കരാറുകളിലൂടെ സമാധാനം സംസ്ഥാപിക്കണം: മോൺസിഞ്ഞോർ ഗാല്ലഘർ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
വിവിധ സംസ്ഥാനങ്ങളുമായുള്ള പരിശുദ്ധസിംഹാസനത്തിന്റെ ബന്ധങ്ങൾക്കായുള്ള സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗാല്ലഘർ, ഇറ്റാലിയൻ ദൃശ്യമാധ്യമമായ റ്റി ജി 1 നു അനുവദിച്ച അഭിമുഖ സംഭാഷണത്തിൽ മോസ്കോയിലെ ആക്രമണത്തെക്കുറിച്ചും, വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളെക്കുറിച്ചും, യൂറോപ്പിന്റെയും, ലോകത്തിന്റെയും ഭാവിയെക്കുറിച്ചും എടുത്തു പറഞ്ഞു. ആക്രമണങ്ങളും, യുദ്ധങ്ങളും ഒഴിവാക്കിക്കൊണ്ട് സുസ്ഥിരമായ ഒരു ഭാവി രൂപപ്പെടുത്തുവാൻ ചർച്ചകൾക്കും, കരാറുകൾക്കും ലോകരാജ്യങ്ങളും, പ്രസ്ഥാനങ്ങളും തയ്യാറാവണമെന്ന് അദ്ദേഹം അടിവരയിട്ടു.
മോസ്കോയിലെ കൂട്ടക്കൊല ലോകത്തിലെ യുദ്ധസാഹചര്യത്തെ കൂടുതൽ വഷളാക്കുമെന്ന അപകടസാധ്യത അദ്ദേഹം എടുത്തു പറഞ്ഞു. ലോകത്തിൽ വിവിധങ്ങളായ അന്താരാഷ്ട്ര സംഘടനകൾ നിലവിലുണ്ടെങ്കിലും, ഇപ്പോൾ സംജാതമായിരിക്കുന്ന ഗുരുതരമായ സാഹചര്യങ്ങളെ അതിജീവിക്കുവാൻ ഉതകുംവിധമുള്ള സംവിധാനങ്ങൾ ഇല്ലായെന്നതും ആശങ്കാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധങ്ങൾ അവസാനിക്കണമെങ്കിൽ, ചർച്ചകൾക്ക് തയ്യാറാവണമെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനവും മോൺസിഞ്ഞോർ ഓർമ്മപ്പെടുത്തി.രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് ഉക്രൈൻ പക്ഷത്തെ സംഭാഷണത്തിന് പ്രോത്സാഹിപ്പിക്കാൻ പാപ്പാ പരിശ്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധം ആയുധങ്ങളുടെ മാത്രം പ്രശ്നമല്ല എന്നും, കരാറുകളിലൂടെ സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ഉത്തരവാദിത്വം യൂറോപ്പിനുണ്ടെന്നും, അദ്ദേഹം അടിവരയിട്ടു.
തുടർന്ന് മധ്യ പൂർവ്വേഷ്യയിലെ സാഹചര്യങ്ങളും മോൺസിഞ്ഞോർ എടുത്തു പറഞ്ഞു. "രണ്ട് ജനതകൾ, രണ്ട് സംസ്ഥാനങ്ങൾ" എന്നത് മാത്രമാണ് ഇസ്രായേൽ-പാലസ്തീൻ സംഘർഷത്തിന് പരിഹാരമാർഗമെന്നും, അതിനായി നടക്കുന്ന ചർച്ചകൾ ആരോഗ്യപരമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കുടിയേറ്റക്കാരുടെ വൻതോതിലുള്ള പ്രശ്നങ്ങൾ നേരിടുന്ന ഗാസയിൽ പരിഹാരമാർഗങ്ങൾക്കായി ഇസ്രായേൽ അധികാരികളോടുള്ള ചർച്ചകൾ ഇനിയും വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് എന്ന തീവ്രവാദ സംഘടനയ്ക്ക് ഒരു രാഷ്ട്രീയ സ്ഥാപനമെന്ന നിലയിൽ ഭാവിയില്ലയെന്നും, പലസ്തീനിലെ ജനതയുടെ പുരോഗമനമാണ് ലക്ഷ്യമാക്കേണ്ടതെന്നും മോൺസിഞ്ഞോർ എടുത്തു പറഞ്ഞു.അവസാനമായി, കേറ്റ് മിഡിൽടൺ രാജകുമാരിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: