തിരയുക

ഹൈറ്റിയിലെ പൊതുവഴിയിൽനിന്നുള്ള ഒരു ദൃശ്യം - ഫയൽ ചിത്രം ഹൈറ്റിയിലെ പൊതുവഴിയിൽനിന്നുള്ള ഒരു ദൃശ്യം - ഫയൽ ചിത്രം 

ഹൈറ്റിയിൽ കുട്ടികളുടെ സ്ഥിതി ദുരിതാവസ്ഥയിൽ: യൂണിസെഫ്

ഹൈറ്റിയിൽ അക്രമങ്ങളും സംഘർഷവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണ ജനത്തിന് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് അന്താരാഷ്ട്രസമൂഹത്തോട് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. രാജ്യത്ത് മൂന്നിൽ രണ്ടു കുട്ടികൾക്കും മാനവികസഹായം ആവശ്യമാണ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദീർഘനാളുകളായി തുടരുന്ന സംഘർഷങ്ങളും ആക്രമണങ്ങളും കാരണം ഹൈറ്റിയിലെ സാധാരണജനജീവിതം ദുരിതത്തിലാണെന്നും, അവിടെയുള്ള കുട്ടികളിൽ മൂന്നിൽ രണ്ടു പേർക്കും മാനവികസഹായം ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സമീപകാലങ്ങളിൽ ഹൈറ്റിയിൽ നിയമലംഘനം, മനുഷ്യാവകാശലംഘനങ്ങൾ, ആളുകളെ തട്ടിക്കൊണ്ടുപോകൽ, കുട്ടികളോടും സാധാരണ കുടുംബങ്ങളോടുമുള്ള അവഗണന എന്നിവ കൂടുതലായി വർദ്ധിച്ചുവരികയാണെന്ന് യൂണിസെഫ് അറിയിച്ചു. ഫെബ്രുവരി 7 വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് ശിശുക്ഷേമനിധിയുടെ ഡയറക്ടർ ജെനെറൽ കാതറിൻ റസ്സൽ പ്രസ്‌താവനയിറക്കിയത്.

ഹൈറ്റിയിൽ വിവിധ സായുധസംഘങ്ങൾ തടവുകാരെ ജയിലുകളിൽനിന്ന് മോചിപ്പിക്കുകയും അവരെ ഒപ്പം ചേർക്കുകയും ചെയ്‌തിട്ടുണ്ടെന്ന് യൂണിസെഫ് ആരോപിച്ചു. സാധാരണ ജനത്തിന് ആശുപത്രി, സ്‌കൂളുകൾ തുടങ്ങിയ സേവനങ്ങൾ പോലും പരിമിതമായി തുടരുന്നതിനിടെയാണിത്. ജല, ഭക്ഷ്യ ലഭ്യതയിലും രാജ്യത്ത് പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.

കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കേണ്ട പൊതു ഇടങ്ങൾ സായുധസംഘങ്ങൾ തമ്മിലുള്ള പോരാട്ടയിടങ്ങളായി മാറിയെന്നും, രാജ്യത്തെ തുറമുഖങ്ങളും വിമാനത്താവളവും ഇത്തരം സംഘങ്ങളുടെ പിടിയിലാണെന്നും യൂണിസെഫ് അറിയിച്ചു.

ഹൈറ്റിയിൽ ലക്ഷക്കണക്കിന് കുട്ടികളും അവരുടെ കുടുംബങ്ങളും അപകടകരമായ സ്ഥിതിയിലാണ് തുടരുന്നതെന്നും, ഏതാണ്ട് മൂന്നര ലക്ഷത്തിലധികം (362,000) ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ശിശുക്ഷേമനിധി പ്രസ്‌താവിച്ചു. രാജ്യത്ത് പട്ടിണിയും പോഷകാഹാരക്കുറവും മുൻപില്ലാത്ത വിധത്തിൽ വർദ്ധിച്ചുവെന്നും, മൂന്നിൽ രണ്ടു കുട്ടികൾക്കും മാനവികസഹായം ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭാ സംഘടന അറിയിച്ചു.

നിലവിലെ സ്ഥിതിഗതികൾക്ക് ഒരു പരിഹാരമുണ്ടാക്കാൻ അന്താരാഷ്ട്രസംഘടനയുടെ സഹായം ആവശ്യമുണ്ടെന്ന് അറിയിച്ച യൂണിസെഫ്, സ്‌കൂളുകളും, ആശുപത്രികളും ഉൾപ്പെടെയുള്ള ഇടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ദീർഘകാലസേവനം ഉറപ്പുവരുത്തുന്ന രീതിയിൽ വേണം സാമൂഹികസേവനങ്ങൾ നൽകേണ്ടതെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു. പ്രകൃതിദുരന്തങ്ങൾ, ആരോഗ്യപ്രതിസന്ധികൾ, പകർച്ചവ്യാധികൾ എന്നിവയെ മുന്നിൽക്കണ്ട് പദ്ധതികൾ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയും ശിശുക്ഷേമനിധി എടുത്തുപറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2024, 16:15