തിരയുക

അഭയം തേടിയെത്തിയവർ - ഫയൽ ചിത്രം അഭയം തേടിയെത്തിയവർ - ഫയൽ ചിത്രം  (ANSA)

കുടിയേറ്റം സംബന്ധിച്ച പുതിയ യൂറോപ്യൻ ഉടമ്പടി പ്രായപൂർത്തിയാകാത്തവർക്ക് അനുകൂലമല്ല: സേവ് ദി ചിൽഡ്രൻ

പ്രായപൂർത്തിയാകാത്തവരുടെ അവകാശങ്ങൾ സംബന്ധിച്ച മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്നവയല്ല കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉടമ്പടിയെന്ന് സേവ് ദി ചിൽഡ്രൻ സംഘടന. യൂറോപ്പ് കൂടുതൽ തുറന്ന മനഃസ്ഥിതിയോടെ തീരുമാനങ്ങളെടുക്കണം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കുടിയേറ്റവും അഭയാർത്ഥിപ്രശ്‌നവും സംബന്ധിച്ച പുതിയ യൂറോപ്യൻ ഉടമ്പടി പ്രായപൂർത്തിയാകാത്തവരുടെ അവകാശങ്ങൾ പൂർണ്ണമായി മാനിക്കുന്നില്ലെന്ന് കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. കൊച്ചുകുട്ടികളുടെയും, പ്രായപൂർത്തിയാകാത്തവരുടെയും സംരക്ഷണത്തിന് മുൻഗണന നൽകാനും, അവരുടെ അവകാശങ്ങളെ ഹനിക്കുന്ന സാഹചര്യങ്ങൾ കഴിയുന്നതും ഒഴിവാക്കാനും വേണ്ട നടപടികൾ യൂറോപ്യൻ യൂണിയൻ സ്വീകരിക്കണമെന്ന്, ഏപ്രിൽ 10-ന് പുറത്തുവിട്ട ഒരു പത്രപ്രസ്താവനയിൽ സംഘടന ആവശ്യപ്പെട്ടു.

കുടിയേറ്റ, അഭയാർത്ഥിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിന്റെ അനന്തരഫലമായി കുട്ടികൾക്കും കുടുംബങ്ങൾക്കും അഭയാർത്ഥികളായി യൂറോപ്പിൽ പ്രവേശിക്കാനുള്ള സാധ്യതകൾക്ക് ഭീഷണിയുയരുന്നുണ്ടെന്ന് സംഘടന ആരോപിച്ചു. അഭയാർത്ഥികളായി കടന്നുവരുന്നവരെ തടങ്കലിൽ വയ്ക്കുന്നതിനും പുറന്തള്ളുന്നതിനും, അവർക്കെതിരെ അതിക്രമങ്ങൾ ഉണ്ടാകുന്നതിനും പുതിയ നയം കാരണമാകുമെന്ന് സേവ് ദിചിൽഡ്രൻ വിശദീകരിച്ചു.

പീഡനങ്ങൾ, സംഘർഷങ്ങൾ, പട്ടിണി, നിർബന്ധിത വിവാഹങ്ങൾ, കടുത്ത ദാരിദ്ര്യം തുടങ്ങിയ സാഹചര്യങ്ങളിൽനിന്ന് രക്ഷതേടിയെത്തുന്ന ദുർബലരായ കുട്ടികളുടെ അടിയന്തിരസംരക്ഷണത്തേക്കാൾ, യൂറോപ്പിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാണ് യൂറോപ്യൻ പാർലമെന്റ് മുൻഗണന നൽകിയതെന്ന് യൂറോപ്യൻ യൂണിയനിലേക്കുള്ള സേവ് ദി ചിൽഡ്രൻ ഡയറക്ടർ വില്ലി ബെർഗോഞ്ഞ് പ്രസ്താവിച്ചു. കൊച്ചുകുട്ടികളുമായി യാത്രചെയ്യുന്ന കുടുംബങ്ങൾ പോലും ആഴ്ചകളും മാസങ്ങളും കരുതൽതടങ്കലുകളിൽ കഴിയാൻ നിലവിലെ ഉടമ്പടി കാരണമായേക്കുമെന്ന് സേവ് ദി ചിൽഡ്രൻ വക്താവ് വിശദീകരിച്ചു.

അഭയം തേടി യൂറോപ്പിലെത്തുന്ന കുട്ടികൾക്കും പ്രായപൂർത്തിയയാകാത്തവർക്കും, അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും, അവരുടെ അന്തസ്സിനെ മാനിക്കുകയും, അവരെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി ഉണ്ടാകേണ്ടതുണ്ടെന്ന് സേവ് ദി ചിൽഡ്രൻ അഭിപ്രായപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ മാനിക്കപ്പെടണമെന്ന് ഉത്തരവാദിത്വപ്പെട്ട അധികാരികളോട് സംഘടന ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 April 2024, 16:14