നൈജീരിയയിൽ 564 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വടക്കൻ നൈജീരിയയിൽ ആവർത്തിച്ചുള്ള കൂട്ട തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് സ്ഥിതിഗതികളിൽ നിരാശ പ്രകടിപ്പിച്ചു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ കൂട്ടമായി തട്ടിക്കൊണ്ടു പോകുന്ന സായുധ സംഘങ്ങളുടെ ഭീകരത രീതി സാധാരണ പതിവാക്കരുതെന്ന് ടർക്ക് ഊന്നിപ്പറഞ്ഞു. തട്ടികൊണ്ട് പോകുന്നവരാണെന്ന് ഉറപ്പാക്കാനും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും നൈജീരിയൻ അധികാരികൾ ദ്രുതഗതിയിലുള്ള അന്വേഷണങ്ങൾക്ക് ഉത്തരവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പത്ത് ദിവസത്തിനുള്ളിൽ, തട്ടിക്കൊണ്ടുപോകലുകളുടെ ഒരു പരമ്പരയാണുണ്ടായത്. മൊത്തം 564 വ്യക്തികളെ തട്ടികൊണ്ട് പോയതായി ടർക്ക് പറഞ്ഞു. കടുന സംസ്ഥാനത്തെ കുരിഗ നഗരത്തിലെ ഒരു സ്‌കൂളിൽ നിന്ന് 280-ലധികം വിദ്യാർത്ഥികളും തട്ടിക്കൊണ്ടുപോയ ഇരകളിൽ ഉൾപ്പെടുന്നു. അതേ ദിവസം തന്നെ, ബോർണോ സംസ്ഥാനത്ത് വിറക് ശേഖരിക്കുന്നതിനിടയിൽ 200 വ്യക്തികളെയും സായുധസംഘങ്ങൾ തട്ടികൊണ്ട് പോയി. അവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. രണ്ട് ദിവസത്തിന് ശേഷം, സോകോടോ സംസ്ഥാനത്തെ ഗിദാൻ ബകുസോ ഗ്രാമത്തിലെ ഒരു കോളേജിൽ നിന്ന് 15 വിദ്യാർത്ഥികളെ കൂടി തട്ടിക്കൊണ്ടുപോയി. കൂടാതെ, മാർച്ച് 12ന്, കടുന സംസ്ഥാനത്തെ കജുരു പ്രദേശത്തെ ഒരു ഗ്രാമത്തിൽ ഏകദേശം 69 പേരെ അവരുടെ വീടുകളിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി.
ഈ തട്ടിക്കൊണ്ടുപോകലുകൾക്കും ആക്രമണങ്ങൾക്കും ശിക്ഷകൾ നൽകാതെ അവ തുടരുന്നത് തടയുന്നതിനുള്ള നിർണ്ണായക ചുവടുവയ്പ്പായി, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കനുസൃതമായി, ഈ ആക്രമണങ്ങൾക്ക് ഉത്തരവാദികളായ സായുധ പ്രവർത്തകരെ തിരിച്ചറിയുകയും നിയമത്തിനു മുന്നിൽ ഏൽപ്പിക്കുകയും ചെയ്യേണ്ടതിന്റെ അടിയന്തര പ്രാധാന്യം ഐക്യരാഷ്ട്ര സഭാ ഹൈക്കമ്മീഷണർ ഊന്നിപ്പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: