യുക്രെയ്നിലെ ഖ്മെൽനിറ്റ്സ്കിയിൽ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്നിലെ ഖ്മെൽനിറ്റ്സ്കിയിൽ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  (ANSA)

കീവിൽ റഷ്യ൯ മിസൈൽ ആക്രമണം: ആളപായമുണ്ടായതായി റിപ്പോർട്ട്

റഷ്യൻ സൈന്യം യുക്രേനിയൻ തലസ്ഥാനമായ കീവിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ആളപായവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജനവാസ മേഖലകളിൽ മിസൈലുകൾ പതിച്ചതിനെ തുടർന്ന് ഒരു കുട്ടി ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റതായി യുക്രേനിയൻ അധികൃതർ അറിയിച്ചു. നഗരത്തെ ലക്ഷ്യമിട്ടുള്ള മുപ്പത്തൊന്ന് റഷ്യൻ മിസൈലുകളും തടയുകയും വെടിവച്ചിടുകയും ചെയ്തതായി കീവിന്റെ വ്യോമസേനാ കമാൻഡർ അവകാശപ്പെട്ടെങ്കിലും അടിസ്ഥാന സൗകര്യ സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ നിലനിൽക്കുന്നു.

അതേസമയം, മറ്റൊരു സംഭവത്തിൽ, വടക്കൻ യുക്രേനിയൻ നഗരമായ ഖാർകിവിലെ ഒരു വ്യവസായ മേഖലയിൽ പതിച്ച റഷ്യൻ മിസൈൽ കുറഞ്ഞത് അഞ്ച് പേരുടെ ജീവൻ അപഹരിക്കുകയും കാര്യമായ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. യുക്രേനിയൻ ഡ്രോണുകൾ റഷ്യയ്ക്കുള്ളിലെ ഒരു എയർബേസിനെ ലക്ഷ്യമിട്ടതോടെ സംഘർഷം റഷ്യൻ പ്രദേശത്തേക്കും വ്യാപിച്ചു.

അക്രമം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ആയിരക്കണക്കിന് കുട്ടികളെയാണ് അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നത്. യുക്രേനിയൻ സേനയുടെ തുടർച്ചയായ ഷെല്ലാക്രമണമാണ് കൂട്ട ഒഴിപ്പിക്കലിന് കാരണമെന്ന് റഷ്യൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന സംഘർഷം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഇരുപക്ഷവും നടത്തുന്ന  ആക്രമണങ്ങളിൽ ആളപായങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

യുക്രെയ്നിനുള്ള അന്താരാഷ്ട്ര പിന്തുണയിൽ ഉറച്ചു നിന്നുകൊണ്ട് സൈനികവും മാനുഷികവുമായ സഹായത്തിനായി യൂറോപ്യൻ യൂണിയൻ ബുധനാഴ്ച കോടിക്കണക്കിന് യൂറോ വാഗ്ദാനം ചെയ്തു. യുദ്ധവിമാനങ്ങൾക്കും വെടിക്കോപ്പുകൾക്കും രഹസ്യാന്വേഷണ ഡ്രോണുകൾക്കും നെതർലാൻഡ് ഗണ്യമായ സംഭാവന പ്രഖ്യാപിച്ചപ്പോൾ യൂറോപ്യൻ യൂണിയൻ അനുവദിച്ച 4.5 ബില്യൺ യൂറോയുടെ ആദ്യ ഗഡു യുക്രെയ്നു കൈമാറി. കൂടാതെ, യുക്രെയ്നിനായി ആയുധങ്ങൾ വാങ്ങാൻ റഷ്യക്കാരുടെ  മരവിപ്പിച്ച സ്വത്തുക്കൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും യൂറോപ്യൻ യൂണിയൻ നേതാക്കൾ ആലോചിക്കുന്നുണ്ട്.

അധിനിവേശ യുക്രേനിയൻ പ്രദേശങ്ങളിൽ പീഡനവും ഏകപക്ഷീയമായ തടങ്കലും ആരോപിച്ച് ഐക്യരാഷ്ട്രസഭ റഷ്യയുടെ നടപടികളെ അപലപിച്ചു. മോസ്കോയുടെ അധിനിവേശത്തെ ന്യായീകരിക്കാൻ വിദ്യാഭ്യാസ പരിഷ്കാരങ്ങളിലൂടെ കുട്ടികൾക്കിടയിൽ യുക്രേനിയൻ സ്വത്വം അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള റഷ്യയുടെ ശ്രമങ്ങൾ ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 March 2024, 14:17