യൂണിസെഫ്: ജലക്ഷാമം കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ലോക ജലദിനമായി ആചരിക്കുന്ന മാർച്ച് 22 ആം തിയതി ഐക്യരാഷ്ട്ര സഭയുടെ കുട്ടികൾക്കു വേണ്ടിയുള്ള സഹായ സംഘടനായ യുണിസെഫ് അഞ്ച് വയസ്സിന് താഴെയുള്ള ആയിരത്തിലധികം കുട്ടികൾ ആവശ്യത്തിനു വെള്ളമില്ലാതെയും ശുചിത്വ സംവിധാനത്തിന്റെ കുറവുമായി ബന്ധപ്പെട്ട രോഗങ്ങളാൽ ഓരോ ദിവസവും മരിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. ഇക്കാരണം കൊണ്ടു തന്നെ പ്രതിവർഷം 1.4 ദശലക്ഷത്തിലധികം പേർ മരണപ്പെടുന്നു, യുണിസെഫ് വ്യക്തമാക്കി.
ആഗോളതലത്തിൽ, ഏകദേശം ഒരു ബില്യൺ കുട്ടികൾ (953 ദശലക്ഷം) ഉയർന്നതോ വളരെ ഉയർന്നതോ ആയ ജലം മൂലമുള്ള സമ്മർദ്ദത്തിന് വിധേയരാണ്. ഇറ്റലിയിൽ, 2022ൽ ഏകദേശം 298,000 കുട്ടികൾ ഇത്തരം സമ്മർദ്ദത്തിന് വിധേയരായതായി കണക്കാക്കപ്പെടുന്നു. കൂടാതെ ലോകമെമ്പാടും, 240 ദശലക്ഷം കുട്ടികൾ തീരപ്രദേശത്തെ വെള്ളപ്പൊക്കത്തിന്റെ ഉയർന്ന അപകടസാധ്യതയിലാണെന്നും 330 ദശലക്ഷം കുട്ടികൾ നദിയിലെ വെള്ളപ്പൊക്കത്തിന് വിധേയരാണെന്നും യുണിസെഫ് ചൂണ്ടികാട്ടി.
ഏറ്റവും ദരിദ്രർക്കും ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും അടിസ്ഥാന സേവനങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത കുറവായതിനാൽ കൃത്യമായ കണക്കു വിവരങ്ങൾ ലഭ്യമല്ല. മിക്ക രാജ്യങ്ങളിലും, ജലശേഖരണത്തിന്റെ ഭാരം പ്രധാനമായും സ്ത്രീകളുടെയും പെൺകുട്ടികളുടെയും മേലാണ്. ആഗോളതലത്തിൽ, മൂന്ന് കുടുംബങ്ങളിൽ രണ്ടിലും സ്ത്രീകളാണ് പ്രാഥമിക ജലവാഹകർ. വീടിന് പുറത്തുള്ള ഉറവിടങ്ങളിൽ നിന്നാണ് സ്ത്രീകൾ വെള്ളം ശേഖരിക്കുന്നത്. ഇതിൽ 63% വും സ്ത്രീകളാണ് ജലം സംഭരിച്ചെത്തിക്കാൻ ഉത്തരവാദികളെങ്കിൽ 26% മാത്രമാണ് ഇക്കാര്യത്തിൽ പുരുഷന്മാരുടെ ഇടപെടൽ. ആഗോളതലത്തിൽ, വടക്കേ ആഫ്രിക്കയും, പടിഞ്ഞാറൻ ഏഷ്യയും ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് വെള്ളം സംഭരിച്ചുകൊണ്ടുവരുന്നത്. ആഫ്രിക്കയിൽ ഉപ സഹാറ പ്രദേശങ്ങളിൽ , വെള്ളം ശേഖരിക്കുന്ന ജനസംഖ്യയുടെ 45% ത്തിൽ പുരുഷന്മാരെക്കാൾ നാലിരട്ടി ഉത്തരവാദിത്തം സ്ത്രീകൾക്കാണ്.
സുരക്ഷിതമായ കുടിവെള്ളം എല്ലാവർക്കും ലഭ്യമാവുക എന്നത് ഒരു അടിസ്ഥാന ആവശ്യവും മനുഷ്യാവകാശവുമാണ്. എല്ലാവർക്കും സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നത് രോഗങ്ങളും മരണങ്ങളും പ്രത്യേകിച്ച് കുട്ടികളുടെ മരണങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് യുണിസെഫ് വിലയിരുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: