സുഡാനിലെ സംഘർഷാവസ്ഥകൾ പട്ടിണിമരണങ്ങൾ വർധിപ്പിക്കുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
സമാധാന ഉടമ്പടിയുടെ സാധ്യതയെ സൂചിപ്പിക്കുന്ന വ്യക്തമായ നടപടികളൊന്നും കാണാത്ത സുഡാനിൽ പട്ടിണിമൂലവും, ഭക്ഷ്യദുരന്തങ്ങൾ മൂലവും നിരവധി ആളുകൾ കൊല്ലപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ ആഗോള ഭക്ഷ്യവിതരണ ശൃംഖല നിരവധി നടപടികൾ ഇതിനുവേണ്ടി എടുക്കുന്നുണ്ടെങ്കിലും ഒഴിയാത്ത യുദ്ധസാഹചര്യങ്ങൾ സ്ഥിതികൾ സങ്കീർണമാക്കുന്നു.
ആഭ്യന്തരയുദ്ധങ്ങൾ രൂക്ഷമായ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏകദേശം പതിനയ്യായിരത്തോളം ആളുകൾ കൊല്ലപ്പെടുകയും, 8 ദശലക്ഷത്തോളം ആളുകൾ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരും അയൽ രാജ്യങ്ങളിലെ അഭയാർത്ഥികളും തമ്മിൽ നടത്തുന്ന പോരാട്ടവും രൂക്ഷമായി തുടരുകയാണ്.
ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകൾ പ്രകാരം, വരും ഭാവിയിൽ, 18 ദശലക്ഷം ഭക്ഷ്യസുരക്ഷയില്ലാത്ത ആളുകളും കുറഞ്ഞത് 220,000 കുട്ടികളും പട്ടിണി മൂലം മരിക്കാനുള്ള സാധ്യതയുണ്ട്.
സുഡാനിലുള്ള താമസം ദുഷ്കരമായതുകൊണ്ടുതന്നെ നിരവധി സന്നദ്ധപ്രവർത്തകരാണ് തങ്ങളുടെ സേവനം നിർത്തി തിരികെപോകാൻ നിർബന്ധിതരാകുന്നത്. പ്രദേശവാസികളും ഏറെ നിരാശയിലാണ് അനുദിനം കഴിയുന്നത്. വിദ്യാലയങ്ങൾ അടച്ചതും, സുരക്ഷിതത്വത്തിന്റെ അഭാവവും കുട്ടികളിൽ ചെലുത്തുന്ന മാനസിക പിരിമുറുക്കങ്ങളും, സ്ഥിതിഗതികൾ ഏറെ വഷളാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: