സമാധാനോദയത്തിനായി പ്രാർത്ഥിക്കുക, കർദ്ദിനാൾ ചാൾസ് മൗംഗ് ബോ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സംഘർഷത്തിൻറെ ഇരുളുനീക്കി പ്രത്യാശയുടെയും ഐക്യത്തിൻറെയും പുത്തനുഷസ്സ് പൊട്ടിവിരിയിക്കുന്നതിന് ഐക്യദാർഢ്യാരൂപിയോടെ മുട്ടിന്മേൽനിന്നു പ്രാർത്ഥിക്കാൻ മ്യന്മാറിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷനായ യംഗൂൺ അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ചാൾസ് മൗംഗ് ബോ അഭ്യർത്ഥിക്കുന്നു.
ആഗതമാകുന്ന ഉത്ഥാനത്തിരുന്നാളിനോടനുബന്ധിച്ച് അദ്ദേഹം “സമാധാനത്തിൻറെ പുലരിയെ വരവേല്ക്കാൻ” എന്ന ശീർഷത്തിൽ നല്കിയ സന്ദേശത്തിലാണ് ഈ അഭ്യർത്ഥനയുള്ളത്. ശാന്തിക്കായി ഫ്രാൻസീസ് പാപ്പാ നടത്തിയിട്ടുള്ള ഹൃദയംഗമമായ അഭ്യർത്ഥനകളോടൊന്നുചേരാൻ കർദ്ദിനാൾ ബോ ഈ സന്ദേശത്തിൽ എല്ലാവരെയും ക്ഷണിക്കുന്നു.
2021 ഫെബ്രുവരിയിലുണ്ടായ സൈനിക അട്ടിമറിക്ക് ശേഷം, മൂന്നു വർഷമായി ആഭ്യന്തര കലാപത്തിൻറെ പിടിയിലായിരിക്കുന്ന മ്യന്മാർ നിരപരാധികളുടെ വേദനാജനകമായ നിലവിളികളും അടിച്ചമർത്തപ്പെട്ടവരുടെ കണ്ണീരും സംഘർഷങ്ങൾക്കിടയിൽ വെടവെയ്പ്പുകളിൽ പെട്ടുപോകുന്നവരുടെ വിശിഷ്യ, യുവതയുടെ, തകർന്ന സ്വപ്നങ്ങളും നാം നമ്മുടെ തീവ്രമായ പ്രാർത്ഥനയിൽ അവഗണിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സേവനത്തിൻറെതായ എളിയ പ്രവർത്തികളിലൂടെ യഥാർത്ഥ ശക്തി പ്രകടിപ്പിച്ച യേശുവിൻറെ പ്രബോധനങ്ങളെക്കുറിച്ചു ചിന്തിക്കാൻ കർദ്ദിനാൾ ബോ പ്രചോദനം പകരുന്നു.
വിശുദ്ധനാട്ടിലും ഉക്രൈയിനിലും മ്യന്മാറിലും ലോകത്തിൻറെ ഇതരഭാഗങ്ങളിലും നടക്കുന്ന യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്ന അദ്ദേഹം ഉത്ഥിതനായ ക്രിസ്തുവിൽ, മരണത്തെ തോല്പിച്ച് നമുക്ക് യഥാർത്ഥ ജീവൻ പ്രദാനം ചെയ്ത യേശുവിൽ പ്രത്യാശ വീണ്ടും വയ്ക്കാൻ ആഹ്വാനം ചെയ്യുന്നു. സമാധാനത്തിലേക്കുള്ള സംഘാത യാത്രയുടെ അടിത്തറയായി സംവാദവും അനുരഞ്ജനവും സ്വീകരിക്കുകയും ഹൃദയങ്ങളിൽ പ്രത്യാശയുടെ ജ്വാല സംവർദ്ധകമാക്കുകയും, ഭിന്നിപ്പിനും വിദ്വേശത്തിനും സംഘർഷത്തിനും കാരണമാകുന്ന ശക്തികളെ ഉന്മൂലനം ചെയ്യാനുള്ള ദൃഢനിശ്ചയത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ സ്വരം നരകുലും ശ്രവിക്കണമെന്ന് കർദ്ദിനാൾ ബോ ഊന്നിപ്പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: