ഓരോ ആറു സെക്കന്റിലും ഒരു കുട്ടി വീതം മരിക്കുന്നു: ശിശുമരണനിരക്കുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ട്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ശാസ്ത്രസാങ്കേതികരംഗത്തുള്ള പുരോഗതിയുടെ മുന്നിലും ഇന്നും ലോകത്ത് ഓരോ ആറു സെക്കന്റിലും ഒരു ശിശുമരണം വീതം സംഭവിക്കുന്നതായി വിവിധ അന്താരാഷ്ട്രസംഘടനകൾ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കി. ശിശുക്ഷേമനിധി, ലോകാരോഗ്യസംഘടന, ലോകബാങ്ക്, ശിശുമരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്ന ഐക്യരാഷ്ട്രസഭാസംഘടന തുടങ്ങിയ വിവിധ സംഘടനകൾ മാർച്ച് 14 വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022-ൽ ഏതാണ്ട് അൻപത് ലക്ഷത്തോളം കുട്ടികളാണ് അഞ്ചു വയസ്സ് തികയുന്നതിന് മുൻപ് മരണമടഞ്ഞിട്ടുള്ളത്. എന്നാൽ രണ്ടായിരാമാണ്ടിനെ അപേക്ഷിച്ച് രണ്ടായിരത്തിഇരുപത്തിരണ്ടിൽ കുട്ടികളുടെ മരണനിരക്കിൽ ഏതാണ്ട് 51 ശതമാനം കുറവുണ്ടായതായും, "ശിശുമരണനിരക്കിലെ കണക്കുകളും പ്രവണതകളും" എന്ന പേരിലുള്ള റിപ്പോർട്ട് വ്യക്തമാക്കി.
2022-ൽ മരണമടഞ്ഞ കുട്ടികളിൽ പകുതിയോളം നവജാതശിശുക്കളാണ്. ഇതേസമയം അഞ്ചുമുതൽ ഇരുപത്തിനാല് വരെ പ്രായമുള്ള ഇരുപത്തിയൊന്ന് ലക്ഷത്തോളം ആളുകളും മരണമടഞ്ഞുവെന്ന് സംഘടനകളുടെ റിപ്പോർട്ട് വ്യക്തമാക്കി. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് മരണസാധ്യത മറ്റു കുട്ടികളേക്കൾ ഇരട്ടിയോളമാണെന്നും റിപ്പോർട്ട് രേഖപ്പെടുത്തി. എന്നാൽ ദുർബലപ്രദേശങ്ങളിലും സംഘർഷമേഖലകളിലും താമസിക്കുന്ന കുട്ടികളുടെ മരണസാധ്യത മറ്റുള്ളവരെക്കാൾ ഏതാണ്ട് മൂന്നിരട്ടിയാണ്. റിപ്പോർട്ട് പ്രകാരം, രണ്ടായിരത്തി മുപ്പത്തിനൊടകം ലോകത്ത് ഏതാണ്ട് മൂന്നരക്കോടിയോളം കുട്ടികൾ അഞ്ച് വയസ്സിന് മുൻപായി മരണമടയും.
സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പല രാജ്യങ്ങളും ശിശുമരണനിരക്കിൽ കുറവുണ്ടാക്കാൻ പരിശ്രമിച്ചുവെന്ന്, കംബോജിയ, മലാവി, മംഗോളിയ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളുടെ ഉദാഹരണം എടുത്തുകാട്ടി റിപ്പോർട്ട് വ്യക്തമാക്കി. മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇത്തരമൊരു പുരോഗതി കൈവരിക്കാനായതെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു.
വിവിധ മേഖലകളിൽ മാനവികത പുരോഗമിച്ചുവെങ്കിലും, ശിശുമരണം പൂർണ്ണമായി ഇല്ലാതാക്കാൻ ഇനിയും നമുക്ക് സാധിച്ചിട്ടില്ലെന്നത് റിപ്പോർട്ട് പ്രത്യേകമായി എടുത്തുഅപറഞ്ഞു. ആഫ്രിക്ക, തെക്കൻ ഏഷ്യൻ പ്രദേശങ്ങളിലാണ് ശിശുമരണനിരക്ക് കൂടുതലായുള്ളത്. 2000 മുതൽ 2022 വരെയുള്ള കാലയളവിൽ ഏതാണ്ട് ഇരുപത്തിരണ്ട് കോടിയോളം ശിശുക്കളും യുവജനങ്ങളും മരണമടഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: