തിരയുക

സുഡാനിൽ കുട്ടികൾ സുഡാനിൽ കുട്ടികൾ  

സുഡാനിൽ നിരവധികുട്ടികളുടെ ജീവൻ ഭീഷണിയിൽ

ഒരുവർഷമായി നീണ്ടുനില്ക്കുന്ന യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന സുഡാനിൽ, നിരവധികുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുവാനുള്ള സാഹചര്യം നിലനിൽക്കുന്നതായി യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഒരുവർഷമായി നീണ്ടുനില്ക്കുന്ന യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന സുഡാനിൽ, നിരവധികുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുവാനുള്ള സാഹചര്യം നിലനിൽക്കുന്നതായി യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഏകദേശം നാല് ദശലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം വിവിധങ്ങളായ രോഗങ്ങൾക്ക് അടിമകളായിരിക്കുന്നത്. ബാലാവകാശ ലംഘനങ്ങളും ഏറെ നടക്കുന്ന രാജ്യത്ത്, കുട്ടികളിൽ 90 ശതമാനത്തിലധികം പേർക്കും  ഔപചാരിക വിദ്യാഭ്യാസം പോലും നേടാൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

2023 ഏപ്രിൽ മാസം പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ഏകദേശം  4 ദശലക്ഷത്തിലധികം കുട്ടികൾ അവരുടെ വീടുകൾ ഉപേക്ഷിച്ചു, അയൽ രാജ്യങ്ങളായ  ചാഡ്, ഈജിപ്ത്, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്ക് കടന്നിട്ടുണ്ട്. എന്നാൽ ഈ സ്ഥലങ്ങളിലും പട്ടിണിയും, പകർച്ചവ്യാധിയും മൂലം നിരവധിയാളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളത്.

കോളറ, അഞ്ചാംപനി, ഡെങ്കിപ്പനി തുടങ്ങിയ നിലവിലെ പകർച്ചവ്യാധികൾ ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തിന് ഭീഷണിയായി തുടരുന്നു. തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്തതും, സാധനസാമഗ്രികളുടെ ലഭ്യതയില്ലായ്മയും സാമൂഹ്യജീവിതത്തിനു ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. സുഡാനിൽ നടക്കുന്ന യുദ്ധങ്ങൾക്ക് അവസാനം കാണുവാനും, സമാധാനം പുനഃസ്ഥാപിക്കുവാനും ഫ്രാൻസിസ് പാപ്പായും നിരവധിതവണ അഭ്യർത്ഥനകൾ നടത്തിയിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2024, 11:21