ഉക്രൈൻ യുദ്ധത്തിൽ ഏകദേശം അറുനൂറോളം കുട്ടികൾക്ക് ജീവൻ നഷ്ടമായി
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഏകദേശം രണ്ടു വർഷത്തോളമായി റഷ്യ- ഉക്രൈൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഏകദേശം അറുനൂറോളം കുട്ടികൾ കൊല്ലപ്പെട്ടതായി കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടന പുറത്തുവിട്ട കണക്കുകൾ പറയുന്നു. അതിനാൽ യൂറോപ്യൻ യൂണിയൻ കുട്ടികൾക്കുള്ള സംരക്ഷണം നൽകുന്ന നടപടികൾ വിപുലീകരിക്കുവാനും സംഘടന ആവശ്യപ്പെടുന്നു.
യുദ്ധമുഖത്തു നിന്നും മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ സുരക്ഷ തേടുന്നവർക്ക് ഒരു വർഷത്തെ താൽക്കാലിക സംരക്ഷണം മാത്രമേ ലഭിക്കുന്നുള്ളുവെന്നിരിക്കെ, തിരികെ വീണ്ടും യുദ്ധസാഹചര്യങ്ങളിലേക്ക് മടങ്ങുവാൻ അവർ നിർബന്ധിതരാകുന്നു. ഇത് കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നു.
2022 മാർച്ച് 4-ന് യൂറോപ്യൻ കൗൺസിൽ താൽക്കാലിക സംരക്ഷണ നിർദ്ദേശം (TPD) സജീവമാക്കിയെങ്കിലും, ഭാവിയിലേക്കുള്ള സംരക്ഷണകാര്യങ്ങളിൽ ഇതുവരെ ഉറപ്പുകളൊന്നും നൽകിയിട്ടില്ല. അതിനാൽ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ദീർഘകാല സംരക്ഷണത്തിനായുള്ള ആവശ്യവും സംഘടന മുൻപോട്ടു വയ്ക്കുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, 592 ആൺകുട്ടികളും പെൺകുട്ടികളും കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും, ലക്ഷക്കണക്കിനു കുട്ടികൾ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തു. സംഘർഷം അവസാനിക്കുന്നതിൻ്റെ സൂചനകളൊന്നും കാണിക്കാത്തതും ഇപ്രകാരമുള്ള സംരക്ഷണ നടപടികളുടെ ആവശ്യകത എടുത്തുകാണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: