ഭവനരഹിതരായി തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന സഹോദരങ്ങൾ ഭവനരഹിതരായി തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന സഹോദരങ്ങൾ  (ANSA)

റോമിലെ ഭവനരഹിതരായ സഹോദരങ്ങൾക്കായി ഈസ്റ്റർ ഒരുക്കം

വത്തിക്കാന് ചുറ്റുമുള്ള പ്രദേശങ്ങളിൽ, ഭവനരഹിതരായി തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന സഹോദരങ്ങൾക്ക് ഈസ്റ്റർ ദിനത്തിലേക്കുള്ള ഒരുക്കങ്ങൾ സംഘടിപ്പിച്ചു. അനുതാപനിമിഷങ്ങളും ഉൾപ്പെടുന്ന ഈ ഒരുക്കത്തിന് മുൻകൈയെടുക്കുന്നത്, ക്ലരീഷ്യൻ സന്യാസിനീസമൂഹത്തിലെ അംഗങ്ങളാണ്.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വത്തിക്കാന് ചുറ്റുമുള്ള പ്രദേശങ്ങളിൽ, ഭവനരഹിതരായി തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന സഹോദരങ്ങൾക്ക് ഈസ്റ്റർ ദിനത്തിലേക്കുള്ള ഒരുക്കങ്ങൾ സംഘടിപ്പിച്ചു. അനുതാപനിമിഷങ്ങളും ഉൾപ്പെടുന്ന ഈ ഒരുക്കത്തിന് മുൻകൈയെടുക്കുന്നത്, ക്ലരീഷ്യൻ സന്യാസിനീസമൂഹത്തിലെ അംഗങ്ങളാണ്.  നിരവധി വർഷങ്ങളായി ഇപ്രകാരം ഈ ആത്മീയഒരുക്കം നടത്തിവരുന്നു. നിരവധിയാളുകളാണ് ഈ സംരംഭത്തിൽ പങ്കാളികളാകുന്നത്.

ആരെയും ഒഴിവാക്കാതെ, ഹൃദയങ്ങളെ ശക്തിപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന യേശുവിന്റെ പുനരുത്ഥാനം പ്രദാനം ചെയ്യുന്ന സമാധാനത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം ഭവനരഹിതരായ ആളുകൾക്ക് ജീവിതത്തിൽ അനുഭവവേദ്യമാകുന്നതിനു വേണ്ടിയാണ് നിരവധി വർഷങ്ങളായി സന്യാസിനിമാർ ഈ സേവനം തുടരുന്നത്. മാർച്ചുമാസം ഇരുപത്തിയാറാം തീയതിയാണ് ഈ ഒരുക്കശുശ്രൂഷ നടത്തിയത്.

തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കു ഭക്ഷണം മാത്രമല്ല ആവശ്യമെന്നും, നമ്മുടെ സാന്നിധ്യവും, പ്രാർത്ഥനയുമെല്ലാം അവരുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നതായും സഹോദരിമാർ എടുത്തു പറഞ്ഞു. മാസത്തിലൊരിക്കൽ ഈ ആളുകളോടൊപ്പം, വിശുദ്ധ ഗ്രന്ഥം വായിക്കുന്നതും, ധ്യാനിക്കുന്നതും, പ്രാർത്ഥിക്കുന്നതും മറക്കാനാവാത്ത അനുഭവങ്ങളാണ് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. വത്തിക്കാൻ ചത്വരത്തിനു വെളിയിൽ ഇപ്രകാരം പ്രാർത്ഥന നടത്തുമ്പോൾ നിരവധി വിനോദ സഞ്ചാരികളും ഒപ്പം കൂടി പ്രാർത്ഥിക്കുന്നുവെന്നും സഹോദരിമാർ പറഞ്ഞു.

"സഭയ്ക്കും ലോകത്തിനും ഇന്ന് അടിയന്തിരമായി സമർപ്പിത ജീവിതങ്ങളുടെ വിശ്വസ്തവും ധീരവുമായ സാക്ഷ്യം ആവശ്യമാണ്" എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ തങ്ങളുടെ സേവനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതായും അവർ എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 March 2024, 14:24