തിരയുക

സങ്കീർത്തനചിന്തകൾ - 71 സങ്കീർത്തനചിന്തകൾ - 71 

വിശ്വാസിയായ വയോധികന്റെ വിലാപകീർത്തനം

വചനവീഥി: എഴുപത്തിയൊന്നാം സങ്കീർത്തനം - ധ്യാനാത്മകമായ ഒരു വായന.
എഴുപത്തിയൊന്നാം സങ്കീർത്തനം - ഒരു വിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിവിധ സങ്കീർത്തനഭാഗങ്ങൾ ഉൾക്കൊള്ളുന്ന എഴുപത്തിയൊന്നാം സങ്കീർത്തനം വയോധികനായ ഒരു വിശ്വാസിയുടെ വിലാപഗാനമാണ്. പ്രായാധിക്യം മൂലം ശക്തി ക്ഷയിക്കുകയും, മരണം സമീപിക്കുകയും ചെയ്യുമ്പോഴും വിശ്വാസിയായ ഈ വയോധികൻ ദൈവകരുണയ്ക്കായും, തനിക്കെതിരെ സ്വരമുയർത്തുന്ന ദുഷ്ടർക്കെതിരായും ദൈവത്തോട് പ്രാർത്ഥിക്കുന്നു. സഹനം ദൈവശിക്ഷയുടെ ഭാഗമാണെന്ന ചിന്ത ഈ സങ്കീർത്തനത്തിലും നമുക്ക് കാണാം. എന്നാൽ തന്റെ സുദീർഘമായ വിശ്വാസജീവിതത്തിന്റെ പശ്ചാത്തലത്തിൽ, തന്നിൽ ശരണമർപ്പിക്കുന്ന വിശ്വാസിയോട് ക്ഷമിക്കുവാനും, അവനെ അനുഗ്രഹിക്കുവാനും, അവനെതിരെ നിൽക്കുന്ന ദുഷ്ടരെ ശിക്ഷിക്കുവാനും കഴിവുള്ള ദൈവത്തോടാണ് സങ്കീർത്തകൻ പ്രാർത്ഥിക്കുന്നത്. ശാന്തവും സമാധാനപൂർണ്ണവുമായ ഒരു വാർദ്ധക്യകാലത്തിനായാണ് സങ്കീർത്തകൻ ദൈവത്തോട് അപേക്ഷിക്കുന്നത്. വിവിധ സങ്കീർത്തനഭാഗങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ഈ സങ്കീർത്തനം രചിക്കപ്പെട്ടത് വൈകിയാകാമെന്ന് കരുതപ്പെടുന്നു. സഹനങ്ങളും പരിഹാസങ്ങളും, നിരാശയും ദുഃഖവും നിറച്ച ഒരു ജീവിതാവസ്ഥയിൽനിന്ന് വിശ്വാസത്തിന്റെ ശക്തിയാൽ പ്രത്യാശയുടെയും രക്ഷയുടെയും അനുഭവത്തിലേക്കാണ് സങ്കീർത്തനത്തിലെ വയോധികൻ നടന്നെത്തുന്നത്.

സഹായത്തിനായുള്ള അപേക്ഷ

പ്രായാധിക്യത്തിന്റെ പ്രയാസങ്ങളിൽ ആയിരിക്കുന്ന ഒരു വിശ്വാസി, താൻ അനുഭവിക്കുന്ന വേദനകളും, തന്റെ സഹനത്തിന്റെ ആഴം കൂട്ടുന്ന ശത്രുക്കളുടെ പരിഹാസങ്ങളും ദൈവസന്നിധിയിൽ ഏറ്റുപറഞ്ഞ്, സഹായത്തിനും ആശ്വാസത്തിനുമായി അപേക്ഷിക്കുന്നതാണ് എഴുപത്തിയൊന്നാം സങ്കീർത്തനത്തിൽ നാം കാണുന്ന പ്രധാനപ്പെട്ട ചിന്ത. വയോധികനായ ഈ മനുഷ്യനനുഭവിക്കുന്ന കഷ്ടതകൾ, ദൈവശിക്ഷയുടെ ഭാഗമാണെന്ന വ്യഖ്യാനമാണ് അവന്റെ ശത്രുക്കൾ നൽകുന്നത്. എന്നാൽ വിടുതലിന്റെ അനുഭവമേകുന്ന, ആശ്വാസവും സംരക്ഷണവുമേകുന്ന ദൈവത്തിലാണ് സങ്കീർത്തകൻ ആശ്രയിക്കുന്നത്. "കർത്താവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ!" (സങ്കീ. 71, 1) എന്ന ഒന്നാം വാക്യം മുതലുള്ള ഭാഗത്ത്, ദൈവത്തിലുള്ള ഉറച്ച വിശ്വാസവും, ശരണവും, അവനെക്കുറിച്ചുള്ള ഉറപ്പുമാണ് നാം കാണുന്നത്. തന്നിൽ അഭയം തേടുന്നവരെ ഉപേക്ഷിക്കാത്ത, തന്നോട് ചേർന്ന് നിൽക്കുന്നവരെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ നീതിയിലാണ് സങ്കീർത്തകൻ ശരണമർപ്പിക്കുന്നത്. തന്റെ ബലഹീനതയിൽ, ദൈവത്തിലാണ് അവൻ കരുത്തുറ്റ അഭയശില കണ്ടെത്തുന്നത് (സങ്കീ. 71, 3).

നീതികെട്ട ദുഷ്ടന്റെ പിടിയിൽനിന്ന് വിടുവിക്കണമേയെന്ന് (സങ്കീ. 71, 4) പ്രാർത്ഥിക്കുന്ന സങ്കീർത്തകന് ദൈവത്തോട് വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ കരുത്ത് നൽകുന്നത് അവൻ തന്റെ ജീവിതകാലം മുഴുവൻ കൊണ്ടുനടന്ന വിശ്വാസമാണ്. "കർത്താവേ, അങ്ങാണ് എന്റെ പ്രത്യാശ, ചെറുപ്പം മുതൽ അങ്ങാണ് എന്റെ ആശ്രയം. ജനനം മുതൽ ഞാൻ അങ്ങയെ ആശ്രയിച്ചു. മാതാവിന്റെ ഉദരത്തിൽനിന്ന് അങ്ങാണ് എന്നെ എടുത്തത്; ഞാൻ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു" (സങ്കീ. 71, 5-6) എന്ന സങ്കീർത്തനവാക്യങ്ങൾ സങ്കീർത്തകന്റെ ഈയൊരു ജീവിതാനുഭവമാണ് വ്യക്തമാക്കുന്നത്. ഈയൊരർത്ഥത്തിൽ, താൻ അനുഭവിച്ചുപോന്ന ദൈവാനുഗ്രഹത്തിന്റെ തുടർച്ചയ്ക്കായാണ് സങ്കീർത്തകൻ അപേക്ഷിക്കുന്നതെന്ന് നമുക്ക് കാണാം. ദൈവവിശ്വാസത്തിലും ശരണത്തിലും ജീവിക്കുന്ന ഒരു മനുഷ്യൻ അനുഭവിക്കേണ്ടിവരുന്ന സഹനങ്ങൾ, അത്ഭുതത്തോടെയാണ് മറ്റുള്ളവർ നോക്കിക്കണ്ടത് (സങ്കീ. 71, 7) എങ്കിലും, തനിക്ക് ദൈവത്തിൽനിന്ന് തുടർച്ചയായി ലഭിച്ച അനുഗ്രഹങ്ങളുടെ ഓർമ്മയിൽ "എന്റെ അധരങ്ങൾ സദാ അങ്ങയെ സ്തുതിക്കുന്നു; അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു" (സങ്കീ. 71, 8) എന്ന് സങ്കീർത്തകൻ ദൈവത്തോട് പറയുന്നു. വാർദ്ധക്യം മൂലം തന്റെ ബലം ക്ഷയിക്കുമ്പോഴും, തന്നെ തള്ളിക്കളയരുതേയെന്നും, ഉപേക്ഷിക്കരുതേയെന്നും (സങ്കീ. 71, 9) വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ അവന് കരുത്തേകുന്നത് ബാല്യം മുതലുള്ള അവന്റെ കരുത്തുറ്റ വിശ്വാസമാണ്.

ശത്രുക്കളുടെ മുന്നിലും തളരാത്ത വിശ്വാസം

സഹനങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്ന വയോധികനായ സങ്കീർത്തകനിലെ വിശ്വാസി നേരിടുന്ന ഭീഷണികളും, എന്നാൽ അവയെ കവച്ചുവയ്ക്കുന്ന സങ്കീർത്തകന്റെ വിശ്വാസവുമാണ് സങ്കീർത്തനത്തിന്റെ രണ്ടാം ഭാഗത്ത് നമുക്ക് കാണാനാകുക. "ദൈവം അവനെ പരിത്യജിച്ചിരിക്കുന്നു", "അവനെ രക്ഷിക്കാനാരുമില്ല" (സങ്കീ. 71, 11) എന്നു പറഞ്ഞുകൊണ്ടാണ് സങ്കീർത്തകനെ ശത്രുക്കൾ പിന്തുടരുന്നതും, അവന്റെ ജീവനെ വേട്ടയാടുന്നതും (സങ്കീ. 71, 10). സഹനങ്ങളെയും വീഴ്ചകളെയും ബലഹീനതകളെയും ദൈവത്തിന്റെ ശിക്ഷയായി വ്യാഖ്യാനിക്കുന്ന തിന്മയുടെ മനോഭാവമാണ് ഇവിടെ നമുക്ക് കാണാനാകുന്നത്.

തന്റെ സഹനങ്ങളെ ദൈവത്തിന്റെ ശിക്ഷയായി കരുതുന്ന ശത്രുക്കളുടെ മുന്നിൽ, കൂടുതൽ ശക്തിയോടെയും വിശ്വാസത്തോടെയും "ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ! എന്റെ ദൈവമേ, എന്നെ സഹായിക്കാൻ വേഗം വരണമേ! (സങ്കീ. 71, 12) എന്ന് അപേക്ഷിക്കുന്ന സങ്കീർത്തകൻ, തന്റെ ശത്രുക്കളെ ദൈവം അവരെ സംഹരിക്കുകയും, ലജ്ജ കൊണ്ട് മൂടുകയും ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നു (സങ്കീ. 71, 13). വിശ്വാസത്തിനെതിരെ സ്വരമുയർത്തുന്നവരുടെ തോൽവി മാത്രമല്ല, അവരുടെ വിശ്വാസ്യതകൂടി ഇല്ലാതാക്കാനാണ് സങ്കീർത്തകൻ ദൈവത്തോട് ആവശ്യപ്പെടുന്നത്. തന്റെ മാനുഷികമായ അറിവിന് അപ്രാപ്യമായ നീതിയുടെ പ്രവൃത്തികളാണ് ദൈവത്തിന്റേതെങ്കിലും, എപ്പോഴും പ്രത്യാശയുള്ളവനായി ദൈവത്തെ സ്തുതിക്കാനും, അവന്റെ രക്ഷാകരമായ പ്രവൃത്തികൾ പ്രഘോഷിക്കാനും സങ്കീർത്തകൻ ആഗ്രഹിക്കുന്നു (സങ്കീ. 71, 14-16).

പ്രത്യാശയും സ്തുതിയും

ചെറുപ്പം മുതൽ തന്റെ ജീവിതവഴികളിൽ തുണയായി നിന്ന, തനിക്ക് ഉദ്ബോധനവും, അനുഗ്രഹങ്ങളും നൽകിയ ദൈവത്തിലുള്ള പ്രത്യാശ നൽകുന്ന കരുത്തോടെ ദൈവസ്‌തുതികൾ ആലപിച്ച് ജീവിക്കാനുള്ള സങ്കീർത്തകന്റെ തീരുമാനമാണ് സങ്കീർത്തനത്തിന്റെ അവസാനഭാഗത്തേക്ക് കടന്നുവരുമ്പോൾ നമുക്ക് കാണാനാകുക. "ദൈവമേ, ചെറുപ്പം മുതൽ എന്നെ അങ്ങ് പരിശീലിപ്പിച്ചു" (സങ്കീ. 71, 17a) എന്ന് തുടങ്ങുന്ന പതിനേഴാം വാക്യം, സങ്കീർത്തകന്റെ ജീവിതത്തിൽ ഇന്നുവരെ അവൻ വച്ചുപുലർത്തിയ വിശ്വാസസ്ഥിരതകൂടി വ്യക്തമാക്കുന്നുണ്ട്. ബാല്യത്തിന്റെ ദിനങ്ങളിൽ തുടങ്ങി, യവ്വനത്തിലും വാർദ്ധക്യത്തിലും അവൻ കടന്നുപോയിരിക്കാവുന്ന വ്യത്യസ്തങ്ങളായ അനുഭവങ്ങളുടെ മുന്നിലും അവൻ ദൈവത്തിൽനിന്ന് അകന്നുപോയിട്ടില്ല എന്ന ഒരു ചിന്ത ഈ വാക്യങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ദൈവത്തിന്റെ അതുല്യമായ, ആകാശത്തോളമെത്തുന്ന ശക്തിയും നീതിയും സങ്കീർത്തകൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു (സങ്കീ. 71, 19).

ദാരുണമായ കഷ്ടതകളിലൂടെ കടന്നുപോകുമ്പോഴും, ദൈവം തനിക്ക് നവജീവൻ നൽകുമെന്നും, എത്ര അഗാധമായ ദുരിതങ്ങളിലാണ് താൻ പതിച്ചതെങ്കിലും അവിടെനിന്ന് അവൻ തന്നെ കര കയറ്റുമെന്നും, അവൻ തന്റെ മഹത്വം വർദ്ധിപ്പിക്കുകയും തന്നെ ആശ്വസിപ്പിക്കുകയും ചെയ്യുമെന്നും (സങ്കീ. 71, 20-21) സങ്കീർത്തകന് ബോധ്യമുണ്ട്. ഇസ്രയേലിന്റെ ദൈവമായ കർത്താവിൽ താൻ അനുഭവിച്ചറിഞ്ഞ തകരാത്ത വിശ്വസ്‌തത നിമിത്തം അവനെ വീണ വായിച്ചും, കിന്നാരം മീട്ടിയും  പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുമെന്നും, ദൈവം രക്ഷിച്ച തന്റെ ആത്മാവും,  തന്റെ അധരങ്ങളും, നാവും ദൈവത്തിൽ ആനന്ദിക്കുകയും, അവനെ പ്രകീർത്തിക്കുകയും അവന്റെ സഹായത്തെ പ്രഘോഷിക്കുകയും ചെയ്യുമെന്നും (സങ്കീ. 71, 22-23) വാഗ്ദാനം ചെയ്യുന്ന സങ്കീർത്തകൻ, തന്നെ ദ്രോഹിക്കുന്നവരുടെമേലുള്ള ദൈവത്തിന്റെ വിജയം ഏറ്റുപറഞ്ഞുകൊണ്ടാണ് (സങ്കീ. 71, 24) തന്റെ പ്രാർത്ഥനാഗീതം അവസാനിപ്പിക്കുന്നത്.

സങ്കീർത്തനം ജീവിതത്തിൽ

ജീവിതത്തിലെ തകർച്ചകളുടെയും ദുരിതങ്ങളുടെയും, ശത്രുക്കളുയർത്തുന്ന പരിഹാസങ്ങളുടെയും, ദൈവനിന്ദയുടെയും മുന്നിൽ, ബാല്യം മുതൽ താൻ പരിശീലിച്ച ദൈവവിശ്വാസം കൈവെടിയാത്ത, അവനിൽ കൂടുതലായി ആശ്രയിക്കുകയും, ആ വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്ന വയോധികനായ ഒരു വിശ്വാസിയുടെ വിലാപഗാനമായ എഴുപത്തിയൊന്നാം സങ്കീർത്തനം, വിശ്വാസപാതയിൽ പ്രലോഭനങ്ങളുടെയും പ്രയാസങ്ങളുടെയും മദ്ധ്യേ ആടിയുലയുന്ന ഓരോ വ്യക്തികൾക്കുമുള്ള ദൈവത്തിന്റെ പ്രബോധനാഗീതമാണ്. സഹനങ്ങളെയും, ദുരിതങ്ങളെയും, പരാജയങ്ങളെയും, വീഴ്ചകളെയും ദൈവത്തിന്റെ ശിക്ഷയായി കാണുന്നതിന് പകരം, അവനിലേക്ക് വർദ്ധിച്ച വിശ്വാസത്തോടെ അടുക്കുവാനും, അവനിൽ രക്ഷയും സഹായവും കണ്ടെത്തുവാനും നമുക്ക് പരിശ്രമിക്കാം. നമ്മുടെ അറിവിനും ഉപരിയായ ദൈവനീതിയും കാരുണ്യപ്രവൃത്തികളും നേടിയെടുക്കാൻ തക്ക ദൈവസ്നേഹവും ശരണവും നമ്മിലുണ്ടാകട്ടെ. ഏതൊരാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും, നമ്മുടെ നാവിലും അധരങ്ങളിലും ദൈവസ്‌തുതിയുടെയും ആരാധനയുടെയും വാക്കുകളുണ്ടാകട്ടെ. ഇസ്രയേലിന്റെ നാഥനായ കർത്താവ് അതുല്യമായ തന്റെ നീതിയാൽ, നമ്മെ സഹനത്തിന്റെയും ദുഃഖത്തിന്റെയും ആഴങ്ങളിൽനിന്ന് കരകയറ്റി, നമ്മിൽ നവജീവൻ നിറയ്ക്കുകയും, അവസാനിക്കാത്ത ആശ്വാസവും ആനന്ദവും നമ്മുടെ ഹൃദയങ്ങളിൽ പകരുകയും ചെയ്യട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 April 2024, 16:42