ഗാസാ പ്രദേശത്ത് പത്ത് മിനിറ്റിൽ ഒരു കുട്ടി വീതം അക്രമത്തിനിരയാകുന്നു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗാസാ പ്രദേശത്ത് ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം യുദ്ധത്തിന്റെ കൊല്ലപ്പെടുകയോ, പരിക്കേൽക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഏപ്രിൽ പതിനാറിന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് പാലസ്തീൻ-ഇസ്രായേൽ സംഘർഷം ശിശുക്കളുടെയും കുട്ടികളുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതികൂലാവസ്ഥയെക്കുറിച്ച് യൂണിസെഫ് സംഘടന പ്രസ്താവന നടത്തിയത്.
ഗാസായിൽ നിരവധി കുട്ടികളാണ് ദിവസം തോറും ആക്രമങ്ങൾക്കിരകളാകുന്നതെന്ന് യൂണിസെഫ് അനുസ്മരിച്ചു. പാലസ്തീൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നാളിതുവരെ ഏതാണ്ട് പന്തീരായിരത്തിലധികം കുട്ടികൾ പാലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന്റെ ഇരകളായെന്ന് ശിശുക്ഷേമനിധി വിശദീകരിച്ചു. ദിവസം ഏതാണ്ട് എഴുപത് കുട്ടികളാണ് ഇരകളാകുന്നത്. ഈ പ്രദേശത്ത് സംഘർഷങ്ങളിൽ ആക്രമങ്ങളുടെ ഇരകളാകുന്നവരിൽ പകുതിയും കുട്ടികളാണെന്നും, ഇത് ശരിയായ രീതിയല്ലെന്നും പത്രക്കുറിപ്പ് അപലപിച്ചു.
യൂണിസെഫ് വാർത്താവിനിമയകാര്യ വിദഗ്ധയായ ടെസ്സ് ഇൻഗ്രാമാണ്, ഗാസയിൽ കഴിഞ്ഞ രണ്ടാഴ്ചകളിൽ നടത്തിയ പ്രത്യേക ദൗത്യത്തിന്റെ അവസാനം, കഴിഞ്ഞ ദിവസം ശിശുക്ഷേമനിധിയുടെ പേരിൽ പത്രക്കുറിപ്പിറക്കിയത്. നിലവിലെ ആക്രമണത്തിൽ ഇരകളായ കുട്ടികൾ ഈ യുദ്ധത്തിന്റെ മുഖമായി മാറിയെന്ന് യൂണിസെഫ് പ്രതിനിധി എഴുതി.
ചികിത്സാകാരണങ്ങളാൽ സംഘർഷമേഖലയിൽനിന്ന് ഒഴിപ്പിക്കപ്പെടാനായി അപേക്ഷിച്ചവരിൽ ഏതാണ്ട് മൂവായിരത്തി അഞ്ഞൂറ് ആളുകളെ മാത്രമാണ് ഒഴിപ്പിക്കാനായതെന്നും, ഇനിയും പകുതിയിലേറെ ആളുകൾ കാത്തിരിക്കുകയാണെന്നും യൂണിസെഫ് പത്രക്കുറിപ്പ് വ്യക്തമാക്കി. ദിവസവും എഴുപതോളം കുട്ടികൾ ഇരകളാകുന്ന സ്ഥിതിയിൽ, കൂടുതൽ ആളുകളെ ചികിത്സാർത്ഥം പുറത്തേക്ക് കൊണ്ടുപോകേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ശിശുക്ഷേമനിധി ഓർമ്മിപ്പിച്ചു.
നിരവധി കുട്ടികൾ ഇരകളാക്കപ്പെടുന്ന സ്ഥിതിയിൽ വെടിനിറുത്തൽ ഏറെ ആവശ്യമാണെന്ന് യൂണിസെഫ് വ്യക്തമാക്കി. കുട്ടികൾ കൊല്ലപ്പെടുകയോ, അംഗഹീനരാകുകയോ ചെയ്യുന്നത് അവസാനിക്കാൻ ഏക മാർഗ്ഗം ഇതാണെന്ന് അവർ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: