ഉക്രൈൻ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറുകൾ സമ്മാനിച്ച് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റഷ്യ-ഉക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ സമ്മാനിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഉക്രൈൻ വിദ്യാഭ്യാസ, ശാസ്ത്രകാര്യങ്ങൾക്കായുള്ള മന്ത്രാലയത്തിന്റെയും, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തിനെത്തിയ നിരവധി സംഘടനകളുടെയും, സർക്കാരുകളുടെയും സഹായത്തോടെയാണ് യൂണിസെഫ് ഈ പരിശ്രമം വിജയിപ്പിച്ചത്. മുപ്പത്തിയൊൻപതിനായിരം ലാപ്ടോപ്പുകളാണ് ഇത്തവണ സംഘടന വിതരണം ചെയ്‌തത്.
വിദ്യാഭ്യാസം നേടുക എന്നത് എല്ലാ കുട്ടികളുടെയും പ്രാഥമികമായ അവകാശങ്ങളിൽ ഒന്നാണെന്ന്, ഇത് സംബന്ധിച്ച് ഏപ്രിൽ പതിനെട്ട് വ്യാഴാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിൽ, ഉക്രൈനിലേക്കുള്ള യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സാദേ പ്രസ്താവിച്ചു. നിലവിലെ യുദ്ധം മൂലം, വിദ്യാഭ്യാസത്തിനുള്ള തങ്ങളുടെ മൗലികാവകാശം ഉക്രൈനിലെ കുട്ടികൾക്ക് നിഷേധിക്കപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"വിദ്യാഭ്യാസത്തിനായുള്ള ആഗോള പങ്കാളിത്തം" (Global Partnership for Education), യൂറോപ്യൻ യൂണിയൻ എന്നിവയുടെ സഹായത്തോടെയാണ് ഇത്തവണ വിതരണം ചെയ്യപ്പെട്ട കമ്പ്യൂട്ടറുകൾ യൂണിസെഫ് വാങ്ങിയത്. കുടിയൊഴിപ്പിക്കപ്പെട്ടവരും, അംഗവൈകല്യമുള്ളവരും, ദരിദ്രരുമായ കുട്ടികൾക്കാണ് ഇവ നൽകപ്പെട്ടത്.
അതിർത്തിപ്രദേശങ്ങളിൽ താമസിക്കുന്നവരും, സ്‌കൂളുകളിൽ ആവശ്യത്തിന് സുരക്ഷാതാവളങ്ങൾ ഇല്ലാത്തതുമായ കുട്ടികൾക്ക് തങ്ങളുടെ സമപ്രായക്കാരായ മറ്റു കുട്ടികൾക്കൊപ്പം വിദ്യാഭ്യാസം നേടാനുള്ള സാധ്യത ഉറപ്പാക്കാനായി കഴിയുന്നത്ര സഹായങ്ങൾ ചെയ്യണമെന്നും, ഇപ്പോൾ നൽകപ്പെട്ട കമ്പ്യൂട്ടറുകൾ അതിന് സഹായിക്കുമെന്നും, ഉക്രൈൻ സർക്കാരിലെ വിദ്യാഭ്യാസത്തിനും ശാസ്ത്രകാര്യങ്ങൾക്കായുള്ള മന്ത്രി ഓക്സൺ ലിസോവി പറഞ്ഞു. കമ്പ്യൂട്ടറുകൾ എത്തിച്ചവർക്ക് നന്ദി പറഞ്ഞ അദ്ദേഹം, ഇത് ഭാവിയിലേക്കുള്ള ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് പ്രസ്താവിച്ചു.
യൂറോപ്യൻ യൂണിയന്റെയും, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ സർക്കാരുകളുടെയും സഹായത്തോടെ യൂണിസെഫ് വാങ്ങിയ അൻപതിനായിരം കമ്പ്യൂട്ടറുകൾ സംഘടന ഉക്രൈനിലെ കുട്ടികൾക്ക് മുൻപ് വിതരണം ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: