ ഈ പ്രലോഭനത്തിൽ വീഴാതിരിക്കുവാൻ നാം കൂടുതൽ ജാഗരൂകതയോടെ പ്രാർത്ഥിക്കണമെന്നും മെത്രാന്മാർ എല്ലാവരെയും ആഹ്വാനം ചെയ്തു.നോമ്പുകാലത്ത് പ്രത്യാശയുടെ വിളക്കുകളായി നാം മാറണമെന്നും അവർ അടിവരയിട്ടു.
വർദ്ധിച്ചുവരുന്ന ആഗോള പ്രക്ഷുബ്ദതയും, വിതരണ ശൃംഖലയിലെ തടസ്സങ്ങളും, വർദ്ധിച്ചുവരുന്ന ഊർജ്ജത്തിൻ്റെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റവുമെല്ലാം പൊതുകടം വർദ്ധിക്കുന്നതിനു കാരണമായതും ജനകളുടെ ജീവിതം ദുസ്സഹമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: