തിരയുക

റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽ ലിബിയയിൽ നിന്നുള്ള സംഘം എത്തിയപ്പോൾ റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽ ലിബിയയിൽ നിന്നുള്ള സംഘം എത്തിയപ്പോൾ  

ലിബിയയിൽ നിന്നും കൂടുതൽ അഭയാർത്ഥികൾ ഇറ്റലിയിലേക്ക്

മാനുഷിക ഇടനാഴികൾ വഴിയായി സാന്ത് എജിദിയോ സമൂഹത്തിന്റെയും, എവാൻജെലിക്കൽ സഭാകൂട്ടായ്മയുടെയും, ഇറ്റാലിയൻ സമൂഹങ്ങളുടെയും സഹകരണത്തോടെ പുതിയതായി 97 ലിബിയൻ അഭയാർത്ഥികൾ കൂടി മാർച്ച് അഞ്ചാം തീയതി ഇറ്റലിയിലെത്തി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാനുഷിക ഇടനാഴികൾ വഴിയായി സാന്ത് എജിദിയോ സമൂഹത്തിന്റെയും, എവാൻജെലിക്കൽ സഭാകൂട്ടായ്മയുടെയും, ഇറ്റാലിയൻ സമൂഹങ്ങളുടെയും സഹകരണത്തോടെ പുതിയതായി 97 ലിബിയൻ അഭയാർത്ഥികൾ കൂടി മാർച്ച് അഞ്ചാം തീയതി ഇറ്റലിയിലെത്തി. എത്തിയവരിൽ കുട്ടികളും, സ്ത്രീകളും, രോഗികളും ഉൾപ്പെടുന്നു. റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽ എത്തിയ ഇവരെ വിവിധ കൂട്ടായ്മകളുടെ നേതൃനിരയിൽ ഉള്ളവർ ചേർന്നു സ്വീകരിച്ചു. ഇറ്റാലിയൻ ആഭ്യന്തര, വിദേശകാര്യമന്ത്രാലയങ്ങൾ, ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി സംഘടന എന്നിവരാണ് ഈ സ്വീകരണത്തിനു സഹായങ്ങൾ  നൽകിയത്.

ലിബിയയിലെ തടങ്കലിൽ ആയിരുന്ന ഈ ആളുകളെ ഇറ്റലിയിൽ എത്തിക്കുന്നതോടൊപ്പം, ഇവർക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകിക്കൊണ്ട് വിവിധ ജോലികളിൽ പ്രവേശിക്കുവാൻ പ്രാപ്തരാക്കുക എന്നതും ദൗത്യത്തിന്റെ ഭാഗമാണ്. എറിത്രിയ, എത്യോപ്യ, സിറിയ, സോമാലിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ്, ലിബിയയിൽ എത്തി തടങ്കലിൽ കഴിഞ്ഞു വന്നത്.  നരകതുല്യമായ ആ ജീവിതാവസ്ഥകളിൽ നിന്നുമുള്ള മോചനം കൂടിയാണ് ഈ ദൗത്യം വഴി ഇവർക്ക് ലഭിക്കുന്നത്.

അഭയാർത്ഥികളെ സംബന്ധിച്ചിടത്തോളം ലിബിയ വളരെ സങ്കീർണ്ണമായ ഒരു രാജ്യമാണ്.  അഭയാർത്ഥികളുമായി ബന്ധപ്പെട്ട 1951 ലെ കരാറിൽ ഒപ്പുവയ്ക്കാത്ത രാജ്യം കൂടിയാണ് ലിബിയ. അതിനാൽ അഭയാർത്ഥികൾക്കെതിരായ അക്രമങ്ങളുടെ തോതും ഏറെ വർധിച്ചിരിക്കുന്നു.  2017 മുതൽ, ഏകദേശം എണ്ണായിരത്തോളം ആളുകൾ ഇറ്റലി, ഫ്രാൻസ്, ബെൽജിയം എന്നിവിടങ്ങളിൽ മാനുഷിക ഇടനാഴികൾ വഴി നിയമപരമായി എത്തിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 March 2024, 10:58