തിരയുക

സങ്കീർത്തനചിന്തകൾ - 68 സങ്കീർത്തനചിന്തകൾ - 68 

ഇസ്രയേലിന്റെ രക്ഷകനായ നാഥനെ സ്‌തുതിക്കുക

വചനവീഥി: അറുപത്തിയെട്ടാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
അറുപത്തിയെട്ടാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഗായകസംഘനേതാവിന് ദാവീദിന്റെ സങ്കീർത്തനം, ഒരു ഗീതം എന്ന തലക്കെട്ടോടെയുള്ള അറുപത്തിയെട്ടാം സങ്കീർത്തനം ഇസ്രയേലിന്റെ ചരിത്രപരമായ സംഭവങ്ങൾ അനുസ്മരിക്കുന്ന ഒരു കീർത്തനമാണ്. കൂടാരത്തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രദക്ഷിണത്തിനുവേണ്ടി രചിച്ച ഒരു ഗാനമായിരിക്കാം ഇതെന്ന് കരുതപ്പെടുന്നു. ഇസ്രയേലിന്റെ സഹായകനും രക്ഷകനുമായ ദൈവമായാണ് സങ്കീർത്തകൻ യാഹ്‌വെയെ അവതരിപ്പിക്കുന്നത്. ഇസ്രായേൽക്കാരെ ദൈവം മോചിപ്പിച്ച് മരുഭൂമിയിലൂടെ നടത്തിയതും, ദൈവത്തിന്റെ നഗരമായ സീയോന്റെ മഹിമയും, ആഘോഷകരമായ പ്രദക്ഷിണവും ഒക്കെ സങ്കീർത്തനവരികളിൽ പരാമർശിക്കപ്പെടുന്നുണ്ട്. സകലജനതകളും ഇസ്രയേലിന്റെ ദൈവത്തിന് മുൻപിൽ എത്തുന്നതിനെക്കുറിച്ചും സങ്കീർത്തനകൻ എഴുതുന്നു. ശക്തനായ ദൈവത്തിന്റെ സ്തുതികൾ പാടുവാനും, അവനെ അംഗീകരിക്കുവാനുമുള്ള ക്ഷണവും ഈ കീർത്തനത്തിലൂടെ ദാവീദ് നടത്തുന്നു. പുരാതനഗീതങ്ങളുടെ ഭാഗങ്ങൾ ഒരുമിച്ച് ചേർത്ത് രചിക്കപെട്ടതാകാം ഈ സങ്കീർത്തനമെന്ന് കരുതപ്പെടുന്നു. ദൈവാനുഗ്രഹങ്ങൾ വർണ്ണിക്കുന്ന സങ്കീർത്തനം, ഭാവിയിലും തങ്ങൾക്ക് ദൈവസഹായം ലഭിക്കണമേയെന്ന പ്രാർത്ഥനയും മുന്നോട്ടുവയ്ക്കുന്നുണ്ട്. ന്യായാധിപരുടെ പുസ്തകം അഞ്ചും ആറും അദ്ധ്യായങ്ങൾ ഈ സങ്കീർത്തനത്തിന്റെ രചനയിൽ പ്രേരകമായിട്ടുണ്ട്.

ശത്രുക്കളെ പരാജയപ്പെടുത്തുന്ന സംരക്ഷകൻ

ശത്രുക്കളെ പരാജയപ്പെടുത്തി, നീതിമാന്മാരെ സംരക്ഷിക്കുന്ന ഇസ്രയേലിന്റെ ദൈവത്തെക്കുറിച്ചാണ് സങ്കീർത്തനത്തിന്റെ ഒന്ന് മുതൽ ആറുവരെയുള്ള വാക്യങ്ങളിൽ ദാവീദ് എഴുതുന്നത്. ഇസ്രായേൽ ജനത്തിന്റെ ശത്രുക്കൾ ദൈവത്തിന്റെയും ശത്രുക്കളാണ്. ദൈവത്തിന്റെ സംരക്ഷണം അനുഭവിക്കുന്ന ജനം, അവന്റെ സന്നിധിയിൽ ഉല്ലസിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു (സങ്കീ. 68, 3). മേഘങ്ങളിൽ സഞ്ചരിക്കുന്ന കർത്താവിന് സ്തുതി പാടുവാനും, അവനു സ്തോത്രങ്ങളാലപിക്കുവാനും ദാവീദ് ഇസ്രായേൽ ജനത്തെ ക്ഷണിക്കുന്നു (സങ്കീ. 68, 4). അനാഥർക്ക് പിതാവും, വിധവകൾക്ക് സംരക്ഷകനും, അഗതികൾക്ക് വാസസ്ഥലമൊരുക്കുന്നവനുമാണ് ദൈവം (സങ്കീ. 68, 5-6). തന്റെ ജനത്തിന്റെ മോചകനാണ് അവിടുന്ന്. കലഹപ്രിയർക്ക് ദൈവസന്നിധിയിൽ സ്ഥാനമില്ല ((സങ്കീ. 68, 6). അവരുടെ വാസസ്ഥലം വരണ്ട ഭൂമിയായിരിക്കും. ഇസ്രായേൽജനത്തിന്റെ ശത്രുക്കളെ കർത്താവ് പരാജയപ്പെടുത്തുമെന്നുള്ള വിശ്വാസത്താലാണ് സംരക്ഷകനായ ദൈവത്തെ സ്‌തുതിക്കാൻ സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നത്.

ഈജിപ്തിൽനിന്നുള്ള മോചനവും കാനാൻ ദേശവും

സങ്കീർത്തനത്തിന്റെ ഏഴ് മുതലുള്ള വാക്യങ്ങളിൽ ഈജിപ്തിൽനിന്നുള്ള മോചനം മുതലുള്ള ചരിത്രപരമായ വസ്തുതകളാണ് പരാമർശിക്കപ്പെടുന്നത്. മരുഭൂമിയിലൂടെ ഇസ്രായേൽ ജനം വാഗ്ദത്തനാട്ടിലേക്ക് സഞ്ചരിക്കുമ്പോൾ ദൈവം അവരോടൊപ്പം സഞ്ചരിക്കുന്നതും, അവന്റെ സാന്നിദ്ധ്യത്തിൽ ഭൂമി കുലുങ്ങുന്നതും, ആകാശം മഴ ചൊരിയുന്നതും സങ്കീർത്തകൻ അനുസ്മരിക്കുന്നു (സങ്കീ. 66, 8-9). ദൈവത്തിന്റെ അജഗണമായ ഇസ്രായേൽ ദൈവത്തിന്റെ ഹിതമനുസരിച്ചാണ് തങ്ങളുടെ വാസസ്ഥലം കണ്ടെത്തിയത്. തന്റെ ജനത്തിന് വേണ്ടി സൈന്യങ്ങളെ ചിതറിച്ചോടിച്ചതും, രാജാക്കന്മാരെ പരാജയപ്പെടുത്തിയതും ദൈവമാണെന്ന് ദാവീദ് ജനത്തെ ഓർമ്മിപ്പിക്കുന്നു (സങ്കീ. 66, 12-14). മഞ്ഞുപെയ്യുന്ന സൽമോന്റെയും, ഉത്തുംഗമായ ബാഷൻ പർവ്വതത്തിന്റെയും കാര്യങ്ങൾ പരാമർശിക്കുന്ന ദാവീദ്, കർത്താവ് സീനായിൽനിന്ന് വിശുദ്ധ നഗരത്തിലേക്ക് വന്നത് അവിടം തന്റെ വാസസ്ഥലമായി തിരഞ്ഞെടുത്തുകൊണ്ടാണെന്ന് അനുസ്മരിക്കുന്നു (സങ്കീ. 66, 16).

ദൈവമായ കർത്താവാണ് ജനത്തിന് സംരക്ഷകനായുള്ളതെന്നും, ശത്രുക്കളുടെ ശിരസ്സ് തകർത്ത് ഇസ്രായേൽ ജനത്തെ മോചിപ്പിക്കുന്നതും, തിരികെ സ്വാതന്ത്ര്യത്തിലേക്ക് അവരെ കൊണ്ടുവരുന്നതുമെന്ന് സങ്കീർത്തകൻ വ്യക്തമായി ഉദ്‌ബോധിപ്പിക്കുന്നുണ്ട്. തന്നിൽ അഭയം തേടുകയും, വിശ്വാസമർപ്പിക്കുകയും ചെയ്യുന്ന ജനത്തിന് സംരക്ഷകനും പരിപാലകനുമായി മാറുന്ന ദൈവത്തെ നാം ഈ സങ്കീർത്തനവാക്യങ്ങളിൽ കാണുന്നുണ്ട്. പുറപ്പാട് സംഭവങ്ങളെ ഉദ്ധരിച്ചുകൊണ്ട്, തിരുനാളിൽ സംബന്ധിക്കാനെത്തുന്ന ഇസ്രായേൽ ജനത്തോട്, ആരിലാണ് രക്ഷയും സംരക്ഷണവും തേടേണ്ടതെന്ന് ഓർമ്മിപ്പിക്കുകയാണ് സങ്കീർത്തകൻ.

തിരുനാൾ പ്രദക്ഷിണവും, ദൈവത്തിന്റെ സാന്നിദ്ധ്യവും

ദൈവസാന്നിദ്ധ്യമുള്ള കൂടാരവുമായി ബന്ധപ്പെട്ട കൂടാരത്തിരുനാളിൽ സംബന്ധിക്കാനെത്തുന്നവർക്കുള്ള ഉദ്ബോധനഗീതം കൂടിയാണ് ഈ കീർത്തനമെന്ന് സങ്കീർത്തനത്തിന്റെ ഇരുപത്തിനാല് മുതലുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇസ്രയേലിന്റെ രാജാവായ ദൈവത്തിന്റെ എഴുന്നെള്ളത്തിനെക്കുറിച്ചാണ് സങ്കീർത്തകൻ ഇവിടെ എഴുതുക (സങ്കീ. 66, 24). ഗായകരാലും, വാദ്യമേളക്കാരാലും, തപ്പുകൊട്ടുന്ന കന്യകമാരാലും ആനയിക്കപ്പെടുന്ന കർത്താവിനെ വാഴ്ത്തുവാനും, സ്തുതിക്കുവാനും ദാവീദ് ഏവരെയും ക്ഷണിക്കുന്നു (സങ്കീ. 66, 25-26). നിസ്സാരനെന്ന് കരുതപ്പെടുന്ന ബഞ്ചമിൻ മുതൽ (സങ്കീ. 66, 27) യൂദായിലെയും, സെബലൂണിന്റെയും, നഫ്താലിയുടെയും പ്രഭുക്കന്മാരും ഈ പ്രദക്ഷിണത്തിൽ പങ്കുചേരുന്നുണ്ട്. കൂടാരത്തിരുനാളുമായി ബന്ധപ്പെട്ട പ്രദക്ഷിണത്തിൽ പങ്കുചേരുന്ന വലിയവരെയും ചെറിയവരെയും, സകല ജനതകളെയുമായിരിക്കണം ഈ വാക്യങ്ങളിലൂടെ സങ്കീർത്തകൻ വിവക്ഷിക്കുന്നത്. വിശുദ്ധനഗരത്തിലെത്തിയ ജനാവലിക്ക് മുന്നിൽ തന്റെ ശക്തി പ്രകടിപ്പിക്കാൻ സങ്കീർത്തകൻ ദൈവത്തോട് അപേക്ഷിക്കുന്നു (സങ്കീ. 66, 28).

ഇസ്രയേലിന്റെ നാഥനായ ദൈവത്തെ സകലരും വണങ്ങുകയും ആരാധിക്കുകയും അംഗീകരിക്കുകയും ചെയ്യണം എന്ന ഒരു ആശയം കൂടി സങ്കീർത്തകൻ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇരുപത്തിയൊൻപത് മുതലുള്ള വാക്യങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. രാജാക്കന്മാർ ദേവാലയത്തിലേക്ക് കാഴ്ചകൾ കൊണ്ടുവരുന്നതിനെ സങ്കീർത്തകൻ അനുസ്മരിക്കുന്നു (സങ്കീ. 66, 29). വന്യമൃഗങ്ങളെയും, കാളക്കൂറ്റന്മാരുടെ കൂട്ടത്തെയും, കപ്പം കൊതിക്കുന്നതും, യുദ്ധപ്രിയരുമായ ജനതകളെയും പരാമർശിക്കുന്നതിലൂടെ ഇസ്രയേലിന്റെ ദൈവത്തിന്റെ പദ്ധതികൾക്കെതിരായി നിൽക്കുന്ന ആളുകളെക്കുറിച്ചാകണം സങ്കീർത്തകൻ എഴുതുന്നത്. ആകാശങ്ങളിൽ സഞ്ചരിക്കുന്ന, ശക്തനായ ദൈവത്തിന്റെ സന്നിധിയിലേക്ക് എത്താനും, ഇസ്രായേലിൽ തന്റെ മഹത്വം വെളിവാക്കുകയും, തന്റെ ശക്തി പ്രകടിപ്പിക്കുകയും ചെയ്‌ത ദൈവത്തെ ഏറ്റുപറയുവാനും അവനു സ്തുതികളാലപിക്കാനും ഭൂമിയിലെ സകല രാജ്യങ്ങളെയും, അതുവഴി സകലരെയും സങ്കീർത്തനം ആഹ്വാനം ചെയ്യുന്നു. ശക്തനും ഭീതിദനുമായ ഇസ്രയേലിന്റെ ദൈവം, തന്റെ ജനത്തിന് ശക്തിയും അധികാരവും പ്രദാനം ചെയ്യുന്നവനാണ് (സങ്കീ. 66, 30-35).

സങ്കീർത്തനം ജീവിതത്തിൽ

നീതിമാന്മാർക്ക് സംരക്ഷണവും, തന്നിൽ അഭയം തേടുന്നവർക്ക് ആശ്വാസവും നൽകുന്ന കർത്താവിനോട് ചേർന്ന് നിൽക്കാൻ സകല ജനതകളെയും, പ്രത്യേകിച്ച്, കൂടാരത്തിരുനാളിൽ സംബന്ധിക്കാൻ വിവിധയിടങ്ങളിൽനിന്നായി ജെറുസലേമിലെത്തുന്ന ഇസ്രായേൽ ജനത്തെയും ആഹ്വാനം ചെയ്യുന്ന ചരിത്രപരമായ ഒരു ഉദ്ബോധനഗീതമാണ് അറുപത്തിയെട്ടാം സങ്കീർത്തനമെന്ന് നാം കണ്ടു. ചരിത്രപരമായ പരാമർശങ്ങളിലൂടെയാണ് ദാവീദ് ഇസ്രായേൽ ജനത്തിനും, ജനതകൾക്കും, നമുക്കും ഈ ക്ഷണം നൽകുന്നത്. അടിമത്തങ്ങളിൽനിന്ന് മോചിപ്പിച്ച്, സീയോൻ പോലെ ഉന്നതമായ ഗിരിശൃംഗങ്ങളിലേക്ക് നമ്മെ നയിക്കുവാൻ കഴിവുള്ള ദൈവമാണ് ഇസ്രയേലിന്റെ ദൈവമെന്ന ഒരു തിരിച്ചറിവിലേക്ക് മനസ്സ് തുറക്കുവാനുള്ള ആഹ്വാനമാണ് ഈ കീർത്തനം. നമ്മോടൊത്തായിരിക്കുന്ന, നമുക്കൊപ്പം സഞ്ചരിക്കുന്ന, നേരായ മാർഗ്ഗത്തിൽ ചരിക്കാൻ നമ്മെ നയിക്കുന്ന ദൈവത്തെ അംഗീകരിക്കാനും, ലോകത്തിന് മുൻപിൽ അവന്റെ സ്തുതികൾ ആലപിക്കാനും സങ്കീർത്തകൻ നമ്മെയും ക്ഷണിക്കുന്നു. അവന്റെ ശക്തി തിരിച്ചറിയുകയും അവനിൽ അഭയം കണ്ടെത്തുകയും ചെയ്യാം. പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് മോചനമേകി, ജീവന്റെയും മഹത്വത്തിന്റെയും സീയോൻമലയിൽ, തന്റെ സന്നിധിയിൽ ആനന്ദത്തോടെയും ആഹ്ളാദത്തോടെയും ആയിരിക്കാൻ ദൈവം നമ്മെയും അനുഗ്രഹിക്കട്ടെ. എന്നും എല്ലായ്‌പ്പോഴും ദൈവം വാഴ്ത്തപ്പെടട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 April 2024, 15:30