തിരയുക

പലസ്‌തീനിയൻ-ഇസ്രായേൽ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾ. പലസ്‌തീനിയൻ-ഇസ്രായേൽ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾ.  (AFP or licensors)

ഗാസ: പോഷകാഹാരക്കുറവുള്ള കുട്ടികൾ ലോകത്തിന്റെ കൺമുന്നിൽ മരിച്ചു വീഴുന്നു

മധ്യ കിഴക്ക൯ മറ്റും ഉത്തര ആഫ്രിക്കയുടെ യുണിസെഫ് റീജിയണൽ ഡയറക്ടർ അദെല്ലേ ഖോദറിന്റെ പ്രസ്താവന വ്യക്തമാക്കി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പോഷകാഹാരക്കുറവ് ഗാസ മുനമ്പിനെ തകർത്തതിനാൽ തങ്ങൾ ഭയപ്പെട്ട കുട്ടികളുടെ മരണം എത്തിയതായി യുണിസെഫ് വെളിപ്പെടുത്തി. മാർച്ച് മൂന്നാം തിയതിയിലെ റിപ്പോർട്ടുകൾ പ്രകാരം, വടക്കൻ ഗാസ മുനമ്പിലെ കമാൽ അദ്‌വാൻ ആശുപത്രിയിൽ ഈയടുത്ത ദിവസങ്ങളിൽ നിർജ്ജലീകരണവും പോഷകാഹാരക്കുറവും മൂലം പത്ത് കുട്ടികളെങ്കിലും മരിച്ചിട്ടുണ്ട്. ഗാസയിൽ അവശേഷിക്കുന്ന ചുരുക്കം ചില ആശുപത്രികളിലൊന്നിൽ എവിടെയോ കൂടുതൽ കുട്ടികൾ ജീവനുവേണ്ടി പോരാടുകയാണ്, വടക്കൻ പ്രദേശത്തെ ഇതിലും വലിയൊരു വിഭാഗം കുട്ടികൾക്ക് പരിചരണം ലഭിക്കാതെ വന്നേക്കാം. ഈ ദാരുണവും ഭയാനകവുമായ മരണങ്ങൾ മനുഷ്യനിർമ്മിതവും പ്രവചിക്കാവുന്നതുമാണ്.

പോഷകസമൃദ്ധമായ ഭക്ഷണം, സുരക്ഷിതമായ വെള്ളം, മെഡിക്കൽ സേവനങ്ങൾ എന്നിവയുടെ വ്യാപകമായ അഭാവം, പ്രവേശന തടസ്സങ്ങളുടെയും ഐക്യ രാഷ്ട്ര സഭയുടെ മാനുഷിക പ്രവർത്തനങ്ങൾ അഭിമുഖീകരിക്കുന്ന അപകടങ്ങളും അവയുടെ നേരിട്ടുള്ള അനന്തരഫലങ്ങളും കുട്ടികളെയും അമ്മമാരെയും ബാധിക്കുന്നു. പ്രത്യേകിച്ച്, വടക്കൻ ഗാസ മുനമ്പിൽ കുട്ടികൾക്ക് മുലയൂട്ടാനുള്ള ശക്തി പോലും അമ്മമാർക്കില്ല. അവിടെ ജനങ്ങൾ വിശന്നിരിക്കുകയാണെന്നും ക്ഷീണിതരാണെന്നും മാനസികാഘാതം അനുഭവിക്കുന്നുവെന്നും യുണിസെഫ് വിശദീകരിച്ചു.

വടക്കും തെക്കും തമ്മിലുള്ള സാഹചര്യങ്ങളിലെ അസമത്വം, വടക്കൻ മേഖലയിലെ സഹായ നിയന്ത്രണങ്ങൾ മനുഷ്യജീവനുകൾ നഷ്ടപ്പെടുത്തുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്. യുണിസെഫും, ഐക്യരാഷ്ട്രസഭയുടെ ഒരു ശാഖയായ ലോക ഭക്ഷ്യ പദ്ധതിയും (ഡബ്ള്യു.എഫ്.പി) ചേർന്ന് ജനുവരിയിൽ രാജ്യത്തിന്റ വടക്കൻ ഭാഗത്ത് നടത്തിയ പോഷകാഹാരക്കുറവ് പരിശോധനയിൽ ഏകദേശം 16% അല്ലെങ്കിൽ  രണ്ട് വയസ്സിന് താഴെയുള്ള ആറ് കുട്ടികളിൽ ഒരാൾക്ക്  ഗുരുതരമായ പോഷകാഹാരക്കുറവ് ഉണ്ടെന്ന് കണ്ടെത്തി. തെക്ക്, റഫയിൽ, സഹായം കൂടുതൽ ലഭ്യമായിട്ടുള്ള, സമാനമായ പരീക്ഷകൾ നടത്തുകയും രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ 5% കടുത്ത പോഷകാഹാരക്കുറവുള്ളവരാണെന്ന് കണ്ടെത്തുകയും ചെയ്തു.

മാനുഷിക പ്രതിസന്ധി മറികടക്കാനും പട്ടിണി തടയാനും കുട്ടികളുടെ ജീവൻ രക്ഷിക്കാനും യുനിസെഫ് പോലുള്ള മാനുഷിക സഹായ ഏജൻസികളെ പ്രാപ്തമാക്കണം. ഇതിനായി, ഗാസയുടെ വടക്കൻ പാത ഉൾപ്പെടെ സാധ്യമായ എല്ലാ ക്രോസിംഗുകളിലൂടെയും സഹായം എത്തിക്കാൻ തങ്ങളെ അനുവദിക്കുന്ന ഒന്നിലധികം വിശ്വസനീയമായ പ്രവേശന സ്ഥലങ്ങൾ ആവശ്യമാണന്ന് യുണിസെഫ് വ്യക്തമാക്കി. കൂടാതെ ഗാസയിലുടനീളം വലിയ തോതിൽ, നിരോധനങ്ങളോ, കാലതാമസങ്ങളോ, പ്രവേശന തടസ്സങ്ങളോ ഇല്ലാതെ സഹായം വിതരണം ചെയ്യുന്നതിനുള്ള സുരക്ഷയുടെ ഉറപ്പും തടസ്സമില്ലാത്ത പാതയും ആവശ്യമാണ്.

ഒരു മാനുഷിക പ്രതിസന്ധി ഉടലെടുക്കുകയും അത് കൂടുതൽ വഷളാക്കാൻ അനുവദിക്കുകയും ചെയ്താൽ ഗാസയിൽ മരണസംഖ്യ ഉയരുമെന്ന് യുണിസെഫ് ഒക്ടോബർ മുതൽ മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥിതി കൂടുതൽ വഷളായിരിക്കുന്നു, തൽഫലമായി, നിലവിലുള്ള പോഷകാഹാര പ്രതിസന്ധിയെ അഭിമുഖികരിച്ചില്ലെങ്കിൽ ശിശുമരണങ്ങളുടെ ഒരു സ്ഫോടനം ആസന്നമാണെന്ന്  യുണിസെഫ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നതും അദെല്ലേ ഖോദർ ആവർത്തിച്ചു. ഇപ്പോൾ കുട്ടികൾ മരണപ്പെടുന്നു. യുദ്ധം അവസാനിക്കുകയും മാനുഷിക സഹായത്തിനുള്ള തടസ്സങ്ങൾ ഉടനടി പരിഹരിക്കുകയും ചെയ്തില്ലെങ്കിൽ കുട്ടികളുടെ  മരണ സംഖ്യ അതിവേഗം വർദ്ധിക്കുമെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകി.

ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള ജീവൻരക്ഷാ സഹായം തങ്ങളുടെ കൈയിൽ നിന്ന് അകറ്റിനിർത്തപ്പെടുന്നു എന്ന് തിരിച്ചറിയുന്ന മാതാപിതാക്കളുടെയും ഡോക്ടർമാരുടെയും നിസ്സഹായതയും നിരാശയും അസഹനീയമാണ്. പക്ഷേ അതിലും മോശമാണ് ലോകത്തിന്റെ കൺമുന്നിൽ സാവധാനം മരിക്കുന്ന ആ കുട്ടികളുടെ വേദനാജനകമായ നിലവിളി. ആയിരക്കണക്കിന് നവജാതശിശുക്കളുടെയും കുട്ടികളുടെയും ജീവിതം അടിയന്തിര നടപടിയെ ആശ്രയിച്ചിരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 March 2024, 15:26