തിരയുക

കടൽ വിഴുങ്ങിയ ജീവിതങ്ങൾ - ഫയൽ ചിത്രം കടൽ വിഴുങ്ങിയ ജീവിതങ്ങൾ - ഫയൽ ചിത്രം  (ANSA)

യൂറോപ്പിലേക്കുള്ള വഴിയിൽ മെഡിറ്ററേനിയൻ കടൽ 400 ജീവിതങ്ങളെടുത്തു: സേവ് ദി ചിൽഡ്രൻ

2024-ൽ മാത്രം മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ചവരുടെ എണ്ണം നാനൂറിലേക്കെത്തിയെന്ന്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ഏപ്രിൽ 10-ആം തീയതി ഒൻപത് മൃതദേഹങ്ങൾ ലാംബദൂസ തീരത്തെത്തിച്ചുവെന്നും, പതിനഞ്ചു പേരെക്കൂടി കണ്ടെത്താനുണ്ടെന്നും സംഘടന ഏപ്രിൽ 11-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ദിവസം ഉണ്ടായ അപകടങ്ങളോടെ, 2024-ൽ മാത്രം മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ചവരുടെ എണ്ണം ഏതാണ്ട് നാനൂറെത്തിയെന്ന് സേവ് ദി ചിൽഡ്രൻ സംഘടന. ഏപ്രിൽ 10 ബുധനാഴ്ച ഒൻപത് മൃതദേഹങ്ങളാണ് ഇറ്റലിയുടെ തെക്കൻ ഭാഗത്തുള്ള ലാംബദൂസ തീരത്തെത്തിച്ചത്. ഇനിയും പതിനഞ്ചോളം പേരെ കാണാനുണ്ടെന്നത് സംഭവത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം തീരത്തെത്തിച്ച മൃതദേഹങ്ങളിൽ ഒന്ന് ഏതാനും മാസങ്ങൾ മാത്രമുള്ള ഒരു പെൺകുട്ടിയുടേതാണ്. മറ്റൊരു ആൺകുട്ടി ചികിത്സയ്ക്കിടെ മരണമടഞ്ഞു.

അതേസമയം ഏപ്രിൽ 10-ആം തീയതി ഗ്രീസ് കടലിൽ മറ്റു 3 പെൺകുട്ടികൾകൂടി മരണമടഞ്ഞതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ രണ്ടു സംഭവങ്ങളോടെ 2024-ലെ ആദ്യ നാല് മാസങ്ങൾക്കുള്ളിൽ മെഡിറ്ററേനിയൻ കടലിലൂടെയുള്ള കുടിയേറ്റശ്രമങ്ങളിൽ മരണമടഞ്ഞവരുടെ എണ്ണം 400-നടുത്തായി.

യൂറോപ്പിൽ അതിർത്തിസംരക്ഷണത്തെക്കുറിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നതിനിടെ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകളാണ്, യൂറോപ്പിലേക്ക് മെച്ചപ്പെട്ട ജീവിതം തേടിയുള്ള പ്രതീക്ഷയുടെ യാത്രയ്ക്കിടെ മരണമടയുന്നതെന്ന് സാറ് ദി ചിൽഡ്രൻറെ ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻസ് ഡയറക്ടർ ജോർജിയ ദ് എറിക്കോ കുറ്റപ്പെടുത്തി. സംഘർഷങ്ങളും പീഡനങ്ങളും, പട്ടിണിയും ദാരിദ്ര്യവും, നിർബന്ധിത വിവാഹങ്ങളും ഉൾപ്പെടെയുള്ള തിന്മകളിൽനിന്ന് രക്ഷ തേടിയാണ് ഈ മനുഷ്യർ എത്തുന്നതെന്ന് അവർ ഓർമ്മിപ്പിച്ചു.

മുൻകൂട്ടി അറിയാവുന്ന ഇത്തരം മരണങ്ങൾ ഒഴിവാക്കണമെന്നും, മനുഷ്യരുടെ രക്ഷയും മനുഷ്യരെയും ദേശീയ, യൂറോപ്യൻ രാഷ്ട്രീയത്തിൽ കൊണ്ടുവരണമെന്നും സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 April 2024, 16:05