തിരയുക

കോംഗോ സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ കോംഗോ സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ   (ANSA)

കോംഗോയിൽ അരക്ഷിതാവസ്ഥ വർധിക്കുന്നു

കോംഗോ സൈന്യത്തിന്റെ ശക്തി ക്ഷയിക്കുന്നതോടെ എം 23 എന്ന ഗറില്ലാ സായുധ സംഘം ആക്രമണങ്ങൾ അഴിച്ചുവിടുന്നതുമൂലം, ഗോമയിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കോംഗോ സൈന്യത്തിന്റെ ശക്തി ക്ഷയിക്കുന്നതോടെ എം 23 എന്ന ഗറില്ലാ സായുധ സംഘം ആക്രമണങ്ങൾ അഴിച്ചുവിടുന്നതുമൂലം,  ഗോമയിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുന്നുവെന്ന് കിൻഷാസയുടെ മെത്രാപോലീത്ത കർദിനാൾ ഫ്രിഡോലിൻ അംബോംഗോ ബെസുംഗു പറഞ്ഞു. ഇത് പൊതുവായ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് എല്ലാവരും.

സർക്കാരിന് വേണ്ടി നിലകൊള്ളുമെന്ന പ്രതീക്ഷയിൽ ആയുധങ്ങൾ നൽകിയ തീവ്രവാദി സംഘങ്ങളെല്ലാം ഇപ്പോൾ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നതും, സമൂഹത്തിൽ അക്രമം അഴിച്ചു വിടുന്നത് പതിവായിരിക്കുകയുമാണ്.  ഈ സായുധ സംഘങ്ങളെ നിയന്ത്രിക്കുന്നത് ഇന്ന് ഏറെ ബുദ്ധിമുട്ടാണെന്നും കർദിനാൾ അടിവരയിട്ടു.

പൗരന്മാരെ കൊള്ളയടിക്കുക, മോഷണങ്ങളും കൊലപാതകങ്ങളും നടത്തുക,  ധാതുക്കളുടെ അനധികൃത വ്യാപാരത്തിൽ ഏർപ്പെടുക എന്നീ കാര്യങ്ങളിൽ ഈ സായുധ സംഘങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയത് സർക്കാർ തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോംഗോയുടെ പല സ്ഥലങ്ങളിലും പ്രത്യേകമായി കിഴക്കൻ പ്രവിശ്യയിൽ സഭയും ഏറെ വെല്ലുവിളികളും, അക്രമങ്ങളും നേരിടുന്നതായും അദ്ദേഹം പങ്കുവച്ചു. വേദനാജനകമായ ഈ സമയത്ത് ജനങ്ങളുടെ കൂടെ നിൽക്കുന്ന മെത്രാന്മാരുടെ നിസ്വാർത്ഥ സ്നേഹത്തെയും കർദിനാൾ അടിവരയിട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 April 2024, 13:00