സുഡാനിൽ അതിഭീകര പട്ടിണി പ്രതിസന്ധി
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
കാർട്ടൂം സൈന്യവും സമാന്തര സായുധസംഘവും തമ്മിലുള്ള ശത്രുത പൊട്ടിപ്പുറപ്പെട്ട് ഏകദേശം 11 മാസങ്ങൾ കഴിയുമ്പോൾ ലോക ഭക്ഷ്യ പദ്ധതി (WFP/Pam) ആവർത്തിച്ച മുന്നറിയിപ്പാണിത്. ഇപ്പോൾ "ദശലക്ഷക്കണക്കിന് ജീവിതങ്ങളും ഒരു മുഴുവൻ പ്രദേശത്തിന്റെയും സമാധാനവും സ്ഥിരതയും അപകടത്തിലാണ്," എന്ന് ലോക ഭക്ഷ്യ പദ്ധതി WFP/Pam ന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സിൻഡി മക്കെയ്ൻ പറഞ്ഞു.
ഇരുപത് വർഷം മുമ്പ്, ഡാർഫർ ഏറ്റവും വലിയ ആഗോള ക്ഷാമ പ്രതിസന്ധിയുടെയിടമായിരുന്നു. ലോകം മുഴുവൻ അവിടത്തേക്കു വേണ്ടി സഹായം എത്തിച്ചു. തുടർന്ന് 2000ത്തിന്റെ തുടക്കത്തിൽ സുഡാനിലെ വിശാലമായ പടിഞ്ഞാറൻ മേഖലയിൽ 300,000 പേരുടെ മരണത്തിന് കാരണമായ സംഘർഷത്തെക്കുറിച്ച് സിൻഡി മക്കെയ്ൻ പരാമർശിച്ചു. എന്നാൽ ഇന്ന് സുഡാൻ ജനത ഓർമ്മിക്കപ്പെടുന്നില്ല. 2023 ഏപ്രിൽ 15-ന് പൊട്ടിപ്പുറപ്പെട്ട യുദ്ധം കാരണം,"വിശപ്പിന്റെ അടിയന്തിരാവസ്ഥ" അഭിമുഖീകരിക്കുന്ന 90ശതമാനം ആളുകളിലേക്കും എത്താൻ നിലവിൽ തങ്ങൾക്ക് കഴിയുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ ഏജൻസി പറയുന്നു. സംഘർഷത്തിന് മുമ്പ് 45 ദശലക്ഷം എന്ന് കണക്കാക്കിയിട്ടുള്ള സുഡാനീസ് ജനസംഖ്യയുടെ അഞ്ച് ശതമാനത്തിന് മാത്രമാണ് "ദിവസത്തിൽ ഒരു നേരം മാന്യമായ ഭക്ഷണം കഴിക്കാൻ സാധിക്കുന്നത്.”
600,000 സുഡാനികൾ പലായനം ചെയ്ത ദക്ഷിണ സുഡാനിലെ തിരക്കേറിയ ട്രാൻസിറ്റ് ക്യാമ്പുകളിലാണ്. കുടുംബങ്ങൾ വിശന്നുവലയുകയും കൂടുതൽ പട്ടിണിയെ അവർ അഭിമുഖികരിക്കുകയും ചെയ്യുന്നു. അതേസമയം, വരാനിരിക്കുന്ന റമദാൻ ആരംഭിക്കുന്നതിന് മുന്നോടിയായി സുഡാനിലെ ശത്രുത ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബ്രിട്ടീഷ് പ്രമേയത്തിന്റെ കരട് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ നാളെ തന്നെ ചർച്ച ചെയ്തേക്കാമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പ്രത്യേകിച്ച് ഡാർഫറിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ചും ഭക്ഷ്യ അരക്ഷിതാവസ്ഥ ഉൾപ്പെടെയുള്ള മാനുഷികാവസ്ഥയുടെ വിനാശകരമായ തകർച്ചയെക്കുറിച്ചുമുള്ള ഗുരുതരമായ ആശങ്ക പ്രമേയത്തിലുണ്ടന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: