യുക്രെയ്നിൽ ഈസ്റ്റർ ഞായറാഴ്ച വൻ ആക്രമണം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
യുക്രെയ്നിലെ ഊർജ്ജ അടിസ്ഥാന സംവിധാനങ്ങളും, പ്രകൃതി വാതക വ്യവസായവും ലക്ഷ്യം വച്ചായിരുന്നു റഷ്യയുടെ അക്രമണം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് പ്രതിരോധ വ്യവസായ സംരംഭങ്ങളിലെ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചു. അതേസമയം, റഷ്യയിലെ സൈറ്റുകളിൽ റോക്കറ്റ് വിക്ഷേപിച്ച് യുക്രേനിയൻ സൈന്യം തിരിച്ചടിക്കുകയും ചെയ്തു.
റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, ഉയർന്ന കൃത്യതയുള്ള ദീർഘദൂര വ്യോമാധിഷ്ഠിത ആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ചു നടത്തിയ ആക്രമണങ്ങൾ നടത്തിയത്. ആക്രമണത്തിനിടെ ഗണ്യമായ എണ്ണം റഷ്യൻ മിസൈലുകളും ഡ്രോണുകളും തടഞ്ഞതായി യുക്രെയ്ന്റെ വ്യോമസേന റിപ്പോർട്ട് ചെയ്തുവെങ്കിലും യുക്രെയ്ന് അനന്തരഫലങ്ങൾ നേരിടേണ്ടി വന്നു.
യുക്രെയ്നിലെ ഒഡെസ മേഖലയിലെ ഊർജ്ജ കേന്ദ്രത്തിൽ തകർന്ന റഷ്യൻ ഡ്രോൺ തീപിടുത്തത്തിന് ഇടയാക്കുകയും, ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ലാത്ത അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. പ്രത്യാക്രമണം നടത്തിയ യുക്രെയ്ൻ റഷ്യൻ അതിർത്തി പ്രദേശമായ ബെൽഗൊറോഡിൽ റോക്കറ്റുകൾ വിക്ഷേപിച്ചു. റഷ്യൻ സൈന്യം നടത്തിയ കൂട്ടക്കൊലയിൽ നശിപ്പിക്കപ്പെട്ട നഗരമായ ബുച്ചയുടെ വിമോചനത്തിന്റെ രണ്ടാം വാർഷികം യുക്രെയ്ൻ അനുസ്മരിക്കുന്ന വേളയിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.
2022 ഫെബ്രുവരിയിൽ റഷ്യയുടെ അധിനിവേശത്തിനു ശേഷം ലക്ഷക്കണക്കിന് ആളുകൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്‌ത ഈ സംഘർഷം ഇരുവശത്തും കനത്ത നാശനഷ്ടം വരുത്തി. മനുഷ്യാവകാശ അന്വേഷകർ മുമ്പ് റഷ്യ കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് സാധാരണ പൗരന്മാരെ കൊല ചെയ്തതിന്റെ വ്യാപ്തിയെയാണ് വെളിപ്പെടുത്തുന്നത്.
സമാധാന ചർച്ചകൾക്കുള്ള ആഹ്വാനങ്ങൾ ഉണ്ടായിരുന്നിട്ടും, യുദ്ധം തീരുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാൻ സാധിക്കുന്നില്ല. വെടികോപ്പുകളുടെ വിതരണം കുറയുന്നത് പോലുള്ള വെല്ലുവിളികൾ യുക്രേനിയൻ സേന അഭിമുഖീകരിച്ചു വരുന്നു. റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റ ശ്രമം തടയാൻ പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. 1,000 കിലോമീറ്ററിലധികം നീണ്ടുനിൽക്കുന്ന മുൻനിര അസ്ഥിരമായി തുടരുകയാണ്. സംഘട്ടനം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം പിടിമുറുക്കുമ്പോൾ, റഷ്യയും യുക്രെയ്നും എങ്ങനെ അത് സാധ്യമാക്കാം എന്നതിൽ ഒത്തുതീർപ്പായിട്ടില്ല. പരിചയസമ്പന്നരായ സൈനികർ മുതൽ ജീവിതത്തിലെ ഏറ്റവും പ്രായം കുറഞ്ഞവർ വരെ, സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോരാടുകയാണ്. നിലവിലെ യുദ്ധത്തിന്റെ സാഹചര്യങ്ങൾ മുൻകാല ഒന്നാം ലോകമഹാ യുദ്ധത്തിന്റെ ഭീകരമായ സാഹചര്യത്തോടു കൂടുതൽ സാമ്യമുള്ളതാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: