ദൈവാനുഗ്രഹങ്ങൾക്ക് നന്ദിയുടെ ബലിയർപ്പിക്കുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ചരിത്രത്തിലുടനീളം ഇസ്രായേൽ ജനത്തിന് അനുഗ്രഹത്തിന്റെ ദൈവമായിരുന്നു യാഹ്‌വെ. സമാധാനത്തോടെ ജീവിക്കുന്നവരും നീതി പ്രവർത്തിക്കുന്നവരുമായ തന്റെ ജനത്തിന് ദൈവം നൽകിയ അനുഗ്രഹങ്ങൾക്കായാണ് സങ്കീർത്തകൻ നന്ദി പറയുന്നത്. രക്ഷാകരചരിത്രത്തിന്റെ ഭാഗമായി, ഈജിപ്തിൽനിന്ന് വാഗ്ദത്തനാട്ടിലേക്കുള്ള ഇസ്രായേൽ ജനത്തിന്റെ യാത്രയിൽ ചെങ്കടലിലൂടെ അവരെ രക്ഷിച്ചുകൊണ്ടുവന്നതും വാഗ്‌ദത്തനാട് അവർക്ക് സ്വന്തമായി നൽകിയതും തിരഞ്ഞെടുക്കപ്പെട്ട ജനം മറന്നിട്ടില്ല. ഇസ്രായേൽ ജനത്തിന്റെ മുഴുവൻ പ്രാതിനിധ്യം ഏറ്റെടുത്തുകൊണ്ടാണ് സങ്കീർത്തകൻ ദൈവത്തിന് സ്തോത്രഗീതമാലപിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ജനവും സങ്കീർത്തനകർത്താവും, തങ്ങളുടെ ജീവിതത്തിൽ സഹനങ്ങളിലൂടെയും ദൈവമനുവദിക്കുന്ന പരീക്ഷണങ്ങളിലൂടെയും കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്ന സത്യം സങ്കീർത്തനവരികൾ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.. എങ്കിലും എന്നന്നേക്കുമായി ശത്രുവിന്റെ പീഡനങ്ങളിൾക്ക് ദൈവം തന്റെ ജനത്തെ വിട്ടുകൊടുക്കുന്നില്ല എന്ന സത്യവും ഇതേ വരികളിൽ നമുക്ക് കാണാം. തന്റെ വ്യക്തിപരമായ അനുഭവങ്ങളുടെ കൂടി വെളിച്ചത്തിലായിരിക്കണം ദൈവം തങ്ങൾക്കായി നൽകിയ അനുഗ്രഹങ്ങളെ ഓർത്ത് അവനു നന്ദി പറയാൻ സങ്കീർത്തകൻ മുതിരുന്നത്. അനന്തമായ കാരുണ്യത്തോടെ തന്റെ ജനത്തിന് സമീപസ്ഥനായിരിക്കുന്ന ദൈവത്തെ സ്‌തുതിക്കുവാനുള്ള നമ്മുടെ കടമയെക്കൂടി ഈ സങ്കീർത്തനവരികൾ ഓർമ്മിപ്പിക്കുന്നുണ്ട്. "ഗായകസംഘനേതാവിന് ഒരു ഗീതം, സങ്കീർത്തനം" എന്ന തലക്കെട്ടോടെയുള്ള ഈ സങ്കീർത്തകനത്തിന്റെ രചയിതാവാരെന്ന് വ്യക്തമല്ല.
ദൈവത്തിന് നന്ദിയേകുന്ന ഇസ്രായേൽ ജനം
സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ പന്ത്രണ്ടു വരെയുള്ള വാക്യങ്ങളിൽ, ദൈവം തങ്ങളുടെ മധ്യത്തിൽ പ്രവർത്തിച്ച ശക്തമായ പ്രവർത്തനങ്ങളെ അനുസ്മരിച്ച് അവയ്ക്ക് നന്ദി പറയുന്ന ദൈവജനത്തെയാണ് നാം കാണുന്നത്. ഇത്തരത്തിൽ ദൈവം തങ്ങൾക്കായി പ്രവർത്തിച്ച അത്ഭുതകരമായ ഒരു പ്രവൃത്തിയെ സങ്കീർത്തനത്തിന്റെ ആറാം വാക്യം അനുസ്മരിക്കുന്നുണ്ട്: "അവിടുന്ന് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ അതിലൂടെ നടന്നുനീങ്ങി, അവിടെ നമ്മൾ ദൈവത്തിൽ സന്തോഷിച്ചു" (സങ്കീ. 66, 6). പുറപ്പാട് പുസ്തകത്തിന്റെ പതിനാലാം അദ്ധ്യായത്തിൽ, ഇസ്രായേൽ ജനം ദൈവത്തിന്റെ ഇടപെടൽ മൂലം അത്ഭുതകരമായ രീതിയിൽ ചെങ്കടൽ (പുറപ്പാട് 14) കടക്കുന്ന സംഭവമോ, ജോഷ്വായുടെ പുസ്തകം മൂന്നാം അദ്ധ്യായത്തിൽ വിവരിക്കപ്പെടുന്ന, ഇസ്രായേൽ ജനം വാഗ്ദാനപേടകത്തിനൊപ്പം ജോർദ്ദാൻ (ജോഷ്വാ 3) കടക്കുന്ന സംഭവമോ ആകാം ഇവിടെ പരാമർശിക്കപ്പെടുന്നത്. സങ്കീർത്തനത്തിന്റെ ഒൻപത് മുതൽ പന്ത്രണ്ടുവരെയുള്ള വാക്യങ്ങളിലും, കൃത്യമായി വ്യക്തമാകുന്നില്ലെങ്കിലും, സമീപകാലത്തുണ്ടായ ഏതോ ദുരിതാവസ്ഥകളിലും, അത്യാഹിതങ്ങളിലും നിന്ന് ദൈവം പ്രത്യേകമായ രീതിയിൽ തങ്ങളെ പരിരക്ഷിച്ചതിനെ ജനം അനുസ്മരിക്കുന്നുണ്ട്: "അവിടുന്ന് നമ്മുടെ ജീവൻ കാത്തുപാലിക്കുന്നു; നമ്മുടെ കാലിടറാൻ അവിടുന്ന് സമ്മതിക്കുകയില്ല. ദൈവമേ, അങ്ങ് ഞങ്ങളെ പരീക്ഷിച്ചറിഞ്ഞു; ഞങ്ങളെ വെള്ളിയെന്നപോലെ അങ്ങ് പരിശോധിച്ചു. അവിടുന്ന് ഞങ്ങളെ വലയിൽ കുടുക്കി; ഞങ്ങളുടെമേൽ വലിയ ഭാരം ചുമത്തി. ശത്രുക്കൾ ഞങ്ങളെ ചവിട്ടിമെതിക്കാൻ അങ്ങ് ഇടയാക്കി, ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും അവിടുന്ന് ഞങ്ങളെ വിശാലഭൂമിയിൽ കൊണ്ടുവന്നു" (സങ്കീ 66, 9-12). ദൈവം അനുവദിച്ചതിനാലാണ് തങ്ങൾക്ക് ദുരിതങ്ങൾ നേരിടേണ്ടിവന്നതെന്ന് ഏറ്റുപറയുന്ന ജനം പക്ഷെ, അത് ഒരു ശിക്ഷ എന്നതിനേക്കാൾ, തന്റെ ജനത്തെ ദൈവം പരീക്ഷിച്ചതിന്റെ ഭാഗമാണെന്ന് തിരിച്ചറിയുന്നുണ്ട്. വലിയ പീഡനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു എങ്കിലും, ദൈവം തങ്ങളെ "വിശാലഭൂമിയിൽ" വാദ്ഗാത്തഭൂമിയിൽ കൊണ്ടുവന്നു എന്ന് അവർ ഏറ്റുപറയുന്നു. ഒരുപക്ഷെ മരുഭൂമിയിലൂടെയുള്ള യാത്രയും, അതിനൊടുവിൽ അവർ എത്തിച്ചേർന്ന കാനാൻദേശവും ആകാം സങ്കീർത്തനവാക്യങ്ങൾ ഉദ്ദേശിക്കുന്നത്.
ദൈവമാണ് തങ്ങളുടെ ജീവിതത്തെ നയിക്കുന്നതെന്നും സംരക്ഷിക്കുന്നതെന്നുമുള്ള തിരിച്ചറിവിന്റെ വെളിച്ചത്തിലാണ്, ദൈവത്തിന് ആഹ്‌ളാദത്തോടെ ആർപ്പുവിളിക്കാനും, അവിടുത്തെ നാമത്തിന്റെ മഹത്വം പ്രകീർത്തിക്കുവാനും, സ്തുതികളാൽ അവിടുത്തെ മഹത്വപ്പെടുത്തുവാനും (സങ്കീ. 66, 1-2) സങ്കീർത്തനത്തിന്റെ ആദ്യ രണ്ടു വാക്യങ്ങളിൽ സങ്കീർത്തകൻ ഏവരെയും ആഹ്വാനം ചെയ്യുന്നത്. ഭീതിജനകമായ പ്രവൃത്തികളാണ് (സങ്കീ. 66, 3; 5) ദൈവം ജനതകളുടെ ഇടയിൽ പ്രവർത്തിച്ചതെന്ന് മൂന്നും അഞ്ചും വാക്യങ്ങളിൽ സങ്കീർത്തകൻ എഴുതിവയ്ക്കുന്നു. അതുകൊണ്ടുതന്നെ "ഭൂവാസികൾ മുഴുവൻ അവിടുത്തെ ആരാധിക്കുന്നു, അവർ അങ്ങയെ പാടിപ്പുകഴ്ത്തുന്നു, അങ്ങയുടെ നാമത്തിനു സ്തോത്രമാലപിക്കുന്നു" (സങ്കീ. 66, 4) എന്ന് ദൈവത്തിന് മുൻപിൽ സങ്കീർത്തനകർത്താവ് ഏറ്റുപറയുന്നു.
കൃതജ്ഞതയോടെ ബലിയർപ്പിക്കുന്ന സങ്കീർത്തകൻ
കഷ്ടതയുടെയും ആപത്തുകളുടെയും കാലത്ത് താൻ നേർന്ന നേർച്ചകൾ നിറവേറ്റുന്ന ഒരു വിശ്വാസിയെയാണ് സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗത്തെ പതിമൂന്ന് മുതൽ പതിനഞ്ച് വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. താൻ നേർന്നതുപോലെ, ദേവാലയത്തിൽ പ്രവേശിച്ച് കൊഴുത്ത മൃഗങ്ങളെ, മുട്ടാടുകളെയും, കാളകളെയും ആടുകളെയും (സങ്കീ. 66, 13-14) ബലിയായി അർപ്പിക്കാനുള്ള തീരുമാനമാണ് പതിമൂന്നും പതിനാലും വാക്യങ്ങളിൽ സങ്കീർത്തകൻ എഴുതിവയ്ക്കുന്നത്. രക്ഷിക്കപ്പെട്ട സമൂഹത്തിൽനിന്നുള്ള ഒരുവനാകാം തന്റെ വാഗ്ദാനങ്ങളനുസരിച്ച് കൊഴുത്ത മൃഗങ്ങളെ ദഹനബലിയായി അർപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നത്.
കൃതജ്ഞതയുടെ മറ്റു ഗീതങ്ങളിലെന്നപോലെ, രക്ഷയുടെ അനുഭവത്തിലൂടെ കടന്നുപോയ വിശ്വാസി, തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ഇടയിലും, തന്റെ ജീവിതത്തിലും ദൈവം നടത്തിയ ഇടപെടലിനെ സാക്ഷ്യപ്പെടുത്തുകയും, അതുവഴി ജനത്തെ വിശ്വാസജീവിതത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നതാണ് പതിനാറ് മുതൽ ഇരുപത് വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത് (സങ്കീ. 66, 16-20). രണ്ടു കാര്യങ്ങളാണ് ഇവിടെ സങ്കീർത്തകൻ എഴുതിവയ്ക്കുന്നത്. ഒന്നാമതായി താൻ സഹായത്തിനായി ദൈവത്തോട് ഉച്ചത്തിൽ വിളിച്ചപേക്ഷിച്ചുവെന്നും, അവൻ തന്റെ പ്രാർത്ഥനയുടെ സ്വരം ശ്രവിക്കുകയും, ശ്രദ്ധിക്കുകയും ചെയ്തുവെന്ന് അവൻ സാക്ഷ്യപ്പെടുത്തുന്നു (സങ്കീ. 66, 17; 19). രണ്ടാമതായി, തന്റെ ഹൃദയത്തിൽ ദുഷ്ടത കുടിയിരുന്നെങ്കിൽ ദൈവം തന്റെ പ്രാർത്ഥന കേൾക്കുമായിരുന്നില്ല എന്ന ഉദ്ബോധനം അവൻ ജനത്തിന് നൽകുന്നു (സങ്കീ. 66, 18). തന്റെ പ്രാർത്ഥന തള്ളിക്കളയാതിരുന്ന, തന്നിൽ കാരുണ്യം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ദൈവത്തിന് സ്തുതിയർപ്പിച്ചുകൊണ്ടാണ് സങ്കീർത്തകൻ തന്റെ കൃതജ്ഞതാഗീതം അവസാനിപ്പിക്കുന്നത്.
സങ്കീർത്തനം ജീവിതത്തിൽ
അറുപത്തിയാറാം സങ്കീർത്തനവിചിന്തനം ചുരുക്കുമ്പോൾ, ദൈവത്തിന്റെ കാരുണ്യവും, അവന്റെ സംരക്ഷണവും എന്നും അനുസ്‌മരിക്കാനും, അവനു കൃതജ്ഞതയോടെ ബലികൾ അർപ്പിക്കാനും, ദുരിതകാലത്തു നേർന്ന നേർച്ചകൾ നിറവേറ്റാനും സങ്കീർത്തകൻ നമ്മെ ആഹ്വാനം ചെയ്യുന്നത് നമുക്ക് മറക്കാതിരിക്കാം. ജീവിതത്തിൽ നിഷ്കളങ്കതയും, നീതിനിഷ്ഠമായ പ്രവൃത്തികളും ഉണ്ടെങ്കിൽ, ഹൃദയത്തിൽനിന്ന് ദുഷ്ടതയെ എന്നന്നേക്കുമായി അകറ്റാൻ സാധിക്കുമെങ്കിൽ, ദൈവം നമ്മുടെ പ്രാർത്ഥനയുടെ സ്വരം ശ്രവിക്കുമെന്നും, അഗാധമായ സമുദ്രത്തിന് മുന്നിലും നമുക്ക് വഴിയൊരുക്കുമെന്നും, അവന്റെ അനുഗ്രഹത്തിന്റെ വാഗ്ദാനങ്ങൾ നമുക്കായി പൂർത്തിയാക്കുമെന്നും ഉറച്ച ബോദ്ധ്യത്തോടെ നമുക്കും സങ്കീർത്തകനൊപ്പം വിശ്വസിച്ച് ഏറ്റുപറയാം. കർത്താവ് ഇസ്രയേലിന്റെ മാത്രമല്ല, സകല ജനതകളുടെയും, ഭൂവാസികളേവരുടെയും ദൈവമാണെന്ന്, ഏവരും അവന്റെ നാമം വാഴ്ത്തട്ടെയെന്ന് ലോകത്തോട് മുഴുവൻ നമുക്കും പ്രഘോഷിക്കാം. ഭീതിജനകവും, ആരാധ്യവുമായ ദൈവപ്രവൃത്തികൾ തിരിച്ചറിയുകയും, പൂർണ്ണഹൃദയത്തോടെ ദൈവത്തിന് സ്വയം സമർപ്പിച്ച്, അവന്റെ ആലയത്തിൽ നന്ദിയുടെ ബലിയർപ്പിക്കുകയും ചെയ്യാം. അനന്തമായ കാരുണ്യത്തോടെ നമ്മുടെ ഹൃദയാഭിലാഷങ്ങൾ ശ്രവിച്ച് അവൻ നമ്മെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: