ലോകമെമ്പാടുമുള്ള കുടിയേറ്റക്കാർ അനന്തമായ ദുരന്തം അനുഭവിക്കുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ലോകമെമ്പാടുമുള്ള കുടിയേറ്റ പാതകളിൽ കുറഞ്ഞത് 8,565 പേരുടെ ജീവനാണ് നഷ്ടമായത്. ഒരു ദശാബ്ദം മുമ്പ് ആരംഭിച്ച കുടിയേറ്റക്കാർക്കായുള്ള അന്താരാഷ്ട്ര സംഘടന (IOM) കാണാതായ കുടിയേറ്റക്കാർക്കു വേണ്ടിയുള്ള പദ്ധതി വഴി രേഖപ്പെടുത്തിയ വച്ച് ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.
3,129 പേരുടെ ജീവൻ അപഹരിച്ച മെഡിറ്ററേനിയൻ പാതയാണ് ഏറ്റവും മാരകമായത്. കഴിഞ്ഞ വർഷത്തെ മരണസംഖ്യയിൽ, 2022 നേക്കാൾ 20% വർധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് കുടിയേറ്റക്കാർക്കായുള്ള അന്താരാഷ്ട്ര സംഘടന സൂചിപ്പിക്കുന്നത്. ദുരന്തമായി മാറുന്ന ഈ പ്രത്യാശയുടെ യാത്രകളിൽ നഷ്ടപ്പെട്ട ജീവിതങ്ങളെ അനുസ്മരിച്ച ഐ.ഒ.എമ്മിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായ ഉഗോച്ചി ഡാനിയൽസ് തുടർന്നുകൊണ്ടിരിക്കുന്ന ഈ ദുരന്തങ്ങൾ കുടുംബങ്ങളെയും സമൂഹങ്ങളെയും ബാധിക്കുന്നുവെന്നും ഊന്നിപ്പറഞ്ഞു.
മരണങ്ങളിൽ പകുതിയിലധികവും മുങ്ങിമരണങ്ങളാണ്. പ്രാദേശികമായി പറഞ്ഞാൽ, കുടിയേറ്റ മരണങ്ങൾ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത് ആഫ്രിക്കയിലാണ്. പ്രത്യേകിച്ച് സഹാറ മരുഭൂമിയിലും കാനറി ദ്വീപുകളിലേക്കുള്ള കടൽ പാതയിലും. ഏഷ്യയിൽ മരണമടഞ്ഞ കുടിയേറ്റക്കാരിൽ അധികവും അഫ്ഗാനികളും റോഹിങ്ക്യകളുമാണ്. എന്നിരുന്നാലും, മൊത്തത്തിലുള്ള വിവരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, കാണാതായ കുടിയേറ്റക്കാരുടെ പ്രോജക്റ്റിന്റെ ഉത്തരവാദിത്തത്തിൽപ്പെട്ട ഉദ്യോഗസ്ഥർ കാണാതായവരുടേയും ജീവൻ നഷ്ടപ്പെട്ടവരുടേയും യഥാർത്ഥ എണ്ണം വളരെ കൂടുതലാണെന്നാണ് ഖേദപൂർവ്വം ചൂണ്ടിക്കാട്ടുന്നത്.
കൊളംബിയ-പനാമ അതിർത്തിയിലെ ഇടതൂർന്ന ഡാരിയൻ വനം പോലുള്ള വിദൂര സ്ഥലങ്ങളിൽ കുടിയേറ്റക്കാർക്കും നേരെയുള്ള സായുധ സംഘങ്ങളുടെ അക്രമങ്ങളിലും, "അദൃശ്യമായ കപ്പൽ തകർച്ചകൾ" സംഭവിക്കുന്ന കടൽ റൂട്ടുകളിലും ജീവ൯ നഷ്ടമാകുന്നത് കണക്കാക്കാൻ ബുദ്ധിമുട്ടാണ്. കടലിലെ മരണങ്ങളുടെ ഭയാനകമായ പട്ടിക മണിക്കൂറുകൾ തോറും നിരന്തരം പുതുക്കപ്പെടുകയും ചെയ്യപ്പെടുന്നു. മധ്യ മെഡിറ്ററേനിയനിൽ 51 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി രണ്ട് മണിക്കൂറിന് ശേഷം സീ വാച്ച് 5 എന്ന കപ്പലിൽ ഒരു പതിനേഴുകാരന് ജീവൻ നഷ്ടമായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: