സ്ത്രീ ജനനേന്ദ്രിയഛേദന നിരോധനം പിൻവലിക്കാനുള്ള നിർദ്ദേശത്തിൽ ഗാംബിയയ്ക്ക് ആഗോള തിരിച്ചടി
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
സ്ത്രീ ജനനേന്ദ്രിയഛേദന (Female Genital Mutilation) നിരോധനം പിൻവലിക്കാനുള്ള ഈ നീക്കം മനുഷ്യാവകാശ ലംഘനം മാത്രമല്ല, സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പതിറ്റാണ്ടുകളുടെ പ്രവർത്തനത്തെ തുരങ്കം വയ്ക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ചിൽഡ്രൻസ് ഫണ്ടും (യുനിസെഫ്), പോപ്പുലേഷൻ ഫണ്ടും (യുഎൻഎഫ്പിഎ) വ്യക്തമാക്കി.
2015ൽ ഗാംബിയയിൽ സ്ത്രീ ലിംഗഛേദന നിരോധനം ഏർപ്പെടുത്തിയത് രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി വിശേഷിക്കപ്പെട്ടിരുന്നു. ഇപ്പോൾ ആ നിരോധനം പിൻവലിക്കാനുള്ള നിർദ്ദേശം സ്ഥിതി പഴയപടിയാക്കുമെന്നും ആഗോളതലത്തിൽ അപകടകരമായ ഒരു മാതൃക യാകുമെന്നുമുള്ള ഭയവും ഉണർത്തുന്നു. ഈ നിയമം അസാധുവാക്കിയാൽ, സ്ത്രീകളുടെ അവകാശങ്ങൾക്ക് മുൻഗണന നൽകുന്നതിൽ ആശങ്കാജനകമായ ഒരു സന്ദേശം നൽകിക്കൊണ്ട് അത്തരം പ്രതിബദ്ധതകളിൽ നിന്ന് പിന്മാറുന്ന ആദ്യത്തെ രാജ്യമായി ഗാംബിയ മാറും.
അന്താരാഷ്‌ട്ര മനുഷ്യാവകാശ നിയമപ്രകാരം ഗാംബിയൻ ഗവൺമെന്റ് അതിന്റെ ബാധ്യതകൾ ഉയർത്തിപ്പിടിക്കണമെന്നും സ്ത്രീ ലിംഗഛേദന നിരോധനം നിലനിർത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള അന്താരാഷ്ട്ര പ്രതിഷേധം അതിവേഗം ഉയർന്നു. കൂടാതെ, ഈ സമ്പ്രദായം തടയുന്നതിനും പരിഹരിക്കുന്നതിനുമുള്ള ശക്തമായ ശ്രമങ്ങൾ പ്രയോഗിക സംവിധാനങ്ങളിലൂടെയും പുരുഷന്മാരും ആൺകുട്ടികളും ഉൾപ്പെട്ട സമൂഹത്തിന്റെ ഇടപെടലുകളിലൂടെയും നടത്തണമെന്ന് ഗവണ്മെന്റിനോടു അഭ്യർത്ഥിക്കുകയും, ശുചിത്വ സേവനങ്ങൾ വർദ്ധിപ്പിക്കാനും സ്ത്രീകൾക്കും പെൺകുട്ടികൾക്കും നൽകുന്ന അവസരങ്ങൾ വിപുലീകരിക്കാനും അവർ ആവശ്യപ്പെടുകയും ചെയ്തു. ഈ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുന്ന അതിജീവിതകൾ, മാറ്റങ്ങൾക്കായി പ്രവർത്തിക്കുന്ന കർമ്മോന്മുഖർ, പൊതു സംഘടനകൾ,മതസംഘടനകൾ എന്നിവയ്ക്ക് യൂണിസെഫും യു.എൻ. എഫ്. പി.എ യും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: