തിരയുക

വെടിവയ്‌പ്പിൽനിന്ന് രക്ഷതേടി ഓടുന്ന ജനം - പോർട്ട്-ഓ-പ്രിൻസിലെ ഒരു തെരുവിലിനിന്നുള്ള ദൃശ്യം വെടിവയ്‌പ്പിൽനിന്ന് രക്ഷതേടി ഓടുന്ന ജനം - പോർട്ട്-ഓ-പ്രിൻസിലെ ഒരു തെരുവിലിനിന്നുള്ള ദൃശ്യം 

ഹൈറ്റിയിൽ രണ്ടു ലക്ഷത്തോളം കുട്ടികൾ കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് യൂണിസെഫ്

കരീബിയൻ പ്രദേശത്തുള്ള ഹൈറ്റിയിൽ നിലനിൽക്കുന്ന ദുരിതപൂർണ്ണമായ സാഹചര്യങ്ങൾ തുടരുമ്പോൾ രാജ്യത്ത് ഏതാണ്ട് രണ്ടുലക്ഷത്തോളം കുട്ടികൾ (180,000) കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസംഘടനയുടെ ശിശുക്ഷേമനിധി യൂണിസെഫ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സായുധസംഘർഷങ്ങളും കാലാവസ്ഥാപ്രതിസന്ധികളും ദാരിദ്ര്യവും മൂലം തികച്ചും പരിതാപകരമായ സ്ഥിതിയിലൂടെ കടന്നുപോകുന്ന, ഹൈറ്റിയിൽ ഒരുലക്ഷത്തി എൺപതിനായിരത്തിലധികം കുട്ടികൾ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. മുപ്പത് ലക്ഷം കുട്ടികൾ ഉൾപ്പെടെ രാജ്യത്ത് ഏതാണ്ട് അൻപത് ലക്ഷത്തോളം ആളുകൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്നും യൂണിസെഫ് അറിയിച്ചു. ഏപ്രിൽ 23-ന് പുറത്തുവിട്ട പത്രക്കുറിപ്പിലൂടെയാണ് കരീബിയൻ പ്രദേശത്തുള്ള ഹൈറ്റി കടന്നുപോകുന്ന ദുഃസ്ഥിതിയെക്കുറിച്ച് ഐക്യരാഷ്ട്രസഭാസംഘടന പരാമർശിച്ചത്.

ഹൈറ്റിയിൽ മൂന്നിൽ രണ്ടു കുട്ടികൾക്കും മാനവികസഹായം ആവശ്യമുണ്ടെന്ന് യൂണിസെഫ് വിശദീകരിച്ചു. രാജ്യത്ത് ഏതാണ്ട് ഇരുപത്തിയേഴ് ലക്ഷം ആളുകൾ, സായുധരായ അക്രമിസംഘങ്ങളുടെ നിയന്ത്രണത്തിലാണ് ജീവിക്കുന്നത്. ഇവരിൽ പതിനാറ് ലക്ഷവും സ്ത്രീകളും കുട്ടികളുമാണ്.

ഈ വർഷം മാത്രം രണ്ടായിരത്തിയഞ്ഞൂറിലധികം ആളുകൾ ഹൈറ്റിയിൽ സായുധസംഘങ്ങളുടെ ഇരകളായിട്ടുണ്ടെന്നും, കുട്ടികളുടെ അവകാശങ്ങൾക്കെതിരെ ഏതാണ്ട് നാനൂറിലധികം അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ശിശുക്ഷേമനിധി വിശദീകരിച്ചു.

ഹൈറ്റിയിലെ അവസ്ഥയെക്കുറിച്ച്, ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാകൗൺസിലിൽ നൽകിയ വിവരണം നൽകവെ, യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയത്. ഹൈറ്റിയിലെ പൊതുജനജീവിതം അനുദിനം വഷളായിവരികയാണെന്ന് കാതറിൻ റസ്സൽ പ്രസ്താവിച്ചു.

വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയും, സാമ്പത്തികദുർസ്ഥിതിയും, ഹൈറ്റിയിൽ നിരവധി സായുധസംഘങ്ങൾ വളർന്നുവരാനും, പൊതുജനജീവിതത്തെ മോശമായ രീതിയിൽ എത്തിക്കാനും കാരണമായിട്ടുണ്ട്. നിരവധി സ്ത്രീകൾ ലൈംഗികപീഡനങ്ങൾക്ക് ഇരകളാകുന്നുണ്ടെന്നും യൂണിസെഫ് അറിയിച്ചു.

രാജ്യത്തെ അതിക്രമങ്ങളും, അരക്ഷിതാവസ്ഥയും, മാനവിക സഹായമെത്തിക്കാനുള്ള സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് യൂണിസെഫ് പത്രക്കുറിപ്പ് വ്യക്തമാക്കി. രാജ്യത്തെ പ്രധാനതുറമുഖമായ പോർട്ട്-ഓ-പ്രിൻസ് സായുധസംഘങ്ങളുടെ നിയന്ത്രണത്തിലാണ്. യൂണിസെഫിന്റേതുൾപ്പെടെ ആളുകൾക്ക് വിതരണം ചെയ്യാനായി എത്തിച്ച നിരവധി സാമഗ്രികൾ തുറമുഖത്ത് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 April 2024, 16:21